Techno
ആപ്പിൾ ഇന്‍റലിജൻസ് ഏപ്രിലിൽ ഇന്ത്യയിൽ; തുടക്കത്തിൽ ഇംഗ്ലീഷിൽ
ആപ്പിളിന്‍റെ ഏറ്റവും വലിയ ത്രൈമാസ നേട്ടങ്ങൾ വിശദീകരിക്കുന്നതിനിടെ സിഇഒ ടിം കുക്കാണ് ‘ആപ്പിൾ ഇന്‍റലിജൻസ്’ വെളിപ്പെടുത്തിയത്.

ന്യൂഡൽഹി| ആപ്പിളിന്‍റെ എഐ പ്ലാറ്റ്‌ഫോം ‘ആപ്പിൾ ഇന്‍റലിജൻസ്’ ഏപ്രിലിൽ ഇന്ത്യയിൽ എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. പ്രാദേശിക ഭാഷാ പിന്തുണയോടെയാകും ആപ്പിൾ ഇന്‍റലിജൻസ് പ്രവർത്തിക്കുക. ഐഫോണുകൾക്കായുള്ള iOS 18.4 അപ്‌ഡേറ്റിന്‍റെ ഭാഗമായി ‘ആപ്പിൾ ഇന്‍റലിജൻസ്’ ലഭ്യമാകും. തുടക്കത്തിൽ ഇംഗ്ലീഷിലാകും എഐ പ്രവർത്തനം. പിന്നീട് പ്രാദേശിക ഭാഷകളിലും എഐ അസിസ്റ്റൻസ് ലഭിക്കും.
ആപ്പിളിന്‍റെ ഏറ്റവും വലിയ ത്രൈമാസ നേട്ടങ്ങൾ വിശദീകരിക്കുന്നതിനിടെ സിഇഒ ടിം കുക്കാണ് ‘ആപ്പിൾ ഇന്‍റലിജൻസ്’ വെളിപ്പെടുത്തിയത്. ആപ്പിൾ കമ്പനി ചരിത്രത്തിലെ ഏറ്റവും വലിയ ത്രൈമാസ വരുമാനമാണ് 2025 ക്വാർട്ടർ വണ്ണിൽ നേടിയിരിക്കുന്നത്. “ആപ്പിൾ ഇന്‍റലിജൻസ്’ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു. ഏപ്രിലിൽ ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, പോർച്ചുഗീസ്, സ്പാനിഷ്, ജാപ്പനീസ്, കൊറിയൻ, ചൈനീസ് എന്നിവയുൾപ്പെടെ കൂടുതൽ ഭാഷകളിലേക്ക് ‘ആപ്പിൾ ഇന്‍റലിജൻസ്’ കൊണ്ടുവരും. അതുപോലെ സിംഗപ്പൂരിലേക്കും ഇന്ത്യയിലേക്കും ‘ആപ്പിൾ ഇന്‍റലിജൻസ്’ എത്തും’‐ ടിം കുക്ക് പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് ‘ആപ്പിൾ ഇന്‍റലിജൻസ്’ കമ്പനി അവതരിപ്പിച്ചത്. തുടക്കത്തിൽ, ഇത് യുഎസ് ഇംഗ്ലീഷിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. പിന്നീട് യുകെ, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ പ്രദേശങ്ങൾക്കായി പ്രാദേശികവൽക്കരിച്ച ഇംഗ്ലീഷ് ഉൾപ്പെടുത്തി വികസിപ്പിച്ചു.