Connect with us

Editorial

അസര്‍ബൈജാനില്‍ നിന്ന് നല്ല വാര്‍ത്തകളുണ്ടാകുമോ?

അന്തര്‍ദേശീയ കാലാവസ്ഥാ കണ്‍വെന്‍ഷനുകളിലെ അംഗരാജ്യങ്ങളുടെ പ്രതിനിധികളും നിരീക്ഷകരും അടങ്ങുന്ന സംഘം കൂലങ്കഷമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നുണ്ട്. പക്ഷേ, പ്രതീക്ഷാനിര്‍ഭരമായ തീരുമാനങ്ങളൊന്നും ബാകുവില്‍ നിന്നുണ്ടാകില്ലെന്ന നിരാശയാണ് സമ്മേളനത്തിന്റെ ഒരു വാരം കടന്നു പോകുമ്പോള്‍ ഉയരുന്നത്.

Published

|

Last Updated

കാലാവസ്ഥാ വ്യതിയാനം ഇന്ന് സുദീര്‍ഘ വിശദീകരണം ആവശ്യമുള്ള ശാസ്ത്രീയ സങ്കല്‍പ്പമല്ല. പരിസ്ഥിതി ഗവേഷകരുടെ കടിച്ചാല്‍ പൊട്ടാത്ത വിഷയവുമല്ല. മനുഷ്യ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന യാഥാര്‍ഥ്യമായി അത് മാറിയിരിക്കുന്നു. ഇങ്ങ് മുണ്ടക്കൈയിലെ മേഘവിസ്‌ഫോടനം തൊട്ട് അങ്ങ് സ്‌പെയിനിലെ വെള്ളപ്പൊക്കം വരെ കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തര ഫലങ്ങളായാണ് അടയാളപ്പെടുത്തുന്നത്. കയറിക്കയറി വന്ന് രാജ്യങ്ങളെ തന്നെ മുക്കിക്കളയാന്‍ പോകുന്ന കടല്‍, ഉരുകിയൊലിക്കുന്ന ധ്രുവഹിമപാളികള്‍, ഒരു കാലചക്രത്തിനും പിടിതരാത്ത മഴ, കൊടും വേനല്‍, തണുപ്പകന്ന ശൈത്യ മേഖലകള്‍, ഒരു വാക്‌സീനും കീഴ്‌പ്പെടാത്ത രോഗങ്ങള്‍. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഭൂമുഖത്തെ സര്‍വ ജീവജാലങ്ങളുടെയും ജീവിതക്രമത്തില്‍ അപരിഹാര്യമായ ആഘാതങ്ങള്‍ ഏല്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. പരിസ്ഥിതി നിരീക്ഷകര്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് നിരാശാജനകമായ ഭാവി പ്രവചിക്കാനല്ല. മറിച്ച് വര്‍ത്തമാനകാലത്തിന്റെ കരുതല്‍ ഒറ്റക്കെട്ടായി സാധ്യമാക്കാന്‍ വേണ്ടിയാണ്. പരിസ്ഥിതി തീവ്രവാദവും പരിസ്ഥിതി ഉത്കണ്ഠകളും രണ്ടായി തന്നെ കാണേണ്ടിയിരിക്കുന്നു. ഈ ദിശയിലുള്ള ലോകത്തെ ഏറ്റവും വലിയ സംഗമമാണ് അസര്‍ബൈജാനിലെ ബാകുവില്‍ നടക്കുന്നത്. കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് (കോപ് 29) എന്ന പേരില്‍ അറിയപ്പെടുന്ന യു എന്‍ പ്രതിവര്‍ഷ കാലാവസ്ഥാ ഉച്ചകോടിയുടെ പുതിയ പതിപ്പ് 11ന് തുടങ്ങി, 22ന് അവസാനിക്കും. അന്തര്‍ദേശീയ കാലാവസ്ഥാ കണ്‍വെന്‍ഷനുകളിലെ അംഗരാജ്യങ്ങളുടെ പ്രതിനിധികളും നിരീക്ഷകരും അടങ്ങുന്ന സംഘം കൂലങ്കഷമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നുണ്ട്്. പക്ഷേ, പ്രതീക്ഷാനിര്‍ഭരമായ തീരുമാനങ്ങളൊന്നും ബാകുവില്‍ നിന്നുണ്ടാകില്ലെന്ന നിരാശയാണ് സമ്മേളനത്തിന്റെ ഒരു വാരം കടന്നു പോകുമ്പോള്‍ ഉയരുന്നത്.

ആഗോളതാപനം വ്യവസായവത്കരണത്തിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസില്‍ കവിയാതെ നോക്കുകയെന്ന പാരീസ് ഉടമ്പടിയുടെ ലക്ഷ്യം സാധ്യമാക്കാന്‍ എന്ത് ചെയ്യാനാകുമെന്നത് തന്നെയാണ് ബാകുവിലെയും പ്രധാന ചര്‍ച്ച. ഇതിനായി കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി കുറക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്വം വഹിക്കേണ്ടത് വികസിത രാജ്യങ്ങളാണെന്ന നിലപാട് ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ അസര്‍ബൈജാനിലും ഉയര്‍ത്തുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉത്തരവാദികളായ വികസിത രാജ്യങ്ങള്‍ ഇതിനകം വമ്പന്‍ വ്യാവസായിക പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള വ്യവസായവത്കരണം അവരാണ് വെട്ടിക്കുറക്കേണ്ടതെന്നും വികസ്വര രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. യു എസില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ഈ ചര്‍ച്ചകളില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള ഒരു ദൗത്യത്തിലും പണം മുടക്കുകയോ സഹകരിക്കുകയോ ചെയ്യില്ലെന്ന നിലപാട് ട്രംപിന്റെ ഒന്നാമൂഴത്തില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. രണ്ടാമൂഴത്തില്‍ “അമേരിക്ക ഫസ്റ്റ്’ നയം ശക്തമായി തുടരാന്‍ പോകുന്ന ട്രംപില്‍ നിന്ന് ഒരു സഹകരണവും പ്രതീക്ഷിക്കാനാകില്ലെന്ന് മാത്രമല്ല, മറ്റ് രാജ്യങ്ങളെ കൂടി പിന്തിരിപ്പിക്കാനുള്ള ശ്രമം നടക്കുകയും ചെയ്യും.
ഇത്തവണത്തെ സമ്മേളന വേദിയെ കുറിച്ച് വന്‍ വിവാദമുയരുന്നുണ്ട്. ലോകത്ത് പെട്രോളിയം ഖനനം വ്യാവസായിക അടിസ്ഥാനത്തില്‍ ആദ്യം തുടങ്ങിയ രാജ്യങ്ങളിലൊന്നായ അസര്‍ബൈജാന്റെ കയറ്റുമതി വരുമാനത്തില്‍ 90 ശതമാനവും പെട്രോ വ്യവസായ മേഖലയില്‍ നിന്നാണ്. ഇത്തരമൊരു രാജ്യത്തിരുന്ന് ഫോസില്‍ ഇന്ധന ഉപഭോഗം വെട്ടിക്കുറക്കുന്നത് എങ്ങനെ ചര്‍ച്ച ചെയ്യുമെന്നാണ് ആക്ടിവിസ്റ്റുകള്‍ ചോദിക്കുന്നത്. ഇത്തരം വിമര്‍ശനങ്ങളില്‍ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. കഴിഞ്ഞ സമ്മിറ്റ് ദുബൈയിലായിരുന്നു. പെട്രോളിയം ഉത്പന്നങ്ങള്‍ ഉപഭോഗം ചെയ്യുകയോ ഉത്പാദിപ്പിക്കുകയോ ചെയ്യുന്നുവെന്നത് വേദിയുടെ അയോഗ്യതയായി കാണാനാകില്ല. എന്ത് ചര്‍ച്ചകള്‍ നടക്കുന്നു, എന്തെന്ത് തീരുമാനങ്ങളുണ്ടാകുന്നു എന്നതിലാണ് കാര്യം.

കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതി നേരിടുന്ന വികസ്വര, അവികസിത രാജ്യങ്ങള്‍ക്ക് അനുവദിക്കുന്ന ഫണ്ട് അഥവാ ക്ലൈമറ്റ് ഫൈനാന്‍സിനെച്ചൊല്ലിയുള്ള എണ്ണത്തുണിയേറാണ് ബാകുവിലും നടക്കുന്നത്. 34 പേജുകള്‍ വരുന്ന ക്ലൈമറ്റ് ഫിനാന്‍സ് സംബന്ധിച്ച കരട് രേഖ കഴിഞ്ഞ ദിവസം കോപ് 29ല്‍ വെച്ച് പ്രകാശനം ചെയ്യുകയുണ്ടായി. പാരീസ് ഉടമ്പടിയുടെ ഭാഗമായി തയ്യാറാക്കപ്പെട്ട, പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായത്തിന്റെ കാലാവധി 2025ഓടെ അവസാനിക്കുന്നതിന് മുന്നോടിയായാണ് ക്ലൈമറ്റ് ഫിനാന്‍സ് സംബന്ധിച്ച പുതിയ കരട് രേഖ പുറത്തിറക്കിയത്. 2015ലെ കാലാവസ്ഥാ ഉച്ചകോടിയിലാണ് ക്ലൈമറ്റ് ഫൈനാന്‍സ് രൂപവത്കരിക്കാന്‍ തീരുമാനിച്ചത്. 2020ഓടെ ഈ ഫണ്ട് ശേഖരണം പൂര്‍ത്തിയാക്കാനും തീരുമാനമായി. പക്ഷേ, അത് നടപ്പാക്കുന്നതില്‍ വലിയ ഉത്സാഹമൊന്നും വികസിത രാഷ്ട്രങ്ങള്‍ കാണിച്ചില്ലെന്നു മാത്രമല്ല ഈ തുക വികസിത രാഷ്ട്രങ്ങള്‍ നല്‍കുന്ന പല തരത്തിലുള്ള കടങ്ങളിലും സാമ്പത്തിക സഹായങ്ങളിലും ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. ക്ലൈമറ്റ് ഫിനാന്‍സിന് വ്യക്തമായ മാനദണ്ഡമോ നിര്‍വചനമോ ഇപ്പോഴുമില്ല എന്നതാണ് പരിതാപകരമായ വസ്തുത.
വികസിത രാജ്യങ്ങള്‍ കാലാവസ്ഥാ ഫണ്ടിലേക്ക് 1.3 ട്രില്യണ്‍ ഡോളര്‍ നല്‍കേണ്ടതുണ്ടെന്നാണ് ഇന്ത്യയുടെ പക്ഷം. പാകിസ്താന്‍ അതിലും കടന്ന് രണ്ട് ട്രില്യണ്‍ ഡോളര്‍ ആവശ്യപ്പെടുന്നു. ഐക്യരാഷ്ട്ര സഭയുടെ ഗ്ലോബല്‍ പോളിസി ചട്ടക്കൂടിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രൊജക്ഷന്‍ മുന്നോട്ട് വെക്കുന്നത് 1.1 ട്രില്യണ്‍ ഡോളര്‍ വേണമെന്ന നിലപാടാണ്. 2025 മുതല്‍ നല്‍കേണ്ട ഈ കാലാവസ്ഥാ ധനസഹായം 2023ഓടെ 1.8 ട്രില്യണ്‍ ഡോളറായി ഉയരേണ്ടതുണ്ടെന്നും ഈ ചട്ടക്കൂട് വിശദീകരിക്കുന്നു. കോളനിവത്കരണത്തിലൂടെ നേടിയെടുത്ത സാമ്പത്തിക ശക്തിയാണ് വികസിത, മുതലാളിത്ത രാജ്യങ്ങളുടേത്. പരിസ്ഥിതിക്ക് വിനാശകരമായ ചൂഷണാത്മക വ്യവസായവത്കരണം നടത്തിയതും ആ രാജ്യങ്ങളാണ്. അതുകൊണ്ട് ആ ഉത്തരവാദിത്വം ഏറ്റെടുത്തേ തീരൂ. ബാകുവില്‍ നിന്ന് നല്ല വാര്‍ത്തകള്‍ വരുമെന്ന് പ്രതീക്ഷിക്കാം.

Latest