Uae
അറബ് മാധ്യമ ഉച്ചകോടി ഈ മാസാവസാനം
മാധ്യമ വ്യവസായത്തില്‍ വിജ്ഞാന കൈമാറ്റവും സംഭാഷണവും പ്രോത്സാഹിപ്പിക്കുന്ന അറബ് ലോകത്തെ ഏറ്റവും പ്രധാന മാധ്യമ പരിപാടിയാണിത്.
ദുബൈ | ദുബൈ പ്രസ്സ് ക്ലബ് അറബ് മീഡിയ ഉച്ചകോടിയുടെ സമാരംഭം പ്രഖ്യാപിച്ചു. 22-ാമത് അറബ് മീഡിയ ഫോറം മെയ് 28 മുതല്‍ 29 വരെയും രണ്ടാമത്തെ അറബ് യൂത്ത് മീഡിയ ഫോറം മെയ് 27 നും ദുബൈയില്‍ നടക്കും. മാധ്യമ വ്യവസായത്തില്‍ വിജ്ഞാന കൈമാറ്റവും സംഭാഷണവും പ്രോത്സാഹിപ്പിക്കുന്ന അറബ് ലോകത്തെ ഏറ്റവും പ്രധാന മാധ്യമ പരിപാടിയാണിത്.
23-ാമത് അറബ് മീഡിയ അവാര്‍ഡും നാലാമത് അറബ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്സ് അവാര്‍ഡും അറബ് മീഡിയ ഫോറത്തില്‍ നടക്കുമെന്ന് ഫോറം മേധാവി മോന ഗാനെം അല്‍ മര്‍റി പറഞ്ഞു. ആശയങ്ങള്‍, ഉള്‍ക്കാഴ്ചകള്‍, വൈദഗ്ധ്യം, അനുഭവങ്ങള്‍ എന്നിവയുടെ കൈമാറ്റം ചെയ്യുന്നതിനുള്ള ഉയര്‍ന്ന വേദിയായി അറബ് മാധ്യമ ഉച്ചകോടി പ്രവര്‍ത്തിക്കും.
സുസ്ഥിര വികസനത്തില്‍ ഒരു പ്രധാന പങ്കാളിയെന്ന നിലയില്‍ അറബ് മാധ്യമങ്ങള്‍ക്ക് അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ട് ഈ മേഖലയുടെ പരിവര്‍ത്തനങ്ങളും വെല്ലുവിളികളും ചര്‍ച്ച ചെയ്യാന്‍ ഉച്ചകോടി മാധ്യമ പ്രൊഫഷണലുകളെ ഒരുമിച്ച് കൊണ്ടുവരും.
പ്രമുഖ രാഷ്ട്രീയക്കാര്‍, മാധ്യമ വ്യവസായ പ്രമുഖര്‍, ചീഫ് എഡിറ്റര്‍മാര്‍, വിശിഷ്ട എഴുത്തുകാര്‍, ചിന്തകര്‍, സ്വാധീനം ചെലുത്തുന്നവര്‍ എന്നിവര്‍ പങ്കെടുക്കും. മാധ്യമങ്ങളുടെ പരിവര്‍ത്തനത്തിന് കാരണമാകുന്ന പ്രധാന രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാങ്കേതിക, സാംസ്‌കാരിക സംഭവവികാസങ്ങള്‍ ഫോറം വിശകലനം ചെയ്യും.