Kerala
വി സി നിയമനം നിയമപരമായും ഭരണപരമായും ആലോചിച്ച് തീരുമാനിക്കും; സര്‍ക്കാര്‍ ശ്രമിക്കുന്നത് ഗവര്‍ണറുമായി ഊഷ്മള ബന്ധം നിലനിര്‍ത്താന്‍: മന്ത്രി ആര്‍ ബിന്ദു
സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുവെയാണ് മന്ത്രിയുടെ പ്രതികരണം.
തിരുവനന്തപുരം | കേരള സര്‍വകലാശാല വി സി നിയമനകാര്യത്തില്‍ നിയമപരമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന്് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഗവര്‍ണറുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്താനാണ് സര്‍ക്കാരിന്റെ ശ്രമം.വി സി നിയമനം ഭരണപരമായും ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമന കാര്യത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുവെയാണ് മന്ത്രിയുടെ പ്രതികരണം.
ഗവര്‍ണറുടെ അധികാരം കുറക്കുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഇറക്കുന്നതിനുമുമ്പേ ചാന്‍സലറുടേയും യുജിസിയുടേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി വിസി നിര്‍ണയ സമിതിക്ക് ഗവര്‍ണര്‍ രൂപം നല്‍കി.കേരള സര്‍വ്വകലാശാല പ്രതിനിധിയെ നിശ്ചയിക്കുന്ന മുറക്ക് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുമെന്ന വ്യവസ്ഥ ചേര്‍ത്ത് വിജ്ഞാപനവും പുറപ്പെടുവിച്ചു.
കോഴിക്കോട് ഐഐഎം ഡയറക്ടറും,കര്‍ണാടക കേന്ദ്ര സര്‍വ്വകലാശാല വിസിയുമാണ് നിലവില്‍ സമിതിയിലെ രണ്ടംഗങ്ങള്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രതിനിധി വന്നാലും സര്‍ക്കാര്‍ താത്പര്യത്തിന് മേല്‍ക്കൈയുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്