Uae
അറബ് മീഡിയ അവാര്‍ഡുകള്‍ വിതരണം ചെയ്തു
മികവിനും നവീകരണത്തിനും മികച്ച സംഭാവന നല്‍കിയവരെയാണ് അറബ് മാധ്യമ അവാര്‍ഡ് നല്‍കി ആദരിച്ചത്.
ദുബൈ | അറബ് മീഡിയാ ഫോറത്തിന്റെ ഭാഗമായുള്ള അറബ് മീഡിയ അവാര്‍ഡുകള്‍ ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വിതരണം ചെയ്തു. ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി (ദുബൈ കള്‍ച്ചര്‍) ചെയര്‍പേഴ്‌സണ്‍ ശൈഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ചടങ്ങില്‍ പങ്കെടുത്തു. മികവിനും നവീകരണത്തിനും മികച്ച സംഭാവന നല്‍കിയവരെയാണ് അറബ് മാധ്യമ അവാര്‍ഡ് നല്‍കി ആദരിച്ചത്.
ലെബനാന്‍ മാധ്യമത്തിന് നല്‍കിയ മഹത്തായ സംഭാവനകളെ മാനിച്ച്, ലെബനാന്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ സമീര്‍ അതല്ല ഈ വര്‍ഷത്തെ മാധ്യമ വ്യക്തിത്വത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. യു എ ഇ പത്രമായ അല്‍-ഖലീജില്‍ നിന്നുള്ള ടുണീഷ്യന്‍ എഴുത്തുകാരന്‍ അബ്ദുല്‍ ലത്തീഫ് അല്‍ സുബൈദിയാണ് മികച്ച കോളമിസ്റ്റ്. അന്തരിച്ച ലെബനീസ് പത്രപ്രവര്‍ത്തക ജിസെല്ലെ ഖൗരിയെ മരണാനന്തര ബഹുമതിയായി സ്‌പെഷ്യല്‍ റെക്കഗ്നിഷന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.
അറബ് ജേര്‍ണലിസം വിഭാഗത്തിലെ വിജയികള്‍: പൊളിറ്റിക്കല്‍ ജേര്‍ണലിസം: അശ്ശര്‍ഖ് അല്‍-അൗസത്ത് ദിനപത്രത്തില്‍ നിന്നുള്ള അലി അല്‍സരായ്, അന്വേഷണാത്മക റിപ്പോര്‍ട്ടിംഗ്: അല്‍ മസ്രി അല്‍യൂം ദിനപത്രത്തില്‍ നിന്നുള്ള സഹര്‍ അല്‍ മലിജി, സാമ്പത്തിക പത്രപ്രവര്‍ത്തനം: ഉസാമ അല്‍ സഈദ്, അശ്ശര്‍ഖ് അല്‍ അൗസത്ത്.