Kerala
ശ്രീദേവിക്ക് പുറമെ സജ്‌നമോള്‍, ശ്രീജ; ഷാഫിക്ക് സ്ത്രീകളുടെ പേരില്‍ രണ്ട് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ കൂടി
പ്രൊഫൈലുകളിലെ ചാറ്റുകളില്‍ നിന്ന് നരബലി ആസൂത്രണം ചെയ്ത വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്
കൊച്ചി | ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് രണ്ട് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ കൂടി. സാമൂഹിക മാധ്യമ ഉപയോഗത്തില്‍ വിദഗ്ധനായ ഇയാള്‍ക്ക് ശ്രീദേവി എന്ന എഫ് ബി അക്കൗണ്ടിന് പുറമെ സ്ത്രീകളുടെ പേരില്‍ രണ്ട് വ്യാജ പ്രൊഫൈലുകള്‍ കൂടി കണ്ടെത്തി .സജ്‌നമോള്‍, ശ്രീജ എന്നീ പേരുകളിലാണ് പ്രൊഫൈലുകള്‍ നിര്‍മിച്ചത് .സിദ്ധനെന്ന് നടിക്കുന്ന ഷാഫി തന്റെ വിശ്വാസ്യത നിലനിര്‍ത്താനായിരുന്നു സ്ത്രീകളുടെ പേരിലുള്ള വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയതെന്നാണ് നിഗമനം. പ്രൊഫൈലുകളിലെ ചാറ്റുകളില്‍ നിന്ന് നരബലി ആസൂത്രണം ചെയ്ത വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
2021 നവംബറില്‍ ആണ് നരബലിയെ കുറിച്ച് സംസാരിക്കുന്നത്.അതിനിടെ ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതികളുടെ തെളിവെടുപ്പും ചോദ്യം ചെയ്യലും ഇന്നും തുടരും.പത്മയുടെ ഫോണ്‍ കണ്ടെത്താനുള്ള പരിശോധനയും പോലീസ് തുടങ്ങി. കൊലപാതകത്തിന് ശേഷം ഇലന്തൂരില്‍ നിന്ന് മടങ്ങുമ്പോള്‍ ഫോണ്‍ പുഴയില്‍ എറിഞ്ഞെന്നാണ് മുഖ്യപ്രതി മുഹമ്മദ് ഷാഫി മൊഴി നല്‍കിയിട്ടുള്ളത്.ഇതോടൊപ്പം ഭഗവല്‍ സിംഗിന്റ തെളിവെടുപ്പും ഇന്നുണ്ടാകും.കൊലപാതകത്തിന് ഉപയോഗിച്ച കത്തി വാങ്ങിയ ഇലന്തൂരിലെ കടയിലും, കയര്‍ വാങ്ങിയ കടയിലുമാണ് തെളിവെടുപ്പ് നടത്തേണ്ടത്. ഈ മാസം 26നാണ് മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി അവസാനിക്കുന്നത്