Connect with us

Kerala

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; സർക്കാർ വാദം തള്ളി കേന്ദ്രം

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സേവന വ്യവസ്ഥാ മാനദണ്ഡം പാലിച്ചില്ല • പൊതുജന പ്രതിഷേധമോ ഗൗരവമായ കുറ്റമാണെന്നോ പരിഗണിച്ചില്ല

Published

|

Last Updated

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ചു കൊന്ന കേസിൽ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയത് സാധാരണ നടപടിക്രമമാണെന്ന സർക്കാർ വാദം തള്ളി കേന്ദ്ര പേഴ്‌സനൽ മന്ത്രാലയം. ക്രിമിനൽ നടപടി നേരിടുന്ന ഉദ്യോഗസ്ഥനാണെങ്കിൽ വകുപ്പുതല പ്രമോഷൻ കമ്മിറ്റി കൂടിയ ശേഷം ആ തീരുമാനം ക്രിമിനൽ കേസ് തീർപ്പാകുന്നതുവരെ മുദ്രവെച്ച കവറിൽ സൂക്ഷിക്കണമെന്നാണ് കേന്ദ്ര പേഴ്‌സനൽ മന്ത്രാലയത്തിന്റെ നിർദേശം. ഉദ്യോഗസ്ഥൻ കുറ്റവിമുക്തനായാൽ മുദ്രവെച്ച കവറിലെ തീരുമാന പ്രകാരം അനുയോജ്യമായ നിയമനം നൽകാമെന്നും നിർദേശത്തിൽ പറയുന്നു.

2000 മാർച്ച് 28ന് മിനിസ്ട്രി ഓഫ് പേഴ്‌സനൽ പി ജി ആൻഡ് പെൻഷൻ ഡിപാർട്ട്‌മെന്റ് ഓഫ് പേഴ്‌സനൽ ആൻഡ് ട്രെയിനിംഗ് ഡയറക്ടടർ എ കെ സർക്കാർ പുറത്തിറക്കിയ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സേവന വ്യവസ്ഥകളുമായി ബന്ധപ്പെട്ട മാനദണ്ഡത്തിലാണ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
ഉദ്യോഗസ്ഥനെതിരെയുള്ള ക്രിമിനൽ കേസിന്റെ തീരുമാനം നീണ്ടു പോകാതെ സമയ പരിധിക്കുള്ളിൽ തീർക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്നും നിർദേശത്തിലുണ്ട്. നിശ്ചിത ഇടവേളക്കിടെ വിഷയം പ്രമോഷൻ കമ്മിറ്റി പരിശോധിക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ കേസിൽ തീർപ്പായില്ലെങ്കിൽ പ്രമോഷൻ കമ്മിറ്റിക്ക് മുദ്രവെച്ച കവർ തുറന്നു പരിശോധിച്ച് താത്കാലിക പ്രമോഷൻ നൽകാം. ഇങ്ങനെ സ്ഥാനക്കയറ്റം നൽകുമ്പോൾ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.

സ്ഥാനക്കയറ്റം പൊതുജന താത്പര്യത്തിന് വിരുദ്ധമാണോ എന്നു പരിശോധിക്കണം. സ്ഥാനക്കയറ്റം തടയാൻ മാത്രം ഗുരുതരമാണോ ചെയ്ത കുറ്റം എന്നും പരിശോധിക്കണം. സ്ഥാനക്കയറ്റം നേടിയാൽ കേസിൽ ഇടപെടുമോയെന്നും നോക്കേണ്ടതുണ്ട്. എന്നാൽ, ശ്രീറാമിന്റെ സ്ഥാനക്കയറ്റം തടയാൻ സർക്കാർ നടപടി സ്വീകരിച്ചില്ല. തീരുമാനം മുദ്രവെച്ച കവറിൽ സൂക്ഷിച്ചില്ല. താത്കാലിക പ്രമോഷനു പകരം ജോയിന്റ് സെക്രട്ടറിയായി സ്ഥിരം പ്രമോഷൻ നൽകി. പൊതുജന പ്രതിഷേധവും ഗൗരവമായ കുറ്റമാണെന്നതും പരിഗണിച്ചില്ല. സ്ഥാനക്കയറ്റം നൽകിയാൽ കേസിനെ തെറ്റായി ബാധിക്കുമോയെന്നും പരിഗണിച്ചില്ലെന്നാണ് വിമർശം.

നിലവിലെ യു പി എസ് സി നിർദേശം അനുസരിച്ച് സർവീസിലെ ആദ്യ നാല് വർഷം സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് റാങ്കിലാണ് ഐ എ എസുകാർ ജോലി ചെയ്യേണ്ടത്. ശ്രീറാം വെങ്കിട്ടരാമൻ 2013 ബാച്ച് ഐ എ എസ് ഓഫീസറാണ്. 2016ൽ ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലെത്തി. 2020-23ൽ ജോയിന്റ് സെക്രട്ടറി അല്ലെങ്കിൽ ജില്ലാ മജിസ്‌ട്രേറ്റ് (കലക്ടർ) പദവിയിലെത്തണം. 2024-28ൽ ജില്ലാ കലക്ടർ അല്ലെങ്കിൽ സ്‌പെഷ്യൽ സെക്രട്ടറി അല്ലെങ്കിൽ ഡയറക്ടർ പദവി വഹിക്കണം.
ശ്രീറാമിന് കലക്ടർ പദവി കൊടുക്കുന്നത് ചട്ടപ്രകാരം നിർബന്ധമാണെങ്കിൽ പോലും 2028നകം കൊടുത്താൽ മതിയാകും എന്നിരിക്കെ ഇക്കാര്യത്തിൽ സർക്കാർ വേഗത്തിൽ നടപടികളെടുക്കുന്നതിലെ ദുരൂഹതയും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ഇതോടൊപ്പം നരഹത്യ, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റം ചുമത്തി തിരുവനന്തപുരം സെഷൻസ് കോടതിയിൽ ക്രിമിനൽ കേസിൽ വിചാരണ നേരിടുന്ന ഒന്നാം പ്രതിയെ ഒരു ജില്ലയുടെ ഭരണത്തലവനും ക്രമസമാധാന പാലനത്തിന്റെ അധിപനുമായി നിയമിച്ചത് ഗുരുതരമായ നിയമലംഘനവും ഐ എ എസ് ഓഫീസർമാർ ഉൾപ്പെടെ അഖിലേന്ത്യാ ജീവനക്കാർക്ക് ബാധകമായ പേഴ്‌സനൽ മന്ത്രാലയത്തിന്റെ നിർദേശങ്ങളെല്ലാം മറികടന്നാണ്. മാത്രമല്ല ഇത് സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണെന്ന സർക്കാറിന്റെ വാദം ഒട്ടും യുക്തിഭദ്രമല്ലെന്നും നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest