Kerala
സിസ തോമസിന്റെ നിയമനം താത്ക്കാലികം; പുതിയ പാനല്‍ സര്‍ക്കാരിന് സമര്‍പ്പിക്കാം: ഹൈക്കോടതി
നിയമനം ചാന്‍സലര്‍ പ്രത്യേക സാഹചര്യത്തില്‍ നടത്തിയതാണ്. ചട്ടപ്രകാരമുളള നടപടികള്‍ പൂര്‍ത്തിയാക്കിയുള്ളതല്ല.

കൊച്ചി | കേരള സാങ്കേതിക സര്‍വകലാശാല (കെ ടി യു) വി സിയായുള്ള സിസ തോമസിന്റെ നിയമനം താത്ക്കാലികമാണെന്ന് ഹൈക്കോടതി. നിയമനം ചാന്‍സലര്‍ പ്രത്യേക സാഹചര്യത്തില്‍ നടത്തിയതാണ്. ചട്ടപ്രകാരമുളള നടപടികള്‍ പൂര്‍ത്തിയാക്കിയുള്ളതല്ല. പുതിയ വി സിക്കായുള്ള പാനല്‍ സര്‍ക്കാറിന് സമര്‍പ്പിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
സിസാ തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ വാദം കേള്‍ക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ശരിയായ വി സിയെ നിയമിക്കുന്നതിന് സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാം.
അസാധാരണമായ ഒരു പ്രതിസന്ധി വന്നപ്പോഴാണ് സിസ തോമസിനെ താത്ക്കാലികമായി നിയമിച്ചതെന്നാണ് ഗവര്‍ണര്‍ കോടതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇതിന്റെ ഉദ്ദേശശുദ്ധി ഉള്‍പ്പടെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഗവര്‍ണര്‍ തങ്ങളോട് ആലോചിക്കാതെയാണ് സിസ തോമസിന്റെ നിയമന കാര്യത്തില്‍ തീരുമാനമെടുത്തതെന്നാണ് സര്‍ക്കാര്‍ വാദം.