Connect with us

National

പ്രീണന രാഷ്ട്രീയം രാജ്യത്തെ നശിപ്പിച്ചു; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാന മന്ത്രി

'പ്രീണനത്തിനെതിരാണ് ഇത്തവണത്തെ ജനവിധി. മതസൗഹാര്‍ദത്തിനാണ് ജനം വോട്ട് ചെയ്തത്.' ബഹളം വെച്ച പ്രതിപക്ഷാംഗങ്ങള്‍ക്ക് സ്പീക്കറുടെ താക്കീത്.

Published

|

Last Updated

ന്യൂഡല്‍ഹി | പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനും ബഹളത്തിനുമിടയില്‍ ലോക്‌സഭയില്‍ മറുപടി പ്രസംഗം നടത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി. പ്രീണനത്തിനെതിരാണ് ഇത്തവണത്തെ ജനവിധിയെന്ന് പ്രധാന മന്ത്രി പറഞ്ഞു. മതസൗഹാര്‍ദത്തിനാണ് ജനം വോട്ട് ചെയ്തത്. രാജ്യം ആദ്യം എന്നതാണ് സര്‍ക്കാര്‍ നയം. പ്രീണന രാഷ്ട്രീയം രാജ്യത്തെ നശിപ്പിച്ചിരിക്കുകയാണ്. ചിലരുടെ വേദന മനസ്സിലാകും. നുണ പ്രചരിപ്പിച്ചിട്ടും അവര്‍ പരാജയപ്പെട്ടു.

രാജ്യത്ത് 2014ന് മുമ്പ് കടുത്ത നിരാശ നിലനിന്നിരുന്നു. പാവങ്ങള്‍ക്ക് വീട് ലഭിക്കാന്‍ കൈക്കൂലി നല്‍കണമായിരുന്നു. അഴിമതി മറയ്ക്കാന്‍ അഴിമതി എന്നതായിരുന്നു കോണ്‍ഗ്രസ്സ് ശൈലി. എന്‍ ഡി എ സര്‍ക്കാര്‍ പ്രതീക്ഷയായി. അസാധ്യമായത് സാധ്യമാക്കി. കശ്മീരില്‍ ജനാധിപത്യം പുലര്‍ന്നു. സാമ്പത്തിക രംഗത്ത് ഇന്ത്യ അതിവേഗം മുന്നേറുകയാണ്. വിദേശരാജ്യങ്ങള്‍ കടന്നുകയറിയപ്പോള്‍ മൗനം പാലിക്കുന്ന സമീപനമാണ് യു പി എ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നതെന്നും പ്രധാന മന്ത്രി ആരോപിച്ചു.

പ്രധാന മന്ത്രി സംസാരിക്കുന്നതിനിടെ പ്രതിപക്ഷം സഭയില്‍ ബഹളം വെക്കുന്നതില്‍ സ്പീക്കര്‍ രോഷാകുലനായി. ഇത് മാന്യതയല്ലെന്ന് സ്പീക്കര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോടു പറഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ക്ക് അദ്ദേഹം താക്കീത് നല്‍കി.