Techno
ആപ്പിള്‍ ഐഫോണ്‍ 15 സെപ്തംബര്‍ 12ന് അവതരിപ്പിക്കും
ഐഫോണ്‍ 15 ഇന്ത്യയിലെത്തുക 79,900 രൂപ മുതലുള്ള വിലയില്‍ ആയിരിക്കും.
ന്യൂഡല്‍ഹി| സ്മാര്‍ട്ട്‌ഫോണ്‍ വിപണി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആപ്പിള്‍ ഐഫോണ്‍ 15ന്റെ അവതരണം സെപ്തംബര്‍ 12ന് നടക്കും. മുന്‍ തലമുറ മോഡലായ ഐഫോണ്‍ 14യുടെ അതേ വിലയുമായിട്ടായിരിക്കും ഐഫോണ്‍ 15 അമേരിക്കയില്‍ അവതരിപ്പിക്കുക എന്നാണ് സൂചനകള്‍. 799 ഡോളറായിരുന്നു ഐഫോണ്‍ 14ന്റെ വില. ഐഫോണ്‍ 15 ഇന്ത്യയിലെത്തുക 79,900 രൂപ മുതലുള്ള വിലയില്‍ ആയിരിക്കും.
ഐഫോണ്‍ 15 പ്രോയുടെ വില 1,099 ഡോളര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തെ മോഡലായ ഐഫോണ്‍ 14 പ്രോയ്ക്ക് 999 ഡോളറായിരുന്നു വില. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ വില കൂടുതലാണ്. ഐഫോണ്‍ പ്രോ മോഡല്‍ ഇന്ത്യയില്‍ 1,39,900 രൂപയ്ക്ക് അവതരിപ്പിക്കുമെന്നും സൂചനകളുണ്ട്.
പുറത്തിറങ്ങാന്‍ പോകുന്ന ഐഫോണ്‍ 15 പ്രോ മാക്സ് എന്ന മോഡലിന് 1,299 ഡോളറായിരിക്കും വിലയെന്നാണ് ലീക്ക് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇന്ത്യയില്‍ ആപ്പിളിന്റെ പുതിയ പ്രോ മാക്‌സ് മോഡല്‍ 1,59,900 രൂപ വിലയുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വില വിവരങ്ങളെല്ലാം ലീക്ക് റിപ്പോര്‍ട്ടുകളാണ്. ആപ്പിള്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായി സൂചനകളും നല്‍കിയിട്ടില്ല.
എല്ലാ ഐഫോണ്‍ 15 മോഡലുകളും ആപ്പിളിന്റെ ഏറ്റവും പുതിയ ഡൈനാമിക് ഐലന്‍ഡ് നോച്ചുമായി വരുമെന്നാണ് ലീക്ക് റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ 14 പ്രോ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി ഐഫോണ്‍ 15 പ്രോ മോഡലുകള്‍ക്ക് ചെറിയ ബെസലുകളായിരിക്കും ഉണ്ടായിരിക്കുക. സ്ലീക്കര്‍, കര്‍വ്ഡ് അരികുകള്‍ എന്നിവയ്‌ക്കൊപ്പം പരന്ന ഡിസൈനില്‍ തന്നെയാകും ഡിസ്‌പ്ലേകള്‍ നല്‍കുന്നത്. ഐഫോണ്‍ 15 പ്രോയും പ്രോ മാക്‌സും പുതിയ എ 17 ചിപ്സെറ്റ് ഉപയോഗിക്കുമെന്നാണ് സൂചനകള്‍. മറ്റ് രണ്ട് മോഡലുകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ എ16 ചിപ്പായിരിക്കം ഉണ്ടാവുക.