Connect with us

articles

ബദ്‌റില്‍ തെളിയുന്നത്

വാചിക പ്രയോഗങ്ങളില്‍ പോലും ബദ്്രീങ്ങള്‍ എതിരാളികളോട് അധാര്‍മികമായി പ്രതികരിച്ചില്ല. കുട്ടികളെയോ സ്ത്രീകളെയോ അവര്‍ ഒരിക്കലും അക്രമിച്ചില്ല. തടവുകാരോട് മാന്യമായാണ് സമീപിച്ചത്. എന്നാലിന്ന് നടക്കുന്നതെന്താണ്? ആശുപത്രികള്‍ ആക്രമിക്കുന്നു. കുട്ടികളെയും സ്ത്രീകളെയും കൊല്ലുന്നു. ഭക്ഷണത്തിന് യാചിക്കുന്നവര്‍ക്ക് നേരേ നിറയൊഴിക്കുന്നു. ഇവിടെയാണ് ബദ്റില്‍ ഏറ്റുമുട്ടിയ രണ്ട് വിഭാഗങ്ങളില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട് എന്ന ഖുര്‍ആന്‍ വചനം പ്രസക്തമാകുന്നത്.

ബദ്്ര്‍ ഒരു മാതൃകയാണ്. പ്രതീക്ഷകള്‍ സമ്മാനിക്കുന്ന മാതൃക. ഉപരോധം, പലായനം, സ്വത്ത് കണ്ടുകെട്ടല്‍, ഉന്മൂലന ഭീഷണി എന്നിങ്ങനെ ബദ്്രീങ്ങള്‍ നേരിട്ട പ്രതിസന്ധികള്‍ എത്രയെത്രയാണ്.

പിറന്ന നാട്ടില്‍ നിന്ന് ആട്ടിയോടിച്ചിട്ടും ശത്രുക്കള്‍ അവരെ വെറുതെ വിട്ടില്ല. ആക്രോശങ്ങളുമായി, പടയൊരുക്കങ്ങളുമായി ഇരുട്ടിന്റെ ഉപാസകര്‍ അവരുടെ പിന്നാലെ ചെന്നു. എണ്ണം വളരെ കുറവ്, ആയുധ ശക്തി പേരിനു മാത്രം. എങ്കിലും, ഒടുവില്‍ വിജയം ബദ്്രീങ്ങള്‍ക്ക് ഒപ്പമായിരുന്നു. വിശ്വാസ ദാര്‍ഢ്യം കൊണ്ട്, അനുസരണ ശീലം കൊണ്ട് അവര്‍ ശത്രുവിനെ നിഷ്പ്രഭമാക്കി.

മാനുഷിക മൂല്യങ്ങള്‍ മറക്കാന്‍ ഒരിക്കലും ആ വിജയം അവരെ പ്രേരിപ്പിച്ചില്ല. മുച്ചൂടും നശിപ്പിക്കുമെന്ന് അഹ്വാനം ചെയ്തവരോടും നീതിയോടെ, ധര്‍മബോധത്തോടെ അവര്‍ പ്രതികരിച്ചു.
ബദ്റിന്റെ വിരിമാറില്‍ വെച്ച്, തിരുനബി(സ) മണല്‍പ്പരപ്പില്‍ മുഖം ചേര്‍ത്ത് നടത്തിയ ഒരു പ്രാര്‍ഥനയുണ്ട്. പടച്ചവനേ, നീയെങ്ങാനും ഈ സാര്‍ഥവാഹക സംഘത്തെ നശിപ്പിക്കുകയാണെങ്കില്‍ ഈ ഭൂമിയില്‍ നിന്നെ ആരാധിക്കാന്‍ ആരുമുണ്ടാകില്ലെന്ന്. ആ വാക്കുകളിലുണ്ട് എല്ലാം. നന്മയെ സ്നേഹിക്കുന്ന മുന്നൂറ്റിപ്പതിമൂന്ന് പേര്‍. ആകെയുള്ളത് എഴുപത് ഒട്ടകങ്ങള്‍, അഞ്ച് കുതിരകള്‍. അതില്‍ മാറി മാറി സഞ്ചരിച്ചാണ് തിരുനബിയോരും അനുചരരും രണഭൂമിയിലെത്തിയത്. ഇല്ലായ്മകളായിരുന്നു അവരുടെ മുഖമുദ്ര. ആ ഇല്ലായ്മയില്‍ നിന്നുള്ള അതിജീവനമായിരുന്നു ബദ്്ര്‍. ദൈവിക സഹായം അതിന് തുണയായി. നല്ല നിയ്യത്തുള്ളവര്‍ക്ക് കൂട്ടിന് പടച്ചവന്‍ ഉണ്ടാകുമെന്നതിന്റെ നേര്‍സാക്ഷ്യം.

ബദ്്രീങ്ങള്‍ സഹിച്ച ത്യാഗങ്ങള്‍ക്ക് പരിധിയില്ല. ആശയപ്രചാരണത്തിനോ സ്വസ്ഥമായി ജീവിക്കാനോ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അതീവ രഹസ്യമായി വിശ്വാസം പുല്‍കിയവര്‍ പോലും വേട്ടയാടപ്പെട്ടു. മുസ്ലിം പക്ഷത്തെ പ്രധാനികള്‍ക്ക് പോലും ഇതില്‍ നിന്ന് രക്ഷയുണ്ടായില്ല. തിരുനബി(സ)യെ ഉപദ്രവിച്ചു. അബൂബക്കര്‍(റ), ഉസ്മാന്‍(റ) എന്നിവരെ കയറുപയോഗിച്ച് വരിഞ്ഞുകെട്ടി പീഡിപ്പിച്ചു. ബിലാല്‍(റ)നെ പൊരിവെയിലത്ത് കിടത്തി. ഇങ്ങനെ ബദ്്രീങ്ങളില്‍ ഓരോരുത്തരും സഹിച്ച എത്രയെത്ര ക്രൂരതകള്‍. പലായനമായിരുന്നു ചെറുത്തുനില്‍പ്പിനുള്ള ഏക പോംവഴി. ഏത്യോപ്യയിലേക്ക് രണ്ട് തവണയും പിന്നീട് മദീനയിലേക്കും അങ്ങനെ അവര്‍ വീട് വിട്ടിറങ്ങി. എന്നിട്ടും രണ്ടിടങ്ങളിലും സ്വസ്ഥതയോടെ വസിക്കാന്‍ ശത്രുക്കള്‍ സമ്മതിച്ചില്ല.

ഓര്‍ക്കണം, വീട് വളഞ്ഞ് വധിക്കാനുള്ള ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടാണ് തിരുനബി(സ) മദീനയിലേക്കുള്ള പലായനം ആരംഭിച്ചത്. അവിടേക്കും കടന്നുചെന്ന് ജൂത പിന്തുണയോടെ അക്രമം തുടരാനായിരുന്നു ഖുറൈശികളുടെ തീരുമാനം. പക്ഷേ, വിജയിച്ചില്ല. അതിനിടയിലാണ് മക്കയിലെ തങ്ങളുടെ ഉപേക്ഷിത സ്വത്തുകള്‍ അപഹരിച്ച് കച്ചവടം നടത്തി സിറിയയില്‍ നിന്ന് മടങ്ങുന്ന സംഘത്തെ കുറിച്ച് മുസ്ലിംകള്‍ക്ക് വിവരം ലഭിക്കുന്നതും അവരെ പിന്തുടരാനിറങ്ങുന്നതും. പിടിയിലകപ്പെടാതെ സുരക്ഷിതരായി ആ കൊള്ള സംഘം മക്കയില്‍ തിരിച്ചെത്തി. അഥവാ, ശത്രുക്കള്‍ക്ക് യുദ്ധം ഒഴിവാക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തുവന്നിരുന്നു എന്ന് ചുരുക്കം. എന്നിട്ടും അവരതിന് തയ്യാറായില്ല.

ധാര്‍ഷ്ട്യമായിരുന്നു, ധര്‍മ്മത്തിന്റെ വാഹകരെ അടിച്ചമര്‍ത്തുമെന്ന നിലപാടായിരുന്നു ബദ്റില്‍ എതിര്‍പക്ഷം സ്വീകരിച്ച നയം. ‘ഇനി നമുക്ക് മടങ്ങാം, യുദ്ധ സാഹചര്യങ്ങള്‍ ഇല്ലാതായിരിക്കുന്നു’ എന്ന് ബനൂസഹ്റ ഗോത്രത്തലവന്‍ അഖ്നസ് പറയുന്ന ഒരു ഘട്ടമുണ്ട്. അപ്പോള്‍, അബൂജഹ്്ല്‍ പറഞ്ഞതിപ്രകാരമാണ്. ‘സൈന്യമേ, നിങ്ങളൊന്ന് കേള്‍ക്കണം. ബദ്റിലെത്താതെ നാം മടങ്ങുകയില്ല. അവിടെ മൂന്ന് ദിവസം ഒട്ടകത്തെ അറുത്ത് ഭക്ഷിച്ചും കള്ള് കുടിച്ചും നൃത്തം വെച്ചും ആടിയും പാടിയും ഉല്ലാസഭരിതരായി കഴിഞ്ഞ് കൂടണം. ആരും അതുകണ്ടാല്‍ ഉള്ളാലെ ഒന്നു ഭയക്കണം. അറബികള്‍ നമ്മുടെ ശക്തിയൊന്ന് അറിയട്ടെ, അവര്‍ എക്കാലത്തും ഭയന്ന് പിന്മാറണം. നാം അവരെ പാഠം പഠിപ്പിക്കും’ (സീറത്തുല്‍ഹലബിയ്യ 2 /210).

അതേ സമയം, മുസ്ലിം പക്ഷത്തോട് കാരുണ്യത്തിന്റെ ദൂതര്‍ നടത്തിയൊരു പ്രഭാഷണമുണ്ട്. ‘അല്ലാഹു നിങ്ങളെ പ്രേരിപ്പിച്ച കാര്യത്തില്‍ ഞാനും നിങ്ങളെ പ്രേരിപ്പിക്കുന്നു. അല്ലാഹു വിലക്കിയ കാര്യങ്ങളില്‍ ഞാനും നിങ്ങളെ വിലക്കുന്നു. അല്ലാഹു ന്യായം മാത്രം കല്‍പ്പിക്കുന്നു, സത്യം ഇഷ്ടപ്പെടുന്നു. നന്മയുടെ വക്താക്കള്‍ക്ക് അവന്‍ പദവി നല്‍കുന്നു. അത് കാരണം അവര്‍ അനുസ്മരിക്കപ്പെടുകയും പദവിയില്‍ വ്യത്യസ്തരാകുകയും ചെയ്യുന്നു. നിങ്ങള്‍ നേരം പുലര്‍ന്നിരിക്കുന്നത് സത്യത്തിന്റെ ഭൂമികയിലാണ്, അവന്റെ പൊരുത്തം ഉദ്ദേശിച്ചു കൊണ്ടല്ലാതെ നിങ്ങളിവിടെ ചെയ്യുന്നതൊന്നും അവന്‍ സ്വീകരിക്കില്ല. പ്രയാസ ഘട്ടങ്ങളിലെ ക്ഷമ കാരണം അല്ലാഹു ദുഃഖം അകറ്റുന്നു. പരിഭ്രമത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നു.

പരലോകത്ത് നിങ്ങള്‍ക്ക് വിജയം ലഭിക്കുന്നു. മുന്നറിയിപ്പും ഉപദേശങ്ങളും നല്‍കാന്‍ അല്ലാഹുവിന്റെ പ്രവാചകര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. അല്ലാഹു നിങ്ങളോട് കോപിക്കാനിടവരുന്ന കാര്യങ്ങളെ പറ്റി നിങ്ങള്‍ ലജ്ജിക്കുക. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ സ്വശരീരത്തോട് കോപിക്കുന്നതിനേക്കാള്‍ വലുതാണ് അല്ലാഹുവിന്റെ കോപം’. പരിശുദ്ധ ഖുര്‍ആനിലൂടെ നിങ്ങളെ അവന്‍ കല്‍പ്പിക്കുകയും അറിയിക്കുകയും നിന്ദ്യതകള്‍ക്കു ശേഷം നിങ്ങള്‍ക്ക് പ്രതാപം നല്‍കുകയും ചെയ്ത കാര്യം നിങ്ങള്‍ ചിന്തിക്കുക. നിങ്ങള്‍ക്കവന്‍ വാഗ്ദാനം ചെയ്ത പാപമോചനവും കാരുണ്യവും ലഭിക്കുന്നതിനായി ധീരതയോടെ നിലകൊള്ളുക. അവന്റെ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാണ്. വചനങ്ങള്‍ സത്യമാണ്. ശിക്ഷകള്‍ കഠിനമാണ്. അല്ലാഹുവില്‍ നാം അഭയം തേടി ഭാരമേല്‍പ്പിച്ചു. അവനിലേക്കാണ് മടക്കം. എനിക്കും മുസ്ലിംകള്‍ക്കും അല്ലാഹു പൊറുത്ത് നല്‍കട്ടെ (ഗസ്്വതു ബദ്രില്‍കുബ്റാ- 40)

എത്ര സൗമ്യത നിറഞ്ഞ വാക്കുകള്‍. ശത്രു നായകന്റെ വാക്കുകളുമായി ഇതൊന്ന് താരതമ്യം ചെയ്തു നോക്കൂ. എന്തിന് വേണ്ടിയാണ് ബദ്റില്‍ ധര്‍മസമരം നടന്നതെന്ന് ഇതില്‍ നിന്ന് വ്യക്തം. പ്രവാചകരുടെ ആ വാക്കുകള്‍ അക്ഷരം പ്രതി അനുചരര്‍ അനുസരിച്ചു. ധര്‍മത്തിന് വേണ്ടി അവര്‍ നിലകൊണ്ടു.

ആധുനിക രാഷ്ട്രതന്ത്രജ്ഞര്‍ക്ക് പോലും അനുകരിക്കാവുന്ന മാതൃകയാണത്. വാചിക പ്രയോഗങ്ങളില്‍ പോലും ബദ്്രീങ്ങള്‍ എതിരാളികളോട് അധാര്‍മികമായി പ്രതികരിച്ചില്ല. കുട്ടികളെയോ സ്ത്രീകളെയോ അവര്‍ ഒരിക്കലും അക്രമിച്ചില്ല. തടവുകാരോട് മാന്യമായാണ് സമീപിച്ചത്. എന്നാലിന്ന് നടക്കുന്നതെന്താണ്? ആശുപത്രികള്‍ ആക്രമിക്കുന്നു. കുട്ടികളെയും സ്ത്രീകളെയും കൊല്ലുന്നു. ഭക്ഷണത്തിന് യാചിക്കുന്നവര്‍ക്ക് നേരേ നിറയൊഴിക്കുന്നു. ഇവിടെയാണ് ബദ്റില്‍ ഏറ്റുമുട്ടിയ രണ്ട് വിഭാഗങ്ങളില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട് എന്ന ഖുര്‍ആന്‍ വചനം പ്രസക്തമാകുന്നത്.

ആധുനിക രാഷ്ട്ര നേതാക്കള്‍ ബദ്റിന്റെ ഈ സന്ദേശം പിന്തുടര്‍ന്നിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുകയാണ്. പക്ഷേ, നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൂടുതല്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണവര്‍ പരിശ്രമിക്കുന്നത്. ബദ്്ര്‍ പോരാട്ട ചരിത്രത്തെ ദുര്‍വ്യാഖ്യാനിച്ച് തങ്ങളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിന് ഉപയോഗപ്പെടുത്തുന്ന അവാന്തര വിഭാഗങ്ങളും ഇന്ന് നിലവിലുണ്ട്. സമാധാനപരവും നീതിയിലധിഷ്ഠിതവുമായിരുന്നു ദീനിന്റെ വ്യാപനം എന്ന യാഥാര്‍ഥ്യത്തെ നിരാകരിക്കുകയാണവര്‍. അക്രമപരതയാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ മാര്‍ഗവും ലക്ഷ്യവും നന്നാകണമെന്ന സന്ദേശമാണ് ബദ്്ര്‍ സമൂഹത്തിന് സമ്മാനിക്കുന്നത്. ധര്‍മത്തിന്റെ, മാനവികതയുടെ ആ അതുല്യ മാതൃകകള്‍ ജീവിതത്തിലേക്ക് പറിച്ചു നടാനുള്ള ശേഷിയാണ് നാം ഈ ബദ്്ര്‍ദിനത്തില്‍ ആര്‍ജിക്കേണ്ടത്.

 

Latest