Connect with us

Education Notification

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു

മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈനര്‍, പാഴ്‌സി എന്നീ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം | രാജ്യത്തെ പ്രഖ്യാപിത ന്യൂനപക്ഷങ്ങളായ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈനര്‍, പാഴ്‌സി എന്നീ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് അപേക്ഷകള്‍ ക്ഷണിച്ചു. ബി പി എല്‍ വിഭാഗക്കാര്‍ക്ക് പ്രഥമ പരിഗണന ലഭിക്കും. ബി പി എല്‍ വിഭാഗക്കാരുടെ അഭാവത്തില്‍ എ പി എല്‍ വിഭാഗക്കാരില്‍ എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെയും പരിഗണിക്കും.

സി എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്, സി എ/  സി എ/ സി എം എ/ സിഎസ് സ്‌കോളര്‍ഷിപ്പ്, മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ്, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്, സിവില്‍ സര്‍വീസ് സ്‌കീം, ഇബ്റാഹീം സുലൈമാന്‍ സേട്ട് ഉര്‍ദു സ്‌കോളര്‍ഷിപ്പ്, എ പി ജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പ്, സ്വകാര്യ ഐ ടി ഐകളില്‍ പഠിക്കുന്നവര്‍ക്കുള്ള ഫീ റീ ഇംപേഴ്‌സ്‌മെൻ്റ് സ്‌കീം എന്നിവയിലാണ് അപേക്ഷ ക്ഷണിച്ചത്.

www.minortiywelfare.kerala.gov.in വെബ്‌സൈറ്റിലെ സ്‌കോളര്‍ഷിപ്പ് ലിങ്കിലുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമവകുപ്പ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തിലും ജില്ലാ കളക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്ലുകളുമായും ബന്ധപ്പെടാവുന്നതാണ്.

സി എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്
ബിരുദം, ബിരുദാന്തരബിരുദം, പ്രൊഫഷനല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കാണ് സി എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനാവുക. ഹോസ്റ്റല്‍ സ്‌റ്റെപ്പന്റ്, പ്രതിവര്‍ഷ സ്‌കോളര്‍ഷിപ്പ് ഇവയില്‍ ഒന്നിന് അപേക്ഷിക്കാം. ബിരുദം 5,000 രൂപ, ബിരുദാനന്തര ബിരുദം 6,000 രൂപ, പ്രൊഫഷനല്‍ കോഴ്‌സുകള്‍ 7,000 രൂപ, ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് 13,000 രൂപ എന്നിങ്ങനെയാണ് സ്‌കോളര്‍ഷിപ്പ് തുക.

സി എ/സി എം എ/സിഎസ് സ്‌കോളര്‍ഷിപ്പ്

സി എ, സി എം എ, സി എസ് കോഴ്‌സുകളില്‍ ഫൈനല്‍, ഇന്റര്‍ മീഡിയറ്റ് യോഗ്യത നേടുന്നതിനായി പരിശീലന കോഴ്‌സുകളില്‍ പങ്കെടുക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. പ്രതിവര്‍ഷം 15,000 രൂപ സ്‌കോളര്‍ഷിപ്പ് തുകയായി ലഭിക്കും.

മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ്

കേരളത്തിലെ ഗവണ്‍മെന്റ് നേഴ്‌സിംഗ് കോളജുകളില്‍ നേഴ്‌സിംഗ് ഡിപ്ലോമ, പാരാ മെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാം. യോഗ്യതാ പരീക്ഷയില്‍ 45 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവരായിരിക്കണം. സ്‌കോളര്‍ഷിപ്പില്‍ 50 ശതമാനം പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. 15,000 രൂപയാണ് പ്രതിവര്‍ഷ സ്‌കോളര്‍ഷിപ്പ് തുക.

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്

എസ് എസ് എല്‍ സി, പ്ലസ് ടു, വി എച്ച് എസ് ഇ പരീക്ഷകള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയവര്‍ക്കും, ബിരുദത്തിന് 80 ശതമാനം മാര്‍ക്ക്, ബിരുദാനന്തര ബിരുദത്തിന് 75 ശതമാനം മാര്‍ക്ക് നേടി വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. എസ് എസ് എല്‍ സി, പ്ലസ് ടു, വി എച്ച് എസ് ഇ വിഭാഗത്തിന് 10,000 രൂപയും ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് 15,000 രൂപയും സ്‌കോളര്‍ഷിപ്പ് തുകയായി ലഭിക്കും.

സിവില്‍ സര്‍വീസ് സ്‌കീം

സിവില്‍ സര്‍വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് കോഴ്‌സ് ഫീ, ഹോസ്റ്റല്‍ ഫീസ് റീ ഇംബേഴ്‌സ്‌മെന്റ് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയാണിത്. കോഴ്‌സ് ഫീ ഇനത്തില്‍ പ്രതിവര്‍ഷം 20,000 രൂപയും ഹോസ്റ്റല്‍ ഫീ ഇനത്തില്‍ 10,000 രൂപയും സ്‌കോളര്‍ഷിപ്പ് തുകയായി ലഭിക്കും.

ഇബ്രാഹിം സുലൈമാന്‍ സേട്ട് ഉര്‍ദു സ്‌കോളര്‍ഷിപ്പ്

ഉറുദു ഒന്നാം ഭാഷയായി പഠിച്ച, എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്കും ഉറുദു രണ്ടാം ഭാഷയായി പഠിച്ച ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പ്രതിവര്‍ഷം 1,000 രൂപ സ്‌കോളര്‍ഷിപ്പ് തുകയായി ലഭിക്കും.

എ പി ജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പ്

സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളില്‍ ത്രിവത്സര ഡിപ്ലോമ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 30 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. പ്രതിവര്‍ഷം 6,000 സ്‌കോളര്‍ഷിപ്പ് തുകയായി ലഭിക്കും.

സ്വകാര്യ ഐ ടി ഐകളില്‍ പഠിക്കുന്നവര്‍ക്കുള്ള ഫീ റീ ഇംപേഴ്‌സ്‌മെന്റ് സ്‌കീം

സ്വകാര്യ ഐ ടി ഐകളില്‍ ഒരു വര്‍ഷം അല്ലെങ്കില്‍ രണ്ടു വര്‍ഷ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഇതില്‍ 10 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഒരു വര്‍ഷ കോഴിസിന് 10,000 രൂപയും രണ്ട് വര്‍ഷ കോഴ്‌സിന് 20,000 രൂപയും എന്ന തോതില്‍ ഫീസ് റീ ഇംപേഴ്‌സ്‌മെന്റ് ആയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.