uthra murder case
ഉത്ര കേസില്‍ അപ്പീല്‍ പരിഗണനയില്‍: പബ്ലിക് പ്രോസിക്യൂട്ടര്‍
അപ്പീലിന് ശ്രമിക്കുന്നത് പൊതുസമൂഹത്തിന്റെ ആവശ്യം പരിഗണിച്ച്
കൊല്ലം | ഉത്ര വധക്കേസില്‍ പ്രതിക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്ന ചിലരുടെ വിമര്‍ശനത്തിനിടെ അപ്പീലിന് ശ്രമിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ്. കേസിന് കാര്‍ക്കശ്യം പോരാ എന്ന അഭിപ്രായം തനിക്കില്ല. സര്‍ക്കാര്‍ സൂരജിന് ഇളവ് അനുവദിച്ചില്ലെങ്കില്‍ ജീവിതാവസാനം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. കൂടാതെ കേസില്‍ 17 വര്‍ഷത്തിന് ശേഷമേ ജീവപര്യന്തം ആരംഭിക്കുകയുള്ളു. എങ്കിലും വിധി പഠിച്ച ശേഷം അപ്പീലിന് ശ്രമിക്കും. പൊതുസമൂഹത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഇത്തരം ഒരു ശ്രമമെന്നും മോഹന്‍രാജ് പറഞ്ഞു.
ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസില്‍ പ്രതിയായ അടൂര്‍ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്. ഉത്രയെ മൂര്‍ഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വര്‍ഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വര്‍ഷം. എന്നിങ്ങനെ നാല് ശിക്ഷകള്‍ ആണ് കോടതി വിധിച്ചത്.
അതിനിടെ പ്രതി സൂരജിനെ ഇന്ന് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. കൊല്ലം ജില്ലാ ജയിലില്‍ കഴിയുന്ന സൂരജിനെ രാവിലെ 11 മണിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. റിമാന്‍ഡ് തടവുകാരന്‍ എന്ന നിലയിലാണ് സൂരജിനെ കൊല്ലം ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്.