wakhaf bord bill
വഖ്ഫ് ബോര്‍ഡ് നിയമനം: റിപ്പീലിംഗ് ബില്‍ ഇന്ന് നിയമസഭയില്‍
വഖ്ഫ് നിയമനം പി എസ് സിക്ക് വിടാനുള്ള കഴിഞ്ഞ ഒക്ടോബറില്‍ പാസാക്കിയ ബില്ലാണ് പ്രത്യേക ബില്ലിനാല്‍ റദ്ദ് ചെയ്യുന്നത്
തിരുവനന്തപുരം | നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന് പരിഗണിക്കുന്നത് രണ്ട് സുപ്രധാന ബില്ലുകള്‍. വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ട നിയമം റദ്ദാക്കാനുള്ള റിപ്പീലിംഗ് ബില്ലും വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സര്‍വകലാശാല നിയമ ഭേദഗതി ബില്ലുമാണ് ഇന്ന് സഭ പരിഗണിക്കുന്നത്.
വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടാനുള്ള കഴിഞ്ഞ ഒക്ടോബറില്‍ പാസാക്കിയ ബില്ലാണ് റദ്ദാക്കാന്‍ റിപ്പീലിംഗ് ബില്‍ അവതരിപ്പിക്കുന്നത്. മുസ്ലിം സംഘടന നേതാക്കള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ബില്‍ അവതരിപ്പിക്കുന്നത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം റദ്ദാക്കല്‍ ബില്ലിന്റെ കരടിന് അംഗീകാരം നല്‍കിയിരുന്നു. സര്‍ക്കാറിന്റെ നീക്കത്തോട് പ്രതിപക്ഷവും സഹകരിക്കും.
ഇന്ന് പരിഗണിക്കുന്ന രണ്ട് ബില്ലുകളും ഇന്ന് തന്നെ പാസാക്കാനാണ് തീരുമാനം. ഇനി ഇതില്‍ ഗവര്‍ണര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഗവര്‍ണര്‍ ഒപ്പിടുന്നതോടെയാണ് ബില്ലുകള്‍ നിയമമായി മാറുക. അതിനിടെ ബഫര്‍ സോണ്‍ വിഷയം പ്രതിപക്ഷം അടിയന്തര പ്രമേയമായി ഇന്ന് സഭയില്‍ ഉന്നയിച്ചേക്കും.