Uae
അറബ് റീഡിംഗ് ചലഞ്ച്: ആദ്യ യോഗ്യതാ മത്സരങ്ങൾ ഇന്ന് ആരംഭിക്കുന്നു
ഇന്ന് ആരംഭിക്കുന്ന മത്സരങ്ങൾ തിങ്കളാഴ്ച വരെ നീണ്ടുനിൽക്കും. 50 പുസ്തകങ്ങൾ വായിച്ച വിദ്യാർഥികൾക്കാണ് പങ്കെടുക്കാനുള്ള അവസരം.

ദുബൈ |അറബ് റീഡിംഗ് ചലഞ്ചിന്റെ ഒമ്പതാം പതിപ്പിന്റെ ആദ്യ യോഗ്യതാ മത്സരങ്ങൾക്കായി യു എ ഇ സ്‌കൂളുകൾ ഒരുങ്ങി. ഇന്ന് ആരംഭിക്കുന്ന മത്സരങ്ങൾ തിങ്കളാഴ്ച വരെ നീണ്ടുനിൽക്കും. 50 പുസ്തകങ്ങൾ വായിച്ച വിദ്യാർഥികൾക്കാണ് പങ്കെടുക്കാനുള്ള അവസരം. ഓരോ സ്‌കൂളിൽ നിന്നും മികച്ച മൂന്ന് വിദ്യാർഥികളെ തിരഞ്ഞെടുത്ത് രണ്ടാം ഘട്ടത്തിലേക്ക് അയക്കും. രണ്ടാം ഘട്ട മത്സരങ്ങൾ മെയ് അഞ്ച് മുതൽ 12 വരെയും അവസാന യോഗ്യതാ മത്സരങ്ങൾ മെയ് 19 മുതൽ 30 വരെയും നടക്കും.
മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ ചലഞ്ചിൽ 50 രാജ്യങ്ങളിൽ നിന്നുള്ള 32.23 ദശലക്ഷം വിദ്യാർഥികൾ പങ്കെടുക്കും. 132,112 സ്‌കൂളുകളെ പ്രതിനിധീകരിച്ച് 161,004 സൂപ്പർവൈസർമാരുടെ മേൽനോട്ടത്തിലാണ് ഇവർ മത്സരത്തിലുണ്ടാവുക. മുൻ വർഷത്തെ 28.2 ദശലക്ഷം പങ്കാളിത്തവുമായി താരതമ്യപ്പെടുത്തുമ്പോൾ 14 ശതമാനം വർധനവാണ് ഇത്.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ആരംഭിച്ച അറബ് റീഡിംഗ് ചലഞ്ച്, അറബ് ലോകത്തെ ഏറ്റവും വലിയ വിജ്ഞാന പദ്ധതിയാണ്. വിദ്യാർഥികളിൽ വായനാശീലം വളർത്തുക, ചിന്ത, വിശകലന, ആവിഷ്‌കാര കഴിവുകൾ വികസിപ്പിക്കുക, വിജ്ഞാനാധിഷ്ഠിത സമൂഹം സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.
---- facebook comment plugin here -----