Kerala
അപേക്ഷകള്‍ ഫയലുകളില്‍ ഉറങ്ങുന്നു; സംസ്ഥാനത്ത് 63304 കുടുംബങ്ങള്‍ ഇപ്പോഴും പുറമ്പോക്കില്‍
ഇടുക്കി ജില്ലയിള്‍ മാത്രം കെട്ടിക്കിടക്കുന്നത് 42117 കുടുംബങ്ങളുടെ അപേക്ഷകള്‍
പത്തനംതിട്ട| മെല്ലെ പോക്ക് കാരണം സംസ്ഥാനത്ത് പുറമ്പോക്കില്‍ താമസിക്കുന്ന 63304 കുടുംബങ്ങളുടെ പട്ടയത്തിന് വേണ്ടിയുള്ള അപേക്ഷകള്‍ സര്‍ക്കാര്‍ ഫയലുകളില്‍ കെട്ടികിടക്കുന്നതായി നിയമസഭാ രേഖകള്‍ വ്യക്തമാക്കുന്നു. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ പുറമ്പോക്കില്‍ താമസിക്കുന്നത്. 42117 കുടുംബങ്ങളുടെ അപേക്ഷകളാണ് സര്‍ക്കാരിന്റെ കനിവും കാത്ത് ഇരിക്കുന്നത്.
ഏറ്റവും കുറവ് അപേക്ഷകളുള്ളത് വയനാടും. ഇവിടെ 44 കുടുംബങ്ങളുടെ അപേക്ഷകളിലാണ് റവന്യു വകുപ്പ് തീര്‍പ്പ് കല്‍പ്പിക്കാനുള്ളത്. തിരുവനന്തപുരത്ത് 3304 ,കൊല്ലത്ത് 905 , ആലപ്പുഴയില്‍ 156 , പത്തനംതിട്ടയില്‍ 415 , കോട്ടയത്ത് 8102 , എറണ്ണാകുളത്ത് 2023 , തൃശ്ശൂരില്‍ 1877 , പാലക്കാട് 518 , മലപ്പുറത്ത് 1051 , കോഴിക്കോട് 787 , കണ്ണൂരില്‍ 68 , കാസര്‍ഗോഡ് 1937 കുടുംബങ്ങള്‍ക്കും പട്ടയം നല്‍കുന്നതിന് വേണ്ടിയുള്ള അപേക്ഷകള്‍ സര്‍ക്കാര്‍ ഫയലുകളിലാണ്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പുറമ്പോക്കില്‍ താമസിക്കുന്ന 23822 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയതായും റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, കെ ജെ മാക്‌സി എം എല്‍ എയ്ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു.