Connect with us

Ongoing News

ഐഫോൺ 16 ചെന്നൈയിൽ ഉത്പാദിപ്പിക്കാനൊരുങ്ങി ആപ്പിൾ; ഇന്ത്യയിൽ വില കുറയും

ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 16 ഒരു മാസത്തിനകം വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Published

|

Last Updated

ചെന്നൈ | ടെക് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഐ ഫോൺ 16 മോഡലിന് ഇന്ത്യയിൽ വില കുറഞ്ഞ് ലഭിക്കാൻ സാഹചര്യമൊരുങ്ങി. ആപ്പിളിന്റെ ചെന്നൈ ഫാക്ടറിയിൽ ഐ ഫോൺ നിർമാണത്തിന് ഒരുക്കങ്ങൾ തുടങ്ങിയതതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഐഫോണ്‍ 16 സ്മാര്‍ട്‌ഫോണുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആപ്പിള്‍ ഇന്ത്യന്‍ ഫാക്ടറികളില്‍ ജീവനക്കാർക്ക് പരിശീലനം ആരംഭിച്ചതായി വിവരങ്ങളുണ്ട്. ചെന്നൈ ശ്രീപെരുമ്പത്തൂരിലെ ഫോക്‌സ്‌കോണ്‍ ഫാക്ടറിയിലാണ് ഐഫോണ്‍ 16 പ്രോ, പ്രോ മാക്‌സ് മോഡലുകളുടെ നിര്‍മാണ പരിശീലനം നടക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് ന്യൂസാണ് റിപ്പോർട്ട് ചെയ്യുന്നത്. ആപ്പിളിന്റെ ഇന്ത്യയിലെ മറ്റ് നിര്‍മാണ പങ്കാളികളായ പെഗട്രോണ്‍, ടാറ്റ ഗ്രൂപ്പ് എന്നീ കമ്പനികളിലും പ്രോ വേര്‍ഷനുകളുടെ ഉത്പാദനം ആരംഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നതോടെ ഈ ഫോണിന് ഇവിടെ വില കുറയാൻ സാധ്യത ഏറെയാണ്.

ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 16 ഒരു മാസത്തിനകം വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ഐഫോൺ 16ന്റെതെന്ന് സംശയിക്കുന്ന ഡിസൈൻ പുറത്തുവന്നിരുന്നു. അമേരിക്കൻ സോഷ്യൽ നെറ്റ്വർക്ക് ഫോറമായ റെഡ്ഡിറ്റിലൂടെയാണ് ഡിസൈൻ പുറത്തുവന്നത്. ഫോണിന്റെ പിൻഭാഗത്തിന്റെ ഡിസൈൻ മാത്രമാണ് പുറത്തുവന്ന ചിത്രത്തിൽ ഉള്ളത്. ഇതിൽ പ്രധാനമായും ക്യാമറ യൂണിറ്റാണ് വ്യക്തമാകുന്നത്.
കുത്തനെ ഗുളിക ഷേപ്പിൽ ഉള്ള ഇരട്ട കാമറകൾ ഐഫോൺ എക്സിനോട് സമാനമുള്ളതാണ്. ഇതിൽ സ്പേഷ്യൽ വീഡിയോ റെക്കോർഡിങ് സൗകര്യവും ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. നേരത്തെ ഇത് ഐഫോൺ 15 പ്രൊയിൽ മാത്രമേ ലഭിച്ചിരുന്നുള്ളൂ. മാത്രമല്ല 15ൽ നിന്ന് 16 മോഡലിലേക്ക് എത്തുമ്പോൾ ഫ്ലാഷിലും വ്യത്യാസം ഉണ്ടാകുമെന്നാണ് പുറത്തുവന്ന ചിത്രം നൽകുന്ന സൂചന. ചിത്രത്തിലുള്ള പ്രകാരം ക്യാമറ യൂണിറ്റിൽ നിന്നും മാറി ഒരു തുരുത്ത് പോലെയാണ് ഫ്ലാഷ് നൽകിയിരിക്കുന്നത്. 15ൽ ഇത് ക്യാമറ യൂണിറ്റിനോടൊപ്പം തന്നെയായിരുന്നു.

ഐഫോൺ 16 വെള്ള കറുപ്പ് നിറങ്ങൾക്കൊപ്പം നീല, പച്ച, പിങ്ക് നിറങ്ങളിലും ലഭ്യമാകും എന്നാണ് കരുതുന്നത്. നേരത്തെ പുറത്തുവന്ന സൂചനകൾ പ്രകാരം 6.1 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ, A18 ബയോണിക് ചിപ്പ് എന്നിവ ഉൾപ്പെടുത്തിയാണ് പുറത്തിറങ്ങാൻ പോകുന്നത്. അധികം വൈകാതെ ഐഫോൺ 16നെ വിപണിയിൽ പ്രതീക്ഷിക്കാം.