Connect with us

Kerala

സുപ്രീം കോടതിയെ സമീപിച്ചത് ദേവസ്വം ബോര്‍ഡിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചത് ഹെക്കോടതിക്കോ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനോ എതിരെയുള്ള ഒരു നടപടി അല്ല

Published

|

Last Updated

പത്തനംതിട്ട |  തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് അവാസ്തവമായ വാര്‍ത്തകളെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചത് ഹെക്കോടതിക്കോ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനോ എതിരെയുള്ള ഒരു നടപടി അല്ലെന്നും വാര്‍ത്താ കുറിപ്പില്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി

ദേവസ്വം ബോര്‍ഡിന്റെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിച്ചു കിട്ടുന്നതിനുള്ള നിയമ പരമായ നടപടി മാത്രമാണ് പരമോന്നത കോടതിയെ സമീപിച്ചത്.

കീഴ് കോടതി ഉത്തരവിനെതിരെ ഉപരി കോടതിയെ സമീപിക്കാം എന്ന ഏതൊരു പൗരനും സംഘടനയ്ക്കും ഉള്ള നിയമപരമായ അവകാശമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിനിയോഗിച്ചത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറെ നിയമിക്കുന്നതിനോ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയോഗിക്കുന്നതിനോ കേരള ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതി വേണമെന്ന ഡി ബി പി നമ്പര്‍ 2024ലെ 44 ആം നമ്പര്‍ കേസിലെ ഹൈക്കോടതി ഉത്തരവിന് എതിരായിട്ടാണ് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചത്. 1950ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ആന്‍ഡ് തേര്‍ട്ടീന്‍ ബി പ്രകാരം ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ നിയമിക്കുവാനുള്ള പൂര്‍ണ്ണ അധികാരം ദേവസ്വം ബോര്‍ഡില്‍ നിക്ഷിപ്തമാണ്.

നിലവിലെ നിയമത്തില്‍ എവിടെയും കമ്മിഷണര്‍ നിയമനത്തില്‍ ഹൈകോടതിയുടെ. മുന്‍കൂര്‍ അനുവാദത്തെക്കുറിച്ച് പറയുന്നില്ല. ദേവസ്വം ബോര്‍ഡിലെ ഡെപ്യൂട്ടി കമ്മീഷണര്‍ റാങ്കിലുള്ള യോഗ്യരായ ഉദ്യോഗസ്ഥരെ അങ്ങനെ ലഭ്യമല്ലാത്ത പക്ഷം ഗവണ്‍മെന്റില്‍ നിന്നും അഡീഷണല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനെയോ ദേവസ്വം കമ്മീഷണര്‍ ആയി നിയമിക്കാനുള്ള പൂര്‍ണ്ണമായിട്ടുള്ള അധികാരം ദേവസ്വം ബോര്‍ഡിനാണ്

വസ്തുത ഇതായിരിക്കെ ദേവസ്വം കമ്മീഷന്‍ നിയമനത്തില്‍ ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുവാദം വേണമെന്ന നിരീക്ഷണം ദേവസ്വം ബോര്‍ഡിന്റെ അധികാരം നഷ്ടപ്പെടു ത്തലാണ് .കമ്മീഷണറെ നിയമിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ അവകാശം സംരക്ഷിക്കുവാന്‍ വേണ്ടിയിട്ടാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും കുറിപ്പില്‍ പറയുന്നു

Latest