Connect with us

Uae

അറബ് റീഡിംഗ് ചലഞ്ച്; മൂന്ന് വിദ്യാർഥികൾ വിജയികൾ:500,000 ദിർഹം വീതം സമ്മാനം

ഏറ്റവും പ്രായം കുറഞ്ഞ വിജയിയായ ഹാതം കവിയാകാനുള്ള സ്വപ്നങ്ങളും പങ്കുവെച്ചു.

Published

|

Last Updated

ദുബൈ | എട്ടാമത് അറബ് റീഡിംഗ് ചലഞ്ചിൽ മൂന്ന് വിദ്യാർഥികൾ 500,000 ദിർഹം വീതം സമ്മാനം നേടി. ഇന്നലെ ദുബൈ ഓപ്പറയിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ 28.2 ദശലക്ഷം വിദ്യാർഥികളെ പിന്തള്ളിയാണ് ഏറ്റവും വലിയ അറബ് സാക്ഷരതാ സംരംഭത്തിൽ ഇവർ വിജയികളായത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം വിജയികളെ ആദരിച്ചു.

സിറിയയിൽ നിന്നുള്ള ഹാതം മുഹമ്മദ് ജാസിം അൽ തുർകാവി, സഊദി അറേബ്യയിൽ നിന്നുള്ള കാദി ബിൻത് മുസ്ഫിർ, ഫലസ്തീനിൽ നിന്നുള്ള സൽസബിൽ ഹസൻ സവാല എന്നിവരാണ് 500,000 ദിർഹം വീതം ക്യാഷ് പ്രൈസ് നേടിയത്.

ശ്രദ്ധേയമായ 400 പുസ്തകങ്ങൾ വായിച്ചാണ് ഒമ്പത് വയസ്സുള്ള ഹാതം അൽ തുർകാവി മത്സരത്തിനെത്തിയത്. ഏറ്റവും പ്രായം കുറഞ്ഞ വിജയിയായ ഹാതം കവിയാകാനുള്ള സ്വപ്നങ്ങളും പങ്കുവെച്ചു. പ്രിയപ്പെട്ട ഒരു വാക്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, മാതാവിനെക്കുറിച്ചുള്ള പ്രചോദനാത്മക സന്ദേശമാണ് നൽകിയത്.

സഊദി അറേബ്യയിൽ നിന്ന് 1,409,990 പങ്കാളികളെ പിന്തള്ളി ഫൈനലിൽ എത്തിയ 11 വയസുകാരൻ കാദി ബിൻത് മിസ്ഫർ കവിത ആസ്വദിക്കുന്ന വിദ്യാർഥിയാണ്. ഫലസ്തീനിലെ 346,778 പേരിൽ നിന്നാണ് 17 വയസ്സുകാരി സൽസബീൽ സവൽഹ ചാമ്പ്യനായത്. 500 പുസ്തകങ്ങൾ വായിച്ചു. പത്രപ്രവർത്തനത്തിലും മാധ്യമങ്ങളിലും പ്രവർത്തിക്കാനുള്ള ആഗ്രഹമാണ് ഈ കുട്ടി പങ്കുവെച്ചത്.

അറബ് റീഡിംഗ് ചലഞ്ച് എട്ടാം സീസണിൽ അഭൂതപൂർവമായ പങ്കാളിത്തമാണ് ഉണ്ടായത്. 50 രാജ്യങ്ങളിൽ നിന്നുള്ള 229,620 സ്‌കൂളുകളെ പ്രതിനിധീകരിച്ച് 28.2 ദശലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുത്തു. 154,643 സൂപ്പർവൈസർമാർ ഇവർക്ക് വഴികാട്ടികളായി. യോഗ്യതാ റൗണ്ടുകളിൽ മത്സരിക്കാൻ വിദ്യാർഥികൾ 50 പുസ്തകങ്ങൾ വായിക്കുകയും സംഗ്രഹിക്കുകയും ചെയ്തവരാണ് ക്ലാസ്, സ്‌കൂൾ തലങ്ങൾക്ക് ശേഷം ദേശീയ തല മത്സരത്തിൽ പങ്കെടുത്ത് ഫൈനലിലെത്തിയത്.

അറബ് ഇതര രാജ്യത്ത് നിന്ന് 100,000 ദിർഹം സമ്മാനം നേടി മുഹമ്മദ് അൽ ഫത്താഹ് അൽ രിഫായി കമ്മ്യൂണിറ്റി ചാമ്പ്യൻ കിരീടം നേടി. ഈജിപ്തിൽ നിന്നുള്ള മുഹമ്മദ് അഹ്്മദ് ഹസൻ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ വിഭാഗത്തിൽ വിജയിയായി. ദുബൈയിലെ അൽ അബ്ദ സ്‌കൂൾ ഒരു മില്യൺ ദിർഹം നേടി സ്‌കൂളുകളിൽ ഒന്നാം സ്ഥാനം നേടി.

കഴിഞ്ഞ എട്ട് പതിപ്പുകളിൽ, 795,000 സ്‌കൂളുകളിൽ നിന്നുള്ള 131 ദശലക്ഷം വിദ്യാർഥികൾ പങ്കെടുത്തു. 716,000 സൂപ്പർവൈസർമാരുടെ നേതൃത്വത്തിൽ അറബ് ലോകത്തും പുറത്തും വായന പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ സംരംഭമായി ഇത് മാറിയിട്ടുണ്ട്.

Latest