Uae
അറബ് റീഡിംഗ് ചലഞ്ച്; യുവാക്കളില്‍ അഭിമാനം പ്രകടിപ്പിച്ച് ശൈഖ് മുഹമ്മദ്
50 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 2,29,000 സ്‌കൂളുകളില്‍ നിന്നുള്ള 28 ദശലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പുതിയ പതിപ്പില്‍ പങ്കാളികളാണ്.

ദുബൈ | എക്കാലത്തെയും വലിയ പ്രാദേശിക സാക്ഷരതാ സംരംഭമായ അറബ് റീഡിംഗ് ചലഞ്ച് എട്ടാം പതിപ്പിന് റെക്കോഡ് പങ്കാളിത്തം. 50 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 2,29,000 സ്‌കൂളുകളില്‍ നിന്നുള്ള 28 ദശലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പുതിയ പതിപ്പില്‍ പങ്കാളികളാണ്.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, വായനയെ സ്വീകരിക്കുന്ന അറബ് തലമുറയില്‍ അഭിമാനം പ്രകടിപ്പിച്ചു. വിജ്ഞാനവും ശാസ്ത്രവും പ്രത്യാശയുമായി ഭാവിയിലേക്കുള്ള ഉപകരണങ്ങളുള്ള ഒരു തലമുറയെക്കുറിച്ച് ഞങ്ങള്‍ ശുഭാപ്തിവിശ്വാസികളാണെന്ന് അദ്ദേഹം പറഞ്ഞു.
ശൈഖ് മുഹമ്മദ് 2015ല്‍ ആരംഭിച്ച അറബ് റീഡിംഗ് ചലഞ്ച്, വായനയെ പ്രോത്സാഹിപ്പിക്കുകയും വിദ്യാര്‍ഥികളുടെ അറബി ഗ്രാഹ്യവും ആവിഷ്‌കാര കഴിവുകളും വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13.7 ശതമാനം വര്‍ധനയോടെ റെക്കോഡ് പങ്കാളിത്തമുണ്ട്.
അറബ് റീഡിംഗ് ചാമ്പ്യന്‍ ടൈറ്റില്‍ വിജയിക്ക് അഞ്ച് ലക്ഷം ദിര്‍ഹം സമ്മാനമായി ലഭിക്കും. വായനാശീലം കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് കഴിവുകള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന മികച്ച സ്‌കൂളിന് ഒരു ദശലക്ഷം ദിര്‍ഹം സമ്മാനിക്കുന്നു. മികച്ച സൂപ്പര്‍വൈസര്‍ക്ക് മൂന്ന് ലക്ഷം ദിര്‍ഹം, കമ്മ്യൂണിറ്റി ചാമ്പ്യന്‍സ് തലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന വായനാ ചാമ്പ്യന് ഒരുലക്ഷം ദിര്‍ഹം എന്നിങ്ങനെ സമ്മാനമായി നല്‍കും.