Kozhikode
എ പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം അനുസ്മരണം നാളെ മര്‍കസില്‍
സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അനുസ്മരണ പ്രഭാഷണം നടത്തും.
കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും മര്‍കസ് വൈസ് പ്രസിഡന്റും സീനിയര്‍ മുദരിസുമായ കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാരുടെ അനുസ്മരണവും പ്രാര്‍ഥനാ സംഗമവും നാളെ മര്‍കസില്‍ നടക്കും. കഴിഞ്ഞ 15 വര്‍ഷമായി മര്‍കസില്‍ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ച ഉസ്താദിന്റെ വിയോഗം സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇതുവരെയും ഉള്‍ക്കൊള്ളാനായിട്ടില്ല.
ഒരാഴ്ച മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും വരെയും അധ്യാപനത്തിലും മര്‍കസിലെ പൊതു പരിപാടികളിലും സജീവമായിരുന്നു എ പി മുഹമ്മദ് മുസ്ലിയാര്‍. ഈ മാസം അഞ്ചിന് നടന്ന ദൗറത്തുല്‍ ഖുര്‍ആന്‍ സംഗമത്തില്‍ അദ്ദേഹം നടത്തിയ പ്രഭാഷണം ഏവരുടെയും മനം കവര്‍ന്നിരുന്നു. പൊതുവേദിയില്‍ നടത്തിയ അവസാന പ്രസംഗവും അതായിരുന്നു.
വൈകിട്ട് 6.30 ന് മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന അനുസ്മരണ സംഗമത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അനുസ്മരണ പ്രഭാഷണം നടത്തും. സി മുഹമ്മദ് ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ്, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് നേതൃത്വം നല്‍കും.