Connect with us

editorial

ഒഴുക്കൻ ക്ഷമാപണം മണിപ്പൂരിലെ മുറിവുണക്കില്ല

ഈ സര്‍ക്കാറിനു കീഴില്‍ തങ്ങള്‍ക്ക് രക്ഷയില്ലെന്ന തിരിച്ചറിവില്‍ പ്രത്യേക ഭരണത്തിനായി കുകികള്‍ മുറവിളി കൂട്ടുന്നതു വരെയെത്തി കാര്യങ്ങള്‍. പ്രശ്‌നം ഇത്രത്തോളം എത്തിനില്‍ക്കെ ഒരൊഴുക്കന്‍ ക്ഷമാപണം കൊണ്ട് ജനം അടങ്ങിയൊതുങ്ങിക്കഴിയുമെന്ന് മുഖ്യമന്ത്രി വിശ്വസിക്കുന്നുണ്ടോ?

Published

|

Last Updated

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ ക്ഷമാപണം വൈകിപ്പോയി. പത്തൊമ്പത് മാസമായി മണിപ്പൂരില്‍ സംഘര്‍ഷവും അക്രമവും ഉടലെടുത്തിട്ട്. 2023 മെയ് മൂന്നിന് ആരംഭിച്ച കലാപം പരിഹരിക്കാന്‍ മുഖ്യമന്ത്രിയും കേന്ദ്ര സര്‍ക്കാറും തുടക്കത്തിലേ ശ്രമിച്ചിരുന്നെങ്കില്‍ പ്രശ്‌നം ഇത്ര രൂക്ഷമാകില്ലായിരുന്നു. അന്നു പക്ഷേ, ബിരേന്‍ സിംഗും സംസ്ഥാന ഭരണകൂടവും കേന്ദ്രവും പരസ്പരം ഏറ്റുമുട്ടുന്ന ഇരുവിഭാഗങ്ങളില്‍ ഒരു വിഭാഗത്തെ പിന്തുണക്കുകയാണുണ്ടായത്.

തുടക്കത്തില്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് നടത്തിയ ചില പ്രസ്താവനകള്‍ സംഘര്‍ഷത്തിന് ഊര്‍ജം പകരുകയും ചെയ്തു. കലാപം പൊട്ടിപ്പുറപ്പെട്ട് ഒന്നര വര്‍ഷത്തിലേറെ കാലം പിന്നിട്ട ശേഷമുള്ള അദ്ദേഹത്തിന്റെ ക്ഷമാപണം തന്റെ ഭരണപരാജയം മറച്ചുപിടിക്കാനും ബിരേന്‍ സിംഗ് സര്‍ക്കാര്‍ രാജി വെച്ചൊഴിയണമെന്ന ആവശ്യത്തില്‍ നിന്ന് കുകി വംശത്തെ പിന്തിരിപ്പിക്കാനുമുള്ള രാഷ്ട്രീയ അടവ് മാത്രമായാണ് വിലയിരുത്തപ്പെടുന്നത്. “താന്‍ സൃഷ്ടിച്ച രാഷ്ട്രീയ കുഴപ്പങ്ങളില്‍ നിന്ന് തടിയൂരാനുള്ള മുഖ്യമന്ത്രിയുടെ വൃഥാശ്രമ’മെന്നാണ് കുകി ഗോത്ര സംഘടനയായ ഐക്യസമിതിയുടെ വക്താവ് ഈ ക്ഷമാപണത്തെ വിലയിരുത്തിയത്.

“സംഭവിച്ചതെല്ലാം സംഭവിച്ചു കഴിഞ്ഞു. പഴയ തെറ്റുകള്‍ മറന്ന് പുതിയൊരു ജീവിതം ആരംഭിച്ച് മണിപ്പൂരിനെ ശാന്തവും സമ്പന്നവുമാക്കുന്നതില്‍ നമുക്കെല്ലാവര്‍ക്കും ഒത്തൊരുമിക്കാമെ’ന്നാണ് 2024ന്റെ അവസാന നാളില്‍, സംസ്ഥാനത്ത് വംശീയ കലാപം ആളിപ്പടരാന്‍ ഇടയായതില്‍ ഖേദം പ്രകടിപ്പിച്ചും ക്ഷമാപണം നടത്തിയും ബിരേന്‍ സിംഗ് നടത്തിയ പ്രസ്താവനക്കൊടുവില്‍ ജനങ്ങളോട് ആവശ്യപ്പെട്ടത്. എന്നാല്‍ അങ്ങനെയങ്ങ് മറക്കാനും പൊറുക്കാനും പറ്റുന്നതാണോ പ്രദേശത്ത് അരങ്ങേറിയ സംഭവങ്ങള്‍? നൂറുകണക്കിനാളുകളാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. നിരവധി സ്ത്രീകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ആയിരക്കണക്കിന് ഭവനങ്ങള്‍ അഗ്നിക്കിരയാക്കപ്പെട്ടു. ക്രിസ്തീയ ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. മാധ്യമങ്ങളില്‍ വന്നതിനേക്കാള്‍ ഭീകരമാണ് സ്ഥിതിഗതികളെന്നാണ് അവിടെ സന്ദര്‍ശിച്ച മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സാക്ഷ്യം. വര്‍ഗീയ ഫാസിസത്തിന്റെ കുഴലൂത്തുകാരായ ദേശീയ മാധ്യമങ്ങള്‍ എല്ലാ വിവരവും പുറത്തുവിടാറില്ലല്ലോ.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മാസം അവസാനത്തില്‍ പുറത്തുവിട്ട വാര്‍ഷിക റിപോര്‍ട്ട് പ്രകാരം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 2023ല്‍ അരങ്ങേറിയ മൊത്തം അക്രമങ്ങളില്‍ 80 ശതമാനത്തോളം നടന്നത് മണിപ്പൂരിലാണ്. മേഖലയില്‍ നിന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ട 242 അക്രമസംഭവങ്ങളില്‍ 187ഉം മണിപ്പൂരിലായിരുന്നു. അത്രയും രൂക്ഷവും വ്യാപകവുമായിരുന്നു സംസ്ഥാനത്തെ സംഘര്‍ഷം. നീതിപൂര്‍വം വിഷയം കൈകാര്യം ചെയ്യുന്നതിനു പകരം അക്രമികളെ പിന്തുണക്കുന്ന നിലപാടാണ് ബിരേന്‍ സിംഗ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഒടുവില്‍ ഈ സര്‍ക്കാറിനു കീഴില്‍ തങ്ങള്‍ക്ക് രക്ഷയില്ലെന്ന തിരിച്ചറിവില്‍ പ്രത്യേക ഭരണത്തിനായി കുകികള്‍ മുറവിളി കൂട്ടുന്നതു വരെയെത്തി കാര്യങ്ങള്‍. പ്രശ്‌നം ഇത്രത്തോളം എത്തിനില്‍ക്കെ ഒരൊഴുക്കന്‍ ക്ഷമാപണം കൊണ്ട് ജനം അടങ്ങിയൊതുങ്ങിക്കഴിയുമെന്ന് മുഖ്യമന്ത്രി വിശ്വസിക്കുന്നുണ്ടോ?

ചൊവ്വാഴ്ചത്തെ മുഖ്യമന്ത്രിയുടെ ക്ഷമാപണത്തിനു ശേഷവും സംസ്ഥാനത്ത് അക്രമങ്ങള്‍ അരങ്ങേറി. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ചില മേഖലകളില്‍ ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ അക്രമം നടന്നു. മലമുകളില്‍ നിന്ന് അക്രമികള്‍ താഴ്‌വാരത്തേക്ക് വെടിവെക്കുകയും ബോംബെറിയുകയും തീയിടുകയും ചെയ്തതായി പോലീസ് പറയുന്നു. കൂടുതല്‍ സുരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. മറ്റൊരു സംഭവത്തില്‍ കാംഗ്പോക്പി ജില്ലയില്‍ കുകി വിഭാഗക്കാരായ സ്ത്രീകളും സുരക്ഷാ സൈനികരും തമ്മില്‍ ഏറ്റുമുട്ടി. സൈനികര്‍ കുകികളുടെ ബങ്കറുകള്‍ ബലമായി പിടിച്ചെടുക്കുന്നതിനെതിരെ നടന്ന പ്രതിഷേധമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. സൈന്യത്തിന്റെ ലാത്തിച്ചാര്‍ജിലും കണ്ണീര്‍വാതക പ്രയോഗത്തിലും 50 സ്ത്രീകള്‍ക്കെങ്കിലും പരുക്കേറ്റതായാണ് റിപോര്‍ട്ട്. കേന്ദ്ര സേനയെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗോത്ര ഐക്യസമിതി ദേശീയ പാതയില്‍ അനിശ്ചിത കാല ഉപരോധ സമരം തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ക്ഷമാപണം ജനങ്ങളില്‍ വിശിഷ്യാ കുകി വിഭാഗത്തില്‍ യാതൊരു പ്രതിഫലനവും സൃഷ്ടിച്ചിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.

മണിപ്പൂരിലെ ഗോത്രേതര വിഭാഗമായ മെയ്‌തെയ്കളും ഗോത്ര-ക്രിസ്ത്യന്‍ വിഭാഗങ്ങളടങ്ങുന്ന കുകികളും തമ്മിലുള്ള ഭിന്നത മൂര്‍ച്ഛിച്ചാണ് സംഘര്‍ഷം രക്തരൂക്ഷിതമായത്. സംസ്ഥാനത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷം മെയ്‌തെയ്കളാണ്. 65 ശതമാനത്തോളം വരും ഇവര്‍. ക്രിസ്തീയ വിഭാഗക്കാര്‍ക്ക് മുന്‍തൂക്കമുള്ള കുകി വിഭാഗം ന്യൂനപക്ഷമാണ്. സര്‍ക്കാറിനെ നയിക്കുന്നതാകട്ടെ മെയ്‌തെയ് വിഭാഗവും. സംസ്ഥാനത്തെ 60 നിയമസഭാ മണ്ഡലങ്ങളില്‍ മൂന്നിലൊന്നും മെയ്‌തെയ് ആധിപത്യത്തിലായതു കൊണ്ട് സര്‍ക്കാര്‍ മെയ്‌തെയ് വിഭാഗത്തിന്റെ താത്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്.

ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു, അത്തരം അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുമ്പോള്‍ വര്‍ഗീയതയായി ചിത്രീകരിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെയാണ് കുകികളുടെ പരാതി. അതിനിടെയാണ് മെയ്‌തെയ്കള്‍ പട്ടിക വര്‍ഗ പദവിക്കായി രംഗത്തു വന്നതും ഈ ആവശ്യവുമായി കോടതി കയറിയതും. ഗോത്രവര്‍ഗമെന്ന നിലയില്‍ കുകികള്‍ക്ക് ലഭിക്കുന്ന പ്രത്യേകാനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാനും പരമ്പരാഗതമായി അവര്‍ക്ക് ലഭിച്ച ഭൂമി തട്ടിയെടുക്കാനുമുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമായാണ് കുകി സംഘടനകള്‍ ഈ നീക്കത്തെ കാണുന്നത്. കുകി വിഭാഗത്തിന്റെ ഇത്തരം ഭീതികള്‍ അകറ്റിയും ന്യായമായ അവകാശങ്ങള്‍ക്ക് മുഖം കൊടുത്തും അവരെ കൈയിലെടുത്ത് മാത്രമേ പ്രശ്‌നം പരിഹരിക്കാനാകൂ.

Latest