National
കെജ്രിവാളിന്റെ ഐ ഫോണ്‍ അണ്‍ലോക്ക് ചെയ്ത് നല്‍കണമെന്ന ഇഡിയുടെ ആവശ്യം തള്ളി ആപ്പിള്‍
മൊബൈല്‍ ഫോണ്‍ ഉടമയുടെ പാസ്‌വേഡ് ഉപയോഗിച്ച് മാത്രമേ ഡാറ്റ അക്‌സസ് ചെയ്യാന്‍ സാധിക്കൂവെന്നും വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ കഴിയില്ലെന്നും കമ്പനി അറിയിച്ചു.
ന്യൂഡല്‍ഹി| മദ്യനയ അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഐ ഫോണ്‍ അണ്‍ലോക്ക് ചെയ്ത് നല്‍കണമെന്ന ഇ.ഡിയുടെ ആവശ്യം തള്ളി ആപ്പിള്‍ കമ്പനി. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി കെജ്രിവാളിന്റെ ഐ ഫോണ്‍ ആക്സസ് ചെയ്ത് നല്‍കണമെന്ന് ഇ.ഡി ആപ്പിളിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉടമയുടെ പാസ്‌വേഡ് ഉപയോഗിച്ച് മാത്രമേ ഡാറ്റ അക്‌സസ് ചെയ്യാന്‍ സാധിക്കൂവെന്നും വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ കഴിയില്ലെന്നും കമ്പനി അറിയിച്ചു.
മദ്യനയ അഴിമതിക്കേസില്‍ മാര്‍ച്ച് 21നാണ് കെജ്രിവാളിനെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അന്ന് രാത്രി തന്നെ കെജ്രിവാള്‍ ഐഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. പാസ്വേഡ് ഇഡി ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു. തന്റെ മൊബൈല്‍ ഫോണ്‍ ഡാറ്റയും ചാറ്റുകളും ആക്സസ് ചെയ്യുന്നതിലൂടെ ആംആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രവും വിശദാംശങ്ങളും ഇ.ഡിക്ക് ലഭിക്കുമെന്ന് കെജ്രിവാള്‍ നേരത്തെ പറഞ്ഞിരുന്നു.