Ongoing News
ആപ്പിളിന്റെ ഏറ്റവും കനംകുറഞ്ഞ ഫോണ്‍; ഐഫോണ്‍ 17 അടുത്തവര്‍ഷം എത്തും
ആപ്പിളിന്റെ ഏറ്റവും കനംകുറഞ്ഞ ഫോണാകും ഐഫോണ്‍ 17 എന്നും പ്രചരിക്കുന്നുണ്ട്.
ആപ്പിളിന്റെ അടുത്ത തലമുറ ഫോണായ ഐഫോണ്‍ 17 വന്‍ മാറ്റങ്ങളോടെയാകും പുറത്തിറങ്ങുകയെന്ന് റിപ്പോര്‍ട്ട്. ഫോണിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതിനകം തന്നെ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അടുത്ത വര്‍ഷം മുതല്‍ ഐഫോണ്‍ പ്ലസ് മോഡലുകള്‍ നിര്‍ത്തലാക്കുമെന്നും പകരം ഐഫോണ്‍ എയര്‍ എന്ന മോഡല്‍ വരുമെന്നുമാണ് ടെക് ലോകത്തെ വാര്‍ത്തകള്‍.
ആപ്പിളിന്റെ ഏറ്റവും കനംകുറഞ്ഞ ഫോണാകും ഐഫോണ്‍ 17 എന്നും പ്രചരിക്കുന്നുണ്ട്. അന്താരാഷ്ട്ര ടെക് അനലിസ്റ്റായ ജെഫ് പു ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഐഫോണ്‍ 6-നേക്കാള്‍ കനംകുറഞ്ഞതാകും സ്ലിം മോഡല്‍ എന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. ആപ്പിളിന്റെ ഇതുവരെയുള്ള ഏറ്റവും കനം കുറഞ്ഞ ഐഫോണ്‍ 6 6.9 എം എം കനത്തിലാണ് പുറത്തിറങ്ങിയത്. ഐഫോണ്‍ 17 എയറിന് 6 എം എം കനം മാത്രമേ ഉണ്ടാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും പുതിയ ഐഫോണ്‍ 16 പ്രോയ്ക്കും ഐഫോണ്‍ 16 പ്രോ മാക്സിനും 8.25 എം എം കനം ഉണ്ട്. അതേസമയം ഐഫോണ്‍ 16, ഐ ഫോണ്‍ 16 പ്ലസ് എന്നിവ 7.8 എം എം ആണ് കനം.
മാത്രമല്ല ഐഫോണ്‍ 17 നായുള്ള ആപ്പിളിന്റെ അടുത്ത തലമുറ എ19 ചിപ്പുകള്‍ ടി എസ് എം സി ടെക്നോളജയിലാകും നിര്‍മിക്കുകയെന്നും ജെഫ് പു പറയുന്നു. ഐ ഫോണ്‍ 17 2025 സെപ്റ്റംബറില്‍ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസൈനിലും ക്യാമറയുടെ പ്രകടനത്തില്ലും പ്രകടമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് സൂചനകള്‍. രണ്ട് മോഡലുകളിലും ഒരു പുതിയ 48 എം പി ടെലിഫോട്ടോ റിയര്‍ ക്യാമറയ്ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. ഐഫോണ്‍ 17മോഡലില്‍ 12 ജിബി റാം ഉണ്ടാകുമെന്നാണ് വിവരം. നിലവിലെ ഐഫോണ്‍ 16 മോഡലുകളില്‍ 8 ജിബി റാമാണുള്ളത്.