Connect with us

Ongoing News

അറബ് റീഡിംഗ് ചലഞ്ച്; യു എ ഇ വിജയികളെ പ്രഖ്യാപിച്ചു

അഹ്മദ് ഫൈസല്‍ അലി ദേശീയ തലത്തില്‍ 700,000 വിദ്യാര്‍ത്ഥികളെ മറികടന്ന് കിരീടമണിഞ്ഞു.

Published

|

Last Updated

ദുബൈ|വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയായ എട്ടാമത് അറബ് റീഡിംഗ് ചലഞ്ചിന്റെ യു എ ഇ വിജയികളെ തിരഞ്ഞെടുത്തു. ദുബൈ അല്‍ ബര്‍ശയിലെ സായിദ് വിദ്യാഭ്യാസ സമുച്ചയത്തില്‍ നിന്നുള്ള അഹ്മദ് ഫൈസല്‍ അലി ദേശീയ തലത്തില്‍ 700,000 വിദ്യാര്‍ത്ഥികളെ മറികടന്ന് കിരീടമണിഞ്ഞു. പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ വിഭാഗത്തില്‍ സുലൈമാന്‍ അല്‍ ഖദീം വിജയിയായി.

വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ, അഡ്വാന്‍സ്ഡ് ടെക്നോളജി സഹമന്ത്രി സാറാ ബിന്‍ത് യൂസുഫ് അല്‍ അമീരി വിജയികളെ ആദരിച്ചു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വിജയികളെ അഭിനന്ദിച്ചു.

എട്ടാമത് അറബ് റീഡിംഗ് ചലഞ്ചില്‍ റെക്കോര്‍ഡ് പങ്കാളിത്തമാണുണ്ടായത്. ആഗോളതലത്തില്‍ ഏകദേശം 28.8 ദശലക്ഷം വിദ്യാര്‍ത്ഥികള്‍ ഇതിന്റെ ഭാഗമായി. കഴിഞ്ഞ വര്‍ഷത്തെ ചലഞ്ചില്‍ മത്സരിച്ച 24.8 ദശലക്ഷം വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് 13.7 ശതമാനം വര്‍ധനവ് ആണിത്. ലോകമെമ്പാടുമുള്ള 50 രാജ്യങ്ങളിലെ 229,000 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിവിധ രാജ്യങ്ങളിലെ മത്സരങ്ങള്‍ നടന്നുവരികയാണ്. ഒരു മില്യണ്‍ യുവാക്കളെ ഒരു വര്‍ഷത്തില്‍ കുറഞ്ഞത് 50 പുസ്തകങ്ങള്‍ വായിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന അറബ് റീഡിംഗ് ചലഞ്ച് 2015ലാണ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആരംഭിച്ചത്.

 

 

---- facebook comment plugin here -----

Latest