National
പതിനെട്ട് പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും ഇന്ന് മുതല്‍ കരുതല്‍ ഡോസ് സ്വീകരിക്കാം
നേരത്തെ സ്വീകരിച്ച അതേ വാക്‌സീന്‍ തന്നെ കരുതല്‍ ഡോസായി എടുക്കണം
ന്യൂഡല്‍ഹി | പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്റെ കരുതല്‍ ഡോസ് ഇന്ന് മുതല്‍ സ്വീകരിക്കാം. മുന്‍ഗണന പട്ടികയിലുള്ളവര്‍ ഒഴികെ എല്ലാവര്‍ക്കും സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയാണ് കരുതല്‍ ഡോസ് വിതരണം. രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം തികഞ്ഞവര്‍ക്ക് കരുതല്‍ ഡോസ് സ്വീകരിക്കാം. നേരത്തെ സ്വീകരിച്ച അതേ വാക്‌സീന്‍ തന്നെ കരുതല്‍ ഡോസായി എടുക്കണം. കരുതല്‍ ഡോസിനായി കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയേണ്ടതില്ല.
കൊവാക്‌സിന്‍, കൊവിഷീല്‍ഡ് ഡോസുകള്‍ക്ക് 225 രൂപയാണ് ഈടാക്കുക. സര്‍വീസ് ചാര്‍ജായി പരമാവധി 150 രൂപയെ ഈടാക്കാന്‍ പാടുള്ളൂ എന്ന് സര്‍ക്കാര്‍ വിതരണ കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് വാക്‌സീന്റെ വില കുറയ്ക്കാനുള്ള ഇരുകമ്പനികളുടേയും തീരുമാനം. നേരത്തെ കൊവീഷില്‍ഡ് 600 രൂപയ്ക്കും കൊവാക്‌സീന്‍ 1200 രൂപയ്ക്കുമാണ് സ്വകാര്യ ആശുപത്രികള്‍ക്ക് വിതരണം ചെയ്തിരുന്നത്. വാക്‌സീന്റെ വിലയും ആശുപത്രികളുടെ സര്‍വ്വീസ് ചാര്‍ജും നികുതിയും കഴിച്ച് അഞ്ഞൂറ് രൂപയ്ക്ക് താഴെ നിരക്കില്‍ ഇനി വാക്‌സീന്‍ വിതരണം സാധ്യമായേക്കും വിപുലമായ രീതിയില്‍ സ്വകാര്യ ആശുപത്രികള്‍ വാക്‌സീനേഷന്‍ തുടങ്ങുന്നതും വാക്‌സീനേഷന്‍ നിരക്ക് കുറയ്ക്കാന്‍ സഹായിക്കും.