Connect with us

Kerala Cabinet

വഖഫ് ബോർഡ് നിയമനത്തിന് പി എസ് സി: പിൻവലിക്കാനുള്ള കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം

വിഴിഞ്ഞം: ക്യാമ്പുകളില്‍ മാറിത്താമസിക്കേണ്ടി വന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസം 5500 രൂപ വീതം നൽകും

Published

|

Last Updated

തിരുവനന്തപുരം | വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടാന്‍ തീരുമാനിച്ച ബില്‍ റദ്ദ് ചെയ്യുന്നതിനുള്ള കരട് ബിൽ മന്ത്രിസഭാ യോഗം അംഗീകരിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് തീരശോഷണം മൂലം ക്യാമ്പുകളില്‍ മാറിത്താമസിക്കേണ്ടി വന്ന കുടുംബങ്ങള്‍ക്ക് ഓരോന്നിനും അവരുടെ പുനരധിവാസം വരെ പ്രതിമാസം 5,500 രൂപ വീതം അനുവദിക്കാനും തീരുമാനിച്ചു. ഇതിനാവശ്യമായ തുക റവന്യൂ (ഡിസാസ്റ്റര്‍ മാനേജ്മെന്റ്), മത്സ്യബന്ധനം, ധനകാര്യം എന്നീ വകുപ്പുകള്‍ അടിയന്തരമായി കണ്ടെത്തി വിതരണം നടത്തും. 60 വയസ് കഴിഞ്ഞ 60,602 പട്ടികവര്‍ഗക്കാര്‍ക്ക് 1,000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണ സമ്മാനമായി നല്‍കും. ഇതിനുള്ള ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും.

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം സങ്കേതങ്ങളുടെ ഉള്ളിലും സങ്കേതങ്ങളോട് ചേര്‍ന്നുവരുന്ന പ്രദേശത്തും അതീവ ദുര്‍ഘട പ്രദേശത്തും വീട് വയ്ക്കുന്ന പട്ടികവര്‍ഗക്കാര്‍ക്കുള്ള ധനസഹായം ആറ് ലക്ഷം രൂപയായി ഏകീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കും. കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ജീവനക്കാര്‍ക്ക് 11-ാം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. കെഎസ്ആര്‍ടിസിയുടെ അടിയന്തര പ്രവര്‍ത്തന ചെലവുകള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നെടുക്കുന്ന 50 കോടി രൂപയുടെ തുടര്‍വായ്പ കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുദ്രവില, രജിസ്ട്രേഷന്‍ ഫീസ് എന്നീ ഇനങ്ങളില്‍ ആവശ്യമായ 350 ലക്ഷം രൂപ ഒഴിവാക്കാന്‍ തീരുമാനിച്ചു.

വനം വന്യ ജീവി വകുപ്പില്‍ വടക്കാഞ്ചേരി റെയ്ഞ്ചിലെ പൂങ്ങോട്ട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കാട്ടുതീ അണയ്ക്കുന്നതിനിടയില്‍ മരിച്ച വാച്ചര്‍മാരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചു. എ കെ വേലായുധന്റെ മകന്‍ കെ വി സുധീഷിന് വാച്ചര്‍ തസ്തികയിലും വി എ ശങ്കരന്റെ മകന്‍ വി എസ് ശരത്തിന് ഓഫീസ് അറ്റന്റന്റ് തസ്തികയിലും വ്യവസ്ഥകള്‍ക്ക് വിധേയമായി സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരം നിയമനം നല്‍കും. ചിന്നാര്‍ വൈഡ് ലൈഫ് ഡിവിഷന് കീഴില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി നോക്കവെ കാട്ടാനയുടെ അതിക്രമത്തില്‍ മരണപ്പെട്ട നാഗരാജിന്റെ ഭാര്യ ചിത്രാ ദേവിക്ക് വനം വകുപ്പിന് കീഴില്‍ വാച്ചര്‍ തസ്തികയില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരം നിയമനം നല്‍കും.

കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ നിലവിലുള്ള ഹോസ്റ്റല്‍ ബ്ലോക്കിന്റെ വിപുലീകരണത്തിന് 27 കോടി രൂപ അടങ്കല്‍ തുക കിഫ്ബി വഴി കണ്ടെത്തി എക്സിക്യൂട്ടീവ് ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ ബ്ലോക്ക് നിര്‍മിക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.