Connect with us

First Gear

മാരുതിക്കും ഹ്യുണ്ടായിക്കും പുറമേ ടാറ്റയും വാഹനവില കൂട്ടുന്നു

ടാറ്റ വാഹനങ്ങളുടെ മോഡലും വേരിയന്റും അനുസരിച്ച് മൂന്നു ശതമാനം വരെയാകും വര്‍ധന

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ വിപണിയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സും വാഹന വില കൂട്ടുന്നു. 2025 ജനുവരി മുതല്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് വില കൂട്ടുമെന്ന് ടാറ്റ പ്രഖ്യാപിച്ചു. നേരത്തേ മാരുതി സുസുക്കിയും ഹ്യുണ്ടായിയും വില വര്‍ധന പ്രഖ്യാപിച്ചിരുന്നു.

ടാറ്റ വാഹനങ്ങളുടെ മോഡലും വേരിയന്റും അനുസരിച്ച് മൂന്നു ശതമാനം വരെയാകും വര്‍ധന. ഈ വില വര്‍ധന പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ (ഐ സി ഇ) വാഹനങ്ങള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും ബാധകമാകും. വര്‍ധിച്ചുവരുന്ന ചെലവും പണപ്പെരുപ്പവും കാരണമാണ് വില കൂട്ടുന്നതെന്നാണ് വാഹന നിര്‍മാതാക്കളുടെ വിശദീകരണം.

ടാറ്റ മോട്ടോഴ്സിന്റെ നിലവിലെ മോഡല്‍ ലൈനപ്പില്‍ ഹാച്ച്ബാക്കുകളായി ടിയാഗോ, ആള്‍ട്രോസ്, കോംപാക്റ്റ് സെഡാന്‍ സെഗ്മെന്റില്‍ ടിഗോര്‍, മൈക്രോ എസ് യു വി വിഭാഗത്തില്‍ പഞ്ച്, കോംപാക്റ്റ് എസ് യു വി വിഭാഗത്തില്‍ ടാറ്റ നെക്സണ്‍, പ്രീമിയം എസ് യു വി വിഭാഗത്തില്‍ ഹാരിയര്‍, സഫാരി തുടങ്ങിയ മോഡലുകളാണുള്ളത്. കൂടാതെ അടുത്തിടെ എസ് യു വി കൂപ്പെ വിഭാഗത്തില്‍ ടാറ്റ കര്‍വ്വും അവതരിപ്പിച്ചിരുന്നു.

ഇലക്ട്രിക് വാഹന വിഭാഗത്തില്‍ കര്‍വ് ഇവി, പഞ്ച് ഇവി, ടിയാഗോ ഇവി, നെക്സോണ്‍ ഇവി, ടിഗര്‍ ഇവി എന്നിവയാണ് ടാറ്റ പുറത്തിറക്കുന്നത്. സിയറ എന്ന പേരില്‍ പുതിയൊരു ഇവി കൂടി പുറത്തിറക്കാന്‍ കമ്പനി പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്.

മാരുതി സുസുക്കി തങ്ങളുടെ വാഹനങ്ങള്‍ക്ക് നാലു ശതമാനം വരെയാണ് വിലവര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. മോഡലിന് അനുസരിച്ച് 25,000 രൂപ വരെ വിലവര്‍ധന ഹ്യൂണ്ടായിയും മഹീന്ദ്ര അതിന്റെ എസ് യു വികള്‍ക്കും മൂന്നു ശതമാനം വരെയും വില വര്‍ധന പ്രഖ്യാപിച്ചു.
കൂടാതെ, ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി, ബി എം ഡബ്ല്യു, മെഴ്സിഡസ് ബെന്‍സ് എന്നിവയും തങ്ങളുടെ വാഹനങ്ങളുടെ വിലയില്‍ വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്.

 

Latest