Kerala
പൃഥ്വിരാജിനു പുറമെ ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
ലൂസിഫര്‍, മരയ്ക്കാര്‍ എന്നീ സിനിമകളുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത തേടിക്കൊണ്ടാണ് ആന്റണിക്ക് നോട്ടീസ്.

കൊച്ചി | സിനിമാ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ലൂസിഫര്‍, മരയ്ക്കാര്‍ എന്നീ സിനിമകളുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത തേടിക്കൊണ്ടാണ് നോട്ടീസ്. ദുബൈയില്‍ വെച്ച് മോഹന്‍ലാലിന് രണ്ടരക്കോടി കൈമാറിയതിലും വിശദീകരണം തേടിയിട്ടുണ്ട്. 2022ല്‍ സിനിമാ നിര്‍മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയാണ് നടപടി. ആന്റണിയുടെ ആശിര്‍വാദ് ഫിലിംസിലും അന്ന് റെയ്ഡ് നടത്തിയിരുന്നു. സിനിമാ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താനാണ് നോട്ടീസ് നല്‍കിയതെന്നും ‘എമ്പുരാന്‍’ നടപടികളുമായി ഇതിനു ബന്ധമില്ലെന്നും അധികൃതര്‍ പറഞ്ഞു.
പ്രതിഫലത്തുകയില്‍ വ്യക്തത വരുത്തണമെന്ന് നടന്‍ പൃഥ്വിരാജിനോടും ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു. മുമ്പ് അഭിനയിച്ച സിനിമകളുടെ പ്രതിഫല കാര്യത്തിലാണ് വ്യക്തത നേടിയത്. ആദായ നികുതി അസെസ്‌മെന്റ് വിഭാഗമാണ് നോട്ടീസ് നല്‍കിയത്. ഈ മാസം മുപ്പതിനകം മറുപടി നല്‍കാനാണ് നിര്‍ദേശം.
കഴിഞ്ഞ വര്‍ഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു, അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടി. മാസങ്ങളായി നടക്കുന്ന നടപടികളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തേതെന്നാണ് ആദായനികുതി വിഭാഗം വിശദമാക്കുന്നത്. ‘എമ്പുരാന്‍’ വിവാദത്തിന് മുമ്പ് തന്നെ നോട്ടീസ് നല്‍കിയിരുന്നുവെന്നാണ് സൂചന.