Uae
അറബ് റീഡിംഗ് ചലഞ്ച്: ഏഴ് വയസ്സുകാരി ജേതാവ്
അവസാന റൗണ്ടിലെത്തിയ ആറ് പേരിൽ നിന്നാണ് സിറിയൻ ബാലിക ഒന്നാമതായത്.

ദുബൈ | അറബ് റീഡിംഗ് ചലഞ്ചിന്റെ ആറാം പതിപ്പിൽ സിറിയയിൽ നിന്നുള്ള ഏഴ് വയസ്സുകാരി ശാം അൽ ബക്കൂർ ചാമ്പ്യനായി. ലോകമെമ്പാടുമുള്ള 44 രാജ്യങ്ങളിൽ നിന്നുള്ള 22.27 ദശലക്ഷം വിദ്യാർഥികൾ പങ്കാളികളായ ചലഞ്ചിന്റെ ഫൈനൽ, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിൽ ദുബൈ ഒപേറയിൽ ആണ് നടന്നത്.
കൊവിഡ് -19 പകർച്ചവ്യാധിക്ക് ശേഷം ആദ്യമായി നേരിട്ട് നടന്ന അറബ് റീഡിംഗ് ചലഞ്ചിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഫൈനലിസ്റ്റുകളാണ് മാറ്റുരച്ചത്. അവസാന റൗണ്ടിലെത്തിയ ആറ് പേരിൽ നിന്നാണ് സിറിയൻ ബാലിക ഒന്നാമതായത്. വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ജഡ്ജുമാരുടെ ചോദ്യത്തിന് ഒരു മിനിറ്റിൽ താഴെ സമയമെടുത്താണ് ശാം അൽ ബക്കൂർ മറുപടി നൽകിയത്.
സദസ്യർക്കും വോട്ട് ചെയ്യാനുള്ള അവസരമുണ്ടായിരുന്നു. ഇന്ത്യയിൽ നിന്നുള്ള മത്സരാർഥി ഡല്‍ഹി സഊദി സ്‌കൂളിലെ മറിയം മസ്ലമാൻ അന്തിമ ഘട്ടത്തിൽ എത്തിയിരുന്നു. കേരളത്തിൽ നിന്ന് മഅദിൻ വിദ്യാർഥികളും മത്സരത്തിനെത്തിയിരുന്നു.