Connect with us

First Gear

പുതുമകളുമായി അപ്പാച്ചെ ആർ ടി ആർ 160 റേസ് എഡിഷൻ

അപ്പാച്ചെ ആർ ടി ആർ 160 4വി മോട്ടോർസൈക്കിളിൻ്റെ ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ച് ഒരു മാസത്തിന് ശേഷമാണ് അപ്പാച്ചെ ആർ ടി ആർ 160 റേസിംഗ് എഡിഷൻ പുറത്തിറക്കുന്നത്

Published

|

Last Updated

മുംബൈ | രാജ്യത്തെ പ്രമുഖ ടൂവീലർ നിർമാതാക്കളായ ടി വി എസ് അവരുടെ പുതിയ വണ്ടിയുമായി വിപണിയിൽ എത്തിയിരിക്കുകയാണ്. ഇന്ത്യക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബജാജ് പൾസറിനോടൊപ്പം തന്നെ ടിവിഎസ് അപ്പാച്ചേക്കും അവരുടെ മനസ്സിൽ ഒരു സ്ഥാനമുണ്ട്.

ഈയൊരു ഇഷ്ടം മനസ്സിലാക്കി ആവണം ഇന്ത്യയിലെ മുൻനിര ഇരുചക്രവാഹന നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ തങ്ങളുടെ ജനപ്രിയ മോട്ടോർബൈക്കായ അപ്പാച്ചെ ആർ ടി ആർ 160 മോഡലിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. റേസിംഗ് എഡിഷൻ എന്നറിയപ്പെടുന്ന വേരിയന്റിന് ഒന്നര ലക്ഷം രൂപയോളം ആണ് എക്സ് ഷോറൂം വില വരുന്നത്.

നിറവും ഡിസൈനും ഫീച്ചറുകളും ഉൾപ്പെടെ ഒരുപാട് പുതുമകളുമായാണ് അപ്പാച്ചെ ആർ ടി ആർ 160 റേസിംഗ് എഡിഷൻ ബൈക്ക് എത്തുന്നത്. അപ്പാച്ചെ ആർ ടി ആർ 160 4വി മോട്ടോർസൈക്കിളിൻ്റെ ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ച് ഒരു മാസത്തിന് ശേഷമാണ് അപ്പാച്ചെ ആർ ടി ആർ 160 റേസിംഗ് എഡിഷൻ പുറത്തിറക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ബ്ലാക്ക് എഡിഷനേക്കാൾ ഏകദേശം 9,000 രൂപ വില കൂടുതലാണെങ്കിലും ഇതിന്റെ ഭംഗി ആളുകളെ ആകർഷിച്ചേക്കുമെന്ന് വിലയിരുത്തലിലാണ് കമ്പനി.

പുതിയ വണ്ടിയിലുള്ള ഏറ്റവും പ്രധാനപ്പെട്ട പരിഷ്ക്കാരം പുതിയ കളർ ഓപ്ഷനും ഗ്രാഫിക്സ് ഘടകങ്ങളുമാണ്. റേസിംഗ് എഡിഷൻ ലോഗോയ്‌ക്കൊപ്പം റെഡ് അലോയ് വീലുകളും മോട്ടോജിപി റേസിംഗിൽ നിന്നും പ്രചേദനം ഉൾക്കൊണ്ട കാർബൺ ഫൈബർ ഗ്രാഫിക്‌സും കൂടിയാവുമ്പോൾ ബൈക്കിന്റെ സ്പോർട്ടി ഫീൽ ഉയരുന്നുണ്ട്. ഇതെല്ലാം എക്‌സ്‌ക്ലൂസീവ് മാറ്റർ ബ്ലാക്ക് ബോഡി കളറിലാണ് ഒരുക്കിയിരിക്കുന്നത്.

ഈ വാഹനം വാങ്ങാൻ താല്പര്യമുള്ള ഉപഭോക്താക്കൾക്കായി ഇപ്പോൾ കമ്പനി ബുക്കിംഗ് സ്റ്റാർട്ട് ചെയ്തിട്ടുണ്ട്.

Latest