Connect with us

waqf board appointment

വഖ്ഫ് നിയമനം; ഒറ്റപ്പെട്ട ലീഗ് ഒറ്റക്ക് സമരത്തിന്

സംഘടനകളുടെ യോഗത്തിൽ കൂട്ടായെടുത്ത തീരുമാനം ഇ കെ വിഭാഗം തള്ളിയതിനെതിരെ അവർക്കെതിരേ ലീഗിൽ തന്നെ മുറുമുറുപ്പ് ഉയർന്നിരിക്കുകയാണ്

Published

|

Last Updated

മലപ്പുറം | വഖ്ഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ടതുൾപ്പെടെയുള്ള പ്രതിഷേധങ്ങളിൽ പാർട്ടി ഒറ്റപ്പെട്ടതോടെ അടിയന്തരമായി മുസ്‌ലിം ലീഗ് നേതൃയോഗം ചേർന്ന് പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകി. ഇതോടെ വിഷയവുമായി ബന്ധപ്പെട്ട് യോജിച്ച പ്രക്ഷോഭ പരിപാടികൾക്കായി മുസ്‌ലിം ലീഗ് മുൻകൈയെടുത്ത് ഒരുമിച്ചുകൂട്ടിയ ഒരു വിഭാഗം സംഘടനകളുടെ കൂട്ടായ്മയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്നതായി.

വഖ്ഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ടതുൾപ്പെടെയുള്ള കാര്യങ്ങളിൽ പള്ളികളിൽ ജുമുഅക്ക് ശേഷം ഇടത് സർക്കാറിനെതിരെ പ്രഭാഷണം നടത്തുമെന്ന ലീഗിന്റെ പ്രഖ്യാപനത്തെ സമസ്ത ഇ കെ വിഭാഗം പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ തള്ളിയിരുന്നു. ഇതിനെതിരെ ലീഗ് നേതൃത്വം പരസ്യമായി ഒന്നും പ്രതികരിക്കാത്തതിൽ കൂട്ടായ്മയിലെ സംഘടനകൾ വിമർശവുമായി രംഗത്തെത്തിയതോടെയാണ് അടിയന്തരയമായി നേതൃയോഗം ചേർന്ന് കോഴിക്കോട്ട് പ്രതിഷേധ പരിപാടിയെന്ന നിലയിൽ വഖ്ഫ് സംരക്ഷണ സമ്മേളനം നടത്താൻ തീരുമാനിച്ചത്. സംഘടനകളുടെ യോഗത്തിൽ കൂട്ടായെടുത്ത തീരുമാനം ഇ കെ വിഭാഗം തള്ളിയതിനെതിരെ അവർക്കെതിരേ ലീഗിൽ തന്നെ മുറുമുറുപ്പ് ഉയർന്നിരിക്കുകയാണ്.

കൂട്ടായെടുത്ത തീരുമാനം പെട്ടെന്ന് തകിടം മറിഞ്ഞതാണ് ലീഗ് നേതൃത്വത്തിന്റെ അമർശത്തിനിടയാക്കിയത്. എന്നാൽ, ഇത് പരസ്യമായി പ്രകടിപ്പിച്ച് ഇ കെ വിഭാഗം സമസ്തയെ പ്രകോപിപ്പിക്കേണ്ട എന്ന നിലപാടാണ് ലീഗ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. ഇ കെ വിഭാഗത്തിന് മുന്നിൽ മുസ്‌ലിം ലീഗ് മുട്ടുമടക്കി എന്ന വിമർശനവും പ്രതിഷേധ പരിപാടികളിൽ നിന്ന് ലീഗ് പിന്നോട്ട് പോയി എന്ന വിമർശനവും ഉയർന്നതോടെയാണ് ഒറ്റക്ക് പരിപാടികൾ സംഘടിപ്പിക്കുന്നത്. വഖ്ഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട പ്രതിഷേധം പള്ളികളിലേക്ക് കൊണ്ടുപോകുന്നതിനെതിരെ പൊതുസമൂഹത്തിൽ നിന്നു തന്നെ വിമർശനമുയർന്നിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ ഇക്കാര്യത്തിൽ മുസ്‌ലിം ലീഗ് നടത്തിയ നീക്കം അനുചിതമായെന്ന് പാർട്ടിയിൽ തന്നെ അഭിപ്രായമുയർന്നിരുന്നു. വ്യാഴാഴ്ച കോഴിക്കോട്ട് നടന്ന ഇ കെ വിഭാഗം സമസ്ത മുതവല്ലിമാരുടെയും മഹല്ല് മദ്‌റസാ ഭാരവാഹികളുടെയും സംഗമം ഉദ്ഘാടനം ചെയ്താണ് പള്ളികളിൽ പ്രതിഷേധം വേണ്ടെന്ന് പറഞ്ഞത്. ഇതോടെ ലീഗ് പ്രഖ്യാപനം വെള്ളത്തിലാകുകയും ലീഗ് നേതൃത്വത്തിൽ നടന്ന സംഘടനകളുടെ യോഗത്തിലെ പ്രധാന തീരുമാനം അപ്രസക്തമാവുകയും ചെയ്തു. യോഗത്തിലെ പ്രധാന വിഭാഗം തന്നെ തീരുമാനം അട്ടിമറിച്ചത് കൂട്ടായ്മയിലെ മറ്റു സംഘടനകൾ ലീഗ് നേതൃത്വത്തോട് വിമർശം ഉന്നയിക്കുകയും ചെയ്തു. വിഷയത്തിൽ കൂടുതൽ വിവാദങ്ങൾ ഉയരുന്നതിന് മുന്പ് തടിയൂരാനാണ് പൊടുന്നനെ ലഭ്യമാകുന്ന നേതാക്കളുടെ യോഗം മലപ്പുറം ജില്ലാ ലീഗ് ഓഫീസിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്നത്. മറ്റ് വിവാദങ്ങളിലേക്കൊന്നും കടക്കാതെ വഖ്ഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ടതിനെതിരെ ഒമ്പതിന് വഖ്ഫ് സംരക്ഷണ സമ്മേളനം നടത്താൻ തീരുമാനിച്ച് പിരിയുകയായിരുന്നു.

റിപ്പോർട്ടർ, മലപ്പുറം ബ്യൂറോ

Latest