Editorial
ജസ്റ്റിസ് നസീറിന്റെ ഗവര്‍ണര്‍ നിയമനം
ഭരണകൂടം ഏതെങ്കിലും പദവികളോ ആനുകൂല്യങ്ങളോ വെച്ചുനീട്ടിയാല്‍ തന്നെ അത് നിരസിക്കാനുള്ള ആര്‍ജവവും വക്തിത്വ ഔന്നത്യവുമാണ് വിരമിച്ച ന്യായാധിപന്മാര്‍ കാണിക്കേണ്ടത്. ജുഡീഷ്യറിയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ ന്യയാധിപന്മാര്‍ക്കാണ് മറ്റാരേക്കാളും ബാധ്യത.
ബാബരി മസ്ജിദ് ഭൂമി ഹിന്ദുത്വര്‍ക്ക് വിട്ടുകൊടുത്ത് കൊണ്ടുള്ള വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ബഞ്ചിലെ ജസ്റ്റിസ് എസ് അബ്ദുന്നസീറിനും ലഭിച്ചിരിക്കുന്നു മോദി സര്‍ക്കാറിന്റെ പാരിതോഷികം. ആന്ധ്രാപ്രദേശിന്റെ നിയുക്ത ഗവര്‍ണറായി അദ്ദേഹത്തെ നിയമിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച് അഞ്ചാഴ്ചക്കകമാണ് ജസ്റ്റിസ് നസീറിനെ ഗവര്‍ണര്‍ സ്ഥാനത്ത് നിയമിച്ചു കൊണ്ടുള്ള ഉത്തരവ് വന്നത്. നോട്ട് നിരോധിച്ച സര്‍ക്കാര്‍ നടപടി ശരിവെക്കുകയും മുത്വലാഖ് നിരോധിക്കുകയും ചെയ്ത കോടതി ബഞ്ചുകളിലെ അംഗവുമായിരുന്നു ജസ്റ്റിസ് എസ് അബ്ദുന്നസീര്‍. നീതിപീഠത്തിലിരിക്കെ തന്നെ ആര്‍ എസ് എസ് അഭിഭാഷക സംഘടനയുടെ ചടങ്ങില്‍ പങ്കെടുത്ത്, മനുവിന്റെ നീതിമാര്‍ഗമാണ് ഇന്ത്യ പിന്തുടരേണ്ടതെന്ന് പ്രസ്താവിക്കുക വഴി സംഘ്പരിവാറിന്റെ പ്രീതിക്ക് പാത്രമായ വ്യക്തി കൂടിയാണ് അദ്ദേഹം. ബാബരി ഭൂമി കേസ് വിധി പറഞ്ഞ കോടതി ബഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് സര്‍ക്കാര്‍ രാജ്യസഭാ അംഗത്വ പദവി നല്‍കുകയും ജസ്റ്റിസ് അശോക് ഭൂഷണെ നാഷനല്‍ കമ്പനി ലോ അപ്പലെറ്റ് ട്രൈബ്യൂണല്‍ (എന്‍ സി എല്‍ എ ടി) ചെയര്‍ പേഴ്സനായി നിയമിക്കുകയും ചെയ്തിട്ടുണ്ട്.
ന്യായാധിപന്മാരുടെ കാര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഉപകാര സ്മരണ ഇതുകൊണ്ടവസാനിക്കുന്നില്ല. ജസ്റ്റിസ് പി സദാശിവനെ കേരള ഗവര്‍ണറായും ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയലിനെ ദേശീയ ഹരിത ട്രൈബ്യൂണല്‍ അധ്യക്ഷനായും ജസ്റ്റിസ് എസ് സി അഗര്‍വാളിനെ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ചെയര്‍മാനായും നിയമിക്കപ്പെട്ടതും കേന്ദ്രത്തിന്റെ ഉപകാര സ്മരണയായിരുന്നു. അമിത് ഷാക്കെതിരായുള്ള തുളസിറാം പ്രജാപതി കേസിലെ രണ്ടാം എഫ് ഐ ആര്‍ റദ്ദാക്കിയത് ജസ്റ്റിസ് പി സദാശിവനായിരുന്നു. സി ബി ഐ സ്പെഷ്യല്‍ ഡയറക്ടറായി ആര്‍ കെ അസ്താനയെ നിയമിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത ഹരജി തള്ളിയ സുപ്രീം കോടതി ബഞ്ചില്‍ ഉള്‍പ്പെട്ടിരുന്നു ജസ്റ്റിസ് ആര്‍ കെ അഗര്‍വാള്‍. പട്ടിക വിഭാഗത്തിനെതിരായ അതിക്രമം തടയാനുള്ള നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീം കോടതി ജഡ്ജിമാരില്‍ ഒരാളാണ് ജസ്റ്റിസ് ഗോയല്‍. കേന്ദ്രം ആഗ്രഹിച്ച പോലെ നിയമത്തില്‍ വെള്ളം ചേര്‍ത്ത് ഉത്തരവിറക്കിയതിനുള്ള ‘ഉപകാര സ്മരണ’യെന്നാണ് ഗോയലിന്റെ ട്രൈബ്യൂണല്‍ അധ്യക്ഷ നിയമനത്തെ എന്‍ ഡി എ ഘടക കക്ഷിയായ എല്‍ ജെ പി നേതാവും നരേന്ദ്ര മോദി മന്ത്രിസഭയിലെ അംഗവുമായിരുന്ന രാംവിലാസ് പാസ്വാന്‍ തന്നെ വിലയിരുത്തിയത്.
വിരമിച്ച ജഡ്ജിമാരെ ഗവര്‍ണര്‍, ട്രൈബ്യൂണല്‍, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങി സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളില്‍ നിയമിക്കപ്പെടുന്നതില്‍ നിയമജ്ഞര്‍ തന്നെ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കോടതി വിധികളിലെ നിഷ്പക്ഷതയെയും ജുഡീഷ്യറിയുടെ വിശ്വാസ്യതയെയും ഇത് ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ബി ജെ പി നേതാവും ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ അംഗവും നിയമജ്ഞനുമായിരുന്ന പരേതനായ അരുണ്‍ ജെയ്റ്റ്ലി ഇത്തരം നിയമനങ്ങളെ എതിര്‍ത്തിട്ടുണ്ട്. വിരമിക്കുന്നതിന് മുമ്പുള്ള വിധികള്‍ വിരമിച്ച ശേഷം ലഭിക്കാനിരിക്കുന്ന ജോലി പ്രതീക്ഷയില്‍ സ്വാധീനിക്കപ്പെടുമെന്നും ഇത് ജുഡീഷ്യറിക്ക് ഭീഷണിയാണെന്നുമാണ് 2013ല്‍ അരുണ്‍ ജെയ്്റ്റ്്‌ലി പറഞ്ഞത്. ‘വിരമിക്കലിന് ശേഷം സര്‍ക്കാര്‍ ജോലി പ്രതീക്ഷിക്കുന്ന ജഡ്ജിമാര്‍ ഒരിക്കലും സര്‍ക്കാറിന് ഇഷ്ടക്കേടുണ്ടാക്കാന്‍ ശ്രമിക്കില്ലെ’ന്ന് മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കമാല്‍ പാഷയും ചൂണ്ടിക്കാട്ടുന്നു. വിരമിച്ചുകഴിഞ്ഞ് മൂന്ന് വര്‍ഷത്തിനകമെങ്കിലും ശമ്പളത്തോടെയുള്ള സര്‍ക്കാര്‍ ജോലികളില്‍ ന്യായാധിപന്മാര്‍ നിയമിതരാകരുതെന്ന് ജസ്റ്റിസ് കപാഡിയ, ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ തുടങ്ങിയ പ്രമുഖ നിയമജ്ഞരും അഭിപ്രായപ്പെടുന്നു. വിരമിച്ചവര്‍ക്ക് വിഹരിക്കാനുള്ള സ്വര്‍ഗമാകരുത് ട്രൈബ്യൂണലുകള്‍ പോലെയുള്ള സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളെന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയമിച്ചിരുന്ന അമിക്കസ് ക്യൂറി അരവിന്ദ് പി ദത്താര്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലും പറയുന്നു. പ്രമുഖ സുപ്രീം കോടതി ജഡ്ജിമാരായിരുന്ന ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച കമാല്‍പാഷ തുടങ്ങിയവര്‍ സര്‍ക്കാര്‍ ജോലികളൊന്നും സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയവരാണ്.
വിരമിച്ച ജഡ്ജിമാരുടെ നിയമനത്തെ ഭരണഘടന എതിര്‍ക്കുന്നില്ല, മുന്‍കാലങ്ങളില്‍ ഇത്തരം നിയമനങ്ങള്‍ നടന്നിട്ടുണ്ട് എന്നൊക്കെയാണ് ഭരണപക്ഷ വൃത്തങ്ങള്‍ ജസ്റ്റിസ് നസീറിന്റെ നിയമനത്തെ ന്യായീകരിച്ച് പറയുന്നത്. ഭരണഘടനാപരമായി സാധുതയുണ്ടോ എന്നത് മാത്രമല്ല ഇവിടെ പ്രശ്നം. അരുണ്‍ ജെയ്റ്റ്ലി ചൂണ്ടിക്കാട്ടിയതു പോലെ കോടതിയുടെ വിശ്വാസ്യതയാണ് പ്രശ്നം. കോടതി വിധികളില്‍ കേന്ദ്ര ഭരണത്തിലിരിക്കുന്നവരുടെയും ഭരണകക്ഷിയുടെയും താത്പര്യങ്ങള്‍ പരിഗണിക്കപ്പെട്ടാല്‍ വിരമിച്ച ശേഷം മികച്ച സര്‍ക്കാര്‍ പദവികള്‍ ലഭ്യമാകുന്ന സ്ഥതി വിശേഷം വന്നുകഴിഞ്ഞാല്‍ വിധികളില്‍ പക്ഷപാതിത്വം കടന്നുവരിക സ്വാഭാവികം. കോടതിയില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന ജഡ്ജിമാരെ, കറകളഞ്ഞ നീതിബോധമല്ലാതെ മറ്റു ബാഹ്യസമ്മര്‍ദങ്ങളൊന്നും സ്വാധീനിക്കാന്‍ ഇടവരരുത്. സര്‍ക്കാര്‍ നടപടികളുമായി ബന്ധപ്പെട്ട ചില ഹരജികളില്‍ പരമോന്നത കോടതിയില്‍ നിന്നുള്ള സമീപകാലത്തെ ചില വിധിപ്രസ്താവങ്ങള്‍ നിയമവൃത്തങ്ങളിലടക്കം സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇടയാക്കിയിട്ടുണ്ട്. വിരമിച്ചതിനു ശേഷമുള്ള നിയമനം ഉള്‍പ്പെടെ ബാഹ്യ താത്പര്യങ്ങള്‍ ഇത്തരം വിധികളെ സ്വാധീനിച്ചതായി സന്ദേഹിക്കപ്പെടുന്നു. ജുഡീഷ്യറിയുടെ കരുത്തും ശക്തിയും രാജ്യത്തെ ജനങ്ങള്‍ക്ക് അതിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ടതു കൂടിയാണ്. അത് നഷ്ടപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനവും സര്‍ക്കാര്‍ ഭാഗത്ത് നിന്നോ ജഡ്ജിമാരുടെ ഭാഗത്ത് നിന്നോ ഉണ്ടാകരുത്. ഭരണകൂടം ഏതെങ്കിലും പദവികളോ ആനുകൂല്യങ്ങളോ വെച്ചുനീട്ടിയാല്‍ തന്നെ അത് നിരസിക്കാനുള്ള ആര്‍ജവവും വക്തിത്വ ഔന്നത്യവുമാണ് വിരമിച്ച ന്യായാധിപന്മാര്‍ കാണിക്കേണ്ടത്. ജുഡീഷ്യറിയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ ന്യയാധിപന്മാര്‍ക്കാണ് മറ്റാരേക്കാളും ബാധ്യത.