Ramzan
ഏത് സ്വദറുസ്താദും വെളുക്കനെ ചിരിക്കും
ഒരു മനുഷ്യന്റെ മുഖത്ത് നോക്കി അന്തസ്സുള്ളൊരു ചിരി പാസ്സാക്കിയാൽ അത് കാരണം അദ്ദേഹത്തിന് കിട്ടുന്ന ഊർജവും ഓജസ്സും ഒന്ന് വേറെ തന്നെയാണ്. ഇത് ആളുകൾക്ക് കിട്ടുന്നതിൽ നമ്മൾ മുടക്കം നിൽക്കരുത്.
ചിരിയെ കുറിച്ച് ചിന്തിച്ചാൽ തന്നെ ചിരി വരും. എല്ലാവരും നമ്മളോട് ചിരിക്കുന്നത് നമുക്ക് ഇഷ്ടമാണ്. പക്ഷേ, എല്ലാവരും കൂടി നമ്മെ നോക്കി ചിരിച്ചാൽ നമുക്ക് കുറവായിപ്പോകും. തമാശ കേട്ടിട്ട് ചിരിക്കാതിരിക്കുകയോ ചിരിയുടെ പ്രകടനം കുറഞ്ഞുപോകുകയോ ചെയ്താൽ പറയുന്നയാൾക്കൊരുതരം മ്ലാനത തോന്നും. പറഞ്ഞയാൾ പ്രതീക്ഷിക്കുന്നതിനപ്പുറത്തെ പെർഫോമൻസാണ് ചിരിക്കുള്ളതെങ്കിൽ മ്ലാനതയുടെ മറ്റൊരു വേർഷനാണ് അയാൾക്കനുഭവപ്പെടുക.
മതിലിൽ നിന്ന് വീണാലും മരത്തിൽ നിന്ന് വീണാലും ജാള്യത മറയ്ക്കാനുള്ള ചിരിക്ക് സൈക്കിളിൽ നിന്ന് വീണ ചിരി എന്നേ പറയാറുള്ളൂ. ചിരി ആരോഗ്യത്തിന് നല്ലതാണെന്ന് കേൾക്കാറുണ്ട്. എന്ന് കരുതി വല്ലാതെ ചിരിക്കുന്നവനെക്കുറിച്ച് കാര്യമായെന്തോ കുഴപ്പമുണ്ടെന്നാണ് പറയുക. ചിരിക്കുന്നവൻ ജനകീയനും ചിരിക്കാത്തവൻ ധാർഷ്ട്യക്കാരനുമാണെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടൽ.
എന്നാൽ, ഒരു മനുഷ്യന്റെ മുഖത്ത് നോക്കി അന്തസ്സുള്ളൊരു ചിരി പാസ്സാക്കിയാൽ അത് കാരണം അദ്ദേഹത്തിന് കിട്ടുന്ന ഊർജവും ഓജസ്സും ഒന്ന് വേറെ തന്നെയാണ്. ഇത് ആളുകൾക്ക് കിട്ടുന്നതിൽ നമ്മൾ മുടക്കം നിൽക്കരുത്.
തുർമുദി റിപോർട്ട് ചെയ്ത ഹദീസിൽ നബി (സ) പഠിപ്പിക്കുന്നത് കാണാം. “സഹോദരന്റെ മുഖത്തുനോക്കിയുള്ള നിന്റെ പുഞ്ചിരി ധർമമാണ്.’ പുഞ്ചിരിയും കുശലാന്വേഷണവും പ്രസന്നവദനനായി മറ്റുള്ളവരോട് സംസാരിക്കുന്നതുമെല്ലാം പുണ്യകർമങ്ങളാണ്.
ഒരു സാധാരണ ദിവസം ക്ലാസ്സ് കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോൾ പുതിയ മുഅല്ലിം ആവലാതിപ്പെട്ടു. “നമ്മുടെ സ്വദറുസ്താദ് തീരേ “കമ്പനിയടിക്കൂല’ല്ലേ. മൂന്നാഴ്ചയായി ഞാൻ വന്നിട്ട് ഒഫീഷ്യൽ മാറ്ററല്ലാതെ എന്നോടൊന്നും അവര് ഇതുവരെ പറഞ്ഞിട്ടില്ല.
ഇതുകേട്ട പഴയ ഉസ്താദ് ചോദിച്ചു “നിങ്ങൾ അദ്ദേഹത്തോട് വല്ലതും സംസാരിച്ചിരുന്നോ. അദ്ദേഹം സാത്വികനായൊരു മനുഷ്യനാണ്. ഞങ്ങളോടെല്ലാം അവർ സൗഹൃദ സംഭാഷണം നടത്താറുണ്ട്. നിങ്ങൾ അദ്ദേഹത്തെ സമീപിച്ച് നിങ്ങളെ കമ്പനിയടിക്ക് പറ്റുമെന്ന് ബോധ്യപ്പെടുത്താത്തതിന്റെ കുഴപ്പമാണ്…’
നല്ല പരിഗണനകളും പെരുമാറ്റങ്ങളും കിട്ടാത്തതിൽ പരിതപിക്കുന്നതിന് മുമ്പ് നാം അതിന് അർഹരാണോ എന്ന് ചിന്തിക്കണം. തമാശകൾ ഇഷ്ടപ്പെടുന്നവരോടേ ആളുകൾ അത് പറയൂ. കറുപ്പിച്ചും വീർപ്പിച്ചും പിടിച്ച മുഖത്ത് നോക്കി ആരും വെളുക്കനെ ചിരിച്ച് തരില്ല. പ്രസന്നതയും പ്രസരിപ്പും പ്രകടിപ്പിക്കാത്തവർക്ക് അത് കിട്ടണമെന്നുമില്ല. അവഗണനയോടെയും പുഛ മനോഭാവത്തോടെയും ആരോടും സംസാരിക്കരുത്. നമ്മുടെ കാര്യലാഭത്തിനായി സമീപിക്കുന്നവരോട് മാത്രം നല്ല നിലയിൽ പെരുമാറിയാൽ പോരാ. നമ്മെ സമീപിക്കുന്നവരോടുള്ള പെരുമാറ്റവും സംസാരവും നാം ശ്രദ്ധിക്കണം.
സഹോദരന്റെ മുഖത്ത് സന്തോഷത്തോടെ നോക്കുക എന്ന നന്മയെ ചെറുതായി കാണരുതെന്നാണ് നബി (സ)പഠിപ്പിച്ചത്. കാരക്ക ദാനം ചെയ്തിട്ടെങ്കിലും നരകത്തിൽ നിന്ന് മോചനം നേടണമെന്ന് പറഞ്ഞ സമയത്ത്, കാരക്ക കൊണ്ട് നിങ്ങൾക്കതിന് സാധിക്കില്ലെങ്കിൽ നല്ല വാക്കുകൾ കൊണ്ടെങ്കിലും അതിനായി ശ്രമിക്കണമെന്നവിടുന്ന് ആജ്ഞാപിക്കുകയുണ്ടായി.