Connect with us

Kerala

നിയമന വിവാദം തുടരുന്നു; പ്രിയ വര്‍ഗീസിന് മറ്റ് ഉദ്യോഗാര്‍ഥികളേക്കാള്‍ ഏറ്റവും കുറഞ്ഞ റിസര്‍ച്ച് സ്‌കോര്‍

നിയമന റാങ്ക് ലിസ്റ്റില്‍ പ്രിയ വര്‍ഗീസ് ഒന്നാമതെത്തിയത് വഴിവിട്ട നീക്കത്തിലൂടെയാണെന്ന് സംശയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം | കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിക്കാനുള്ള നീക്കത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. നിയമന റാങ്ക് ലിസ്റ്റില്‍ പ്രിയ വര്‍ഗീസ് ഒന്നാമതെത്തിയത് വഴിവിട്ട നീക്കത്തിലൂടെയാണെന്ന് സംശയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്.

ഉദ്യോഗാര്‍ത്ഥികളില്‍ ഏറ്റവും കുറഞ്ഞ റിസര്‍ച്ച് സ്‌കോര്‍ പ്രിയ വര്‍ഗീസിനാണ്. എന്നിട്ടും അഭിമുഖത്തില്‍ ലഭിച്ച ഉയര്‍ന്ന മാര്‍ക്കാണ് പ്രിയക്ക് ഒന്നാം റാങ്ക് കിട്ടാന്‍ കാരണമെന്ന് രേഖയില്‍ നിന്ന് വ്യക്തമാകുന്നു. പ്രിയയുടെ റിസര്‍ച്ച് സ്‌കോര്‍ 156 ആണ്. രണ്ടാം റാങ്ക് കിട്ടിയ ജോസഫ് സ്‌കറിയയുടെ റിസര്‍ച്ച് സ്‌കോര്‍ 651 ആണ്. പ്രിയയുടെ 8 വര്‍ഷത്തെ അധ്യാപന പരിചയത്തിന് രണ്ട് വര്‍ഷം സ്റ്റുഡന്റ്‌സ് ഡയറക്ടറായ കാലയളവും പരിഗണിച്ചു എന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ പ്രിയ വര്‍ഗ്ഗീസിനെ കണ്ണൂരില്‍ അസോസിയേറ്റ് പ്രൊഫസറാക്കി നിയമിക്കാനുള്ള നീക്കം വലിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. വിവാദത്തെ തുടര്‍ന്ന് നിയമനം നല്‍കാതെ റാങ്ക് പട്ടിക മാറ്റിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് ലഭിച്ച പട്ടിക അംഗീകരിച്ചു. പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയതിനുള്ള പരിതോഷികമായാണ് ഡോ ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വകലാശാലയില്‍ വിസി ആയി പുനര്‍നിയമനം ലഭിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 7 മുതല്‍ പ്രിയ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഡയറക്ടറായി ഡെപ്യൂട്ടേഷനിലാണ്. ഡെപ്യൂട്ടേഷന്‍ കാലാവധി ഇപ്പോള്‍ ഒരു വര്‍ഷം കൂടി നീട്ടിയിരിക്കുകയാണ്.

Latest