Kuwait
കുവൈത്തില്‍ സന്ദര്‍ശക വിസക്ക് അംഗീകാരം; പ്രവാസികള്‍ ആഹ്ലാദത്തില്‍
META പ്ലാറ്റ്‌ഫോം വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അപ്പോയിന്റ്‌മെന്റ് എടുക്കേണ്ടത്.
കുവൈത്ത് സിറ്റി | കുവൈത്തില്‍ വിദേശികള്‍ക്ക് കുടുംബ സന്ദര്‍ശക വിസ നല്‍കല്‍ പുനരാരംഭിക്കാന്‍ തീരുമാനമായി. പുതിയ വ്യവസ്ഥകള്‍ പ്രകാരം ബുധനാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. META പ്ലാറ്റ്‌ഫോം വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അപ്പോയിന്റ്‌മെന്റ് എടുക്കേണ്ടത് .
ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ എന്നിവരുടെ സന്ദര്‍ശക വിസ ലഭിക്കുന്നതിനു അപേക്ഷകന് ചുരുങ്ങിയത് 400 ദിനാര്‍ ശമ്പളം ഉണ്ടായിരിക്കണം. 800 ദിനാര്‍ ശമ്പളമുള്ളവര്‍ക്ക് മറ്റു ബന്ധുക്കളുടെ സഹോദരന്മാര്‍, ഇണയുടെ മാതാ പിതാക്കള്‍, ഭാര്യ/ഭര്‍തൃ സഹോദരങ്ങള്‍ എന്നിവര്‍ക്ക് സന്ദര്‍ശക വിസക്കും അപേക്ഷിക്കാം. അതേസമയം, സന്ദര്‍ശകര്‍ കുവൈത്ത് ദേശീയ വിമാനക്കമ്പനികളില്‍ ഏതെങ്കിലുമൊന്നില്‍ റിട്ടേണ്‍ ടിക്കറ്റുകളെടുത്തായിരിക്കണം രാജ്യത്ത് പ്രവേശിക്കേണ്ടത്.
വിസിറ്റ് വിസ റെസിഡന്‍സി വിസയിലേക്ക് മാറ്റുവാന്‍ അപേക്ഷിക്കില്ലെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കണം. സന്ദര്‍ശനവേളയില്‍ ചികിത്സ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പകരം സ്വകാര്യ ആശുപത്രികളില്‍ മാത്രം ചികിത്സ തേടാം. സന്ദര്‍ശക കാലയളവ് ലംഘിക്കുന്ന പക്ഷം സന്ദര്‍ശകനും സ്‌പോണ്‍സറും നിയമപരമായ നടപടിക്രമങ്ങള്‍ നേരിടേണ്ടിവരികയും ചെയ്യും എന്നിങ്ങനെയാണ് കുടുംബ സന്ദര്‍ശന വിസക്ക് അപേക്ഷിക്കുന്നതിനുള്ള മറ്റു വ്യവസ്ഥകള്‍.