National
എ ആർ റഹ്മാൻ ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്തികരം
ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ റഹ്മാന് നിർജ്ജലീകരണം അനുഭവപ്പെട്ടതിനെ തുടർന്നാണ് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചെന്നൈ | ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്നലെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രമുഖ സംഗീത സംവിധായകൻ എ ആർ റഹ്മാൻ ആശുപത്രി വിട്ടു. ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ ചികിത്സയ്ക്ക് ശേഷം ഞായറാഴ്ച രാവിലെ ഡിസ്ചാർജ് ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ റഹ്മാന് നിർജ്ജലീകരണം അനുഭവപ്പെട്ടതിനെ തുടർന്നാണ് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴുത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടതായും അദ്ദേഹത്തിൻ്റെ ടീമിലെ ഒരംഗം പറഞ്ഞു.
റഹ്മാന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന റിപ്പോർട്ടുകൾ അദ്ദേഹത്തിൻ്റെ സഹോദരി എ ആർ റൈഹാന നിഷേധിച്ചു. നിർജ്ജലീകരണവും ഗ്യാസ്ട്രിക് പ്രശ്നങ്ങളുമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നതെന്ന് റൈഹാന വാർത്താ ഏജൻസിയോട് പറഞ്ഞു.
“റോജ”, “ദിൽ സേ..”, “എന്തിരൻ”, “സ്ലംഡോഗ് മില്യണയർ” തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ രണ്ട് തവണ ഓസ്കാർ, ഗ്രാമി പുരസ്കാരങ്ങൾ നേടിയ സംഗീത സംവിധായകനാണ് എആർ റഹ്മാൻ.