Kerala
ഇ ഡിക്ക് മുന്നില്‍ ഹാജരാകല്‍; സാവകാശം തേടി കുഞ്ഞാലിക്കുട്ടി
കുഞ്ഞാലിക്കുട്ടിയെ നാളെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ജലീലാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇത് ശരിവെക്കുന്നതാണ് കുഞ്ഞാലിക്കുട്ടി സാവകാശം തേടിയ വാര്‍ത്ത.

മലപ്പുറം | എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ ഡി) മുന്നില്‍ ഹാജരാകുന്നതില്‍ നിന്ന് സാവകാശം തേടി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. നാളെ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ സാധിക്കില്ലെന്നും സാവകാശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ആവശ്യത്തോട് ഇ ഡി വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.
ലീഗ് മുഖപത്രത്തിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്നതാണ് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണം. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആശിഖിനുമെതിരെ ആരോപണങ്ങളുണ്ട്. മുന്‍ മന്ത്രി കെ ടി ജലീല്‍ ഇന്ന് ഇ ഡി ഓഫീസില്‍ ഹാജരായി കള്ളപ്പണ ഇടപാട് സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കിയിരുന്നു.
കുഞ്ഞാലിക്കുട്ടിയെ നാളെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ജലീലാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇത് ശരിവെക്കുന്നതാണ് കുഞ്ഞാലിക്കുട്ടി സാവകാശം തേടിയ വാര്‍ത്ത. ആശിഖിനെ ഈ മാസം ഏഴിന് ചോദ്യം ചെയ്യുമെന്നും ജലീല്‍ പറഞ്ഞിരുന്നു. ഇ ഡി നോട്ടീസ് നല്‍കി വിളിപ്പിച്ചത് പ്രകാരമാണ് താന്‍ തെളിവുകള്‍ ഹാജരാക്കിയതെന്നും മുസ്ലിം ലീഗ് മുഖപത്രത്തെ മറയാക്കി നടന്ന കള്ളപ്പണ ഇടപാട് ആരോപണത്തിലാണ് കുഞ്ഞാലിക്കുട്ടിക്കും മകന്‍ ആശിഖിനുമെതിരെ തെളിവുകള്‍ നല്‍കിയതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുഖപത്രത്തിന്റെ മറവിൽ കോഴിക്കോട് നഗരത്തിൽ കണ്ടൽക്കാടും തണ്ണീർത്തടവും അടങ്ങുന്ന ഏക്കർ കണക്കിന് ഭൂമി വാങ്ങിയെന്നും ഇതിൽ കണ്ടൽക്കാട് അടങ്ങുന്ന ഭൂമി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു. ഈ ഭൂമിയിലെ നിർമാണം നടത്താവുന്ന ഭൂമി മറ്റ് ചിലരുടെ പേരിലാണ് രജിസ്റ്റർ ചെയ്തത്. സംസ്ഥാന ഭരണം ലഭിച്ചാൽ അധികാരമുപയോഗിച്ച് ഇവിടെ നിർമാണം നടത്താനായിരുന്നു പദ്ധതിയെന്നും കെ ടി ജലീൽ ആരോപിച്ചു.