Kerala
നിയമന വിവാദം: കെ കെ രാഗേഷിന്റെ പേര് വലിച്ചിഴക്കുന്നതിനെ വിമർശിച്ച് പ്രിയ വർഗീസ്
"ഞാനും കെ. കെ. രാഗേഷും തമ്മിൽ ഉള്ളത് അച്ഛൻ മകൾ ബന്ധമൊന്നുമല്ല. ഒന്നിച്ചു ജീവിക്കാം എന്നൊരു കരാർ മാത്രമാണ് ആ കരാർ ഞങ്ങളിൽ ആരെങ്കിലും ഒരാൾ അവസാനിപ്പിച്ചാൽ പിന്നെ നിങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഭാര്യ എന്ന് സ്റ്റോറി കൊടുക്കാനുള്ള സ്കോപ്പ് അതോടെ അവസാനിക്കും. അല്ലെങ്കിൽ അത്രയേ ഉള്ളൂ നിങ്ങടെ സ്റ്റോറിക്ക് കെട്ടുറപ്പ്"
കണ്ണൂർ | അസോസിയേറ്റ് പ്രൊഫസർ നിയമന വിവാദത്തിൽ ഭർത്താവ് രാഗേഷിന്റെ പേര് വലിച്ചിഴച്ചതിന് മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രിയ വർഗീസ് രംഗത്ത്. താനും കെ കെ രാഗേഷും തമ്മിൽ ഉള്ളത് ഒന്നിച്ചു ജീവിക്കാം എന്നൊരു കരാർ മാത്രമാണെന്നും ആ കരാർ തങ്ങളിൽ ആരെങ്കിലും ഒരാൾ അവസാനിപ്പിച്ചാൽ നിങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഭാര്യ എന്ന് സ്റ്റോറി കൊടുക്കാനുള്ള സ്കോപ്പ് അതോടെ അവസാനിക്കുമെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
“യഥാർത്ഥത്തിൽ ഒരു ജോസഫ് സ്‌കറിയയും ഒരു പ്രിയാ വർഗീസും തമ്മിൽ ഒരു അപ്പകഷ്ണത്തിന് വേണ്ടി പഴയ മുത്തശ്ശി കഥകളിലെ പൂച്ചകളെപ്പോലെ പോയി അപ്പമൊന്നും കിട്ടാതെ തിരിച്ചു വന്ന കഥയെയാണ് സർക്കാർ ഗവർണർ പോര് പാർട്ടി പോര് Vs തലമുറകൾക്ക് വേണ്ടിയുള്ള പോര് എന്നൊക്കെ പൊലിപ്പിക്കുന്നത്. എന്റെ പൊലിപ്പീരുകാരെ ഒറ്റ ഒരു കാര്യം ചോദിച്ചോട്ടെ ഞാനും കെ. കെ. രാഗേഷും തമ്മിൽ ഉള്ളത് അച്ഛൻ മകൾ ബന്ധമൊന്നുമല്ല. ഒന്നിച്ചു ജീവിക്കാം എന്നൊരു കരാർ മാത്രമാണ് ആ കരാർ ഞങ്ങളിൽ ആരെങ്കിലും ഒരാൾ അവസാനിപ്പിച്ചാൽ പിന്നെ നിങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഭാര്യ എന്ന് സ്റ്റോറി കൊടുക്കാനുള്ള സ്കോപ്പ് അതോടെ അവസാനിക്കും. അല്ലെങ്കിൽ അത്രയേ ഉള്ളൂ നിങ്ങടെ സ്റ്റോറിക്ക് കെട്ടുറപ്പ്”- പ്രിയ വർഗീസ് പറഞ്ഞു.
“ഇനി അതല്ല കെ. കെ. രാഗേഷ് എന്ന പാർട്ടി അംഗത്തെ പാർട്ടി അങ്ങ് പുറത്താക്കി എന്ന് വെക്കുക. അപ്പോഴും സ്റ്റോറിലൈൻ പൊട്ടും. പാലോറ മാത മുതൽ പുഷ്പൻ വരെയുള്ള ഈ പ്രസ്ഥാനത്തിൽ കെ. കെ. രാഗേഷ് എന്നത് എപ്പൊ വേണമെങ്കിലും ഒരു പൂവ് വീഴുമ്പോലെ വീഴാവുന്ന ഒരാളാണെന്ന് കാണാൻ നിങ്ങൾ പഠിച്ച സ്കൂളുകളിൽ ഒന്നും വാങ്ങാൻ കിട്ടുന്ന കണ്ണട വെച്ചാൽ പറ്റില്ല എന്നറിയാം. എങ്കിലും യഥാർത്ഥ കാഴ്ച ഇല്ലാതാവുന്നില്ല. അത് പറഞ്ഞു എന്ന് മാത്രം.” – അവർ വ്യക്തമാക്കി.
2021നവംബർ 18ന് നടന്ന ഒരു ഇന്റർവ്യൂവിന്റെ -യഥാർത്ഥത്തിൽ ഇന്റർവ്യൂവിന്റെ അല്ല ചുരുക്കപ്പട്ടികയുടെ -റാങ്ക് ലിസ്റ്റ്നെ ചൊല്ലിയാണല്ലോ തർക്കം.(നിയമനവും നിയമന ഉത്തരവ് പോലും സംഭവിച്ചിട്ടില്ല -മാധ്യമ ഭാഷ കണ്ടു തെറ്റിദ്ധരിച്ചു പോകരുത് ). ഇതിലിപ്പോ പ്രിയാ വർഗീസ് എന്ന വ്യക്തിക്ക് സങ്കടപ്പെടാൻ മാത്രം ഒന്നുമില്ലെന്നും അവർ പറഞ്ഞു.