From the print
ഈജിപ്തിൽ അറബ് ഉച്ചകോടി; 2030ഓടെ പുതിയ ഗസ്സ
തീരുമാനം നയതന്ത്രരീതിയിൽ ട്രംപിനെ അറിയിക്കും • വിമാനത്താവളവും മത്സ്യബന്ധന തുറമുഖവും വ്യവസായ പാർക്കും പദ്ധതിയിൽ

കൈറോ | ഇസ്‌റാഈൽ തകർത്തെറിഞ്ഞ ഗസ്സയുടെ പുനർനിർമാണത്തിനുള്ള പദ്ധതികൾ വേഗത്തിലാക്കുന്നതിന് അറബ് രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി ഈജിപ്ത് തലസ്ഥാനമായ കൈറോയിൽ ചേർന്നു. ഫലസ്തീനികളെ ഗസ്സക്ക് പുറത്തേക്ക് മാറ്റാനുള്ള യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശത്തിന് വിരുദ്ധമായി ഫലസ്തീനികളെ ഗസ്സയിൽ തന്നെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയാണ് ഈജിപ്ത് അറബ് രാജ്യങ്ങൾക്ക് മുന്നിൽ വെച്ചത്.
ഫലസ്തീനികളെ മാറ്റാതെ 2030ഓടെ ഗസ്സയെ പുനർനിർമിക്കുകയെന്നതാണ് ഈജിപ്തിന്റെ പദ്ധതി. ഗസ്സയോട് ഏറ്റവും അടുത്ത അറബ് രാജ്യവും അമേരിക്കൻ, ഇസ്‌റാഈൽ ഭരണകൂടത്തിൽ സ്വാധീനവുമുള്ള രാജ്യമാണ് ഈജിപ്ത്. നേരത്തേ, ട്രംപ് ഭരണകൂടം വിദേശ സഹായങ്ങളെല്ലാം നിർത്തിവെച്ചപ്പോൾ ഇളവ് അനുവദിച്ചത് ഇസ്‌റാഈലിനും ഈജിപ്തിനും മാത്രമായിരുന്നു. പദ്ധതി മധ്യപൂർവദേശത്തെ രാജ്യങ്ങൾ അംഗീകരിച്ചാൽ ട്രംപിന് കൂടി സ്വീകാര്യമായ രീതിയിൽ നയതന്ത്ര വഴിയിലൂടെ അവതരിപ്പിക്കാനാണ് അറബ് രാജ്യങ്ങളുടെ തീരുമാനം. ബലപ്രയോഗത്തിലൂടെ ഗസ്സയിൽ സമാധാനം കൈവരിക്കാനാകില്ലെന്നും ഗസ്സയിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സുരക്ഷാ പരിശീലനം നൽകാൻ ഈജിപ്ത് തയ്യാറാണെന്നും പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി പറഞ്ഞു.
അതേസമയം, ഇസ്‌റാഈൽ ആക്രമണത്തിൽ അവശേഷിച്ച അഞ്ച് കോടി ടണ്ണിലധികം അവശിഷ്ടങ്ങളും പൊട്ടാതെ കിടക്കുന്ന ബോംബുകളടക്കമുള്ള സ്‌ഫോടകവസ്തുക്കളും ഗസ്സയിൽ നിന്ന് നീക്കം ചെയ്യുന്നത് വലിയ വെല്ലുവിളിയാകും. കോൺക്രീറ്റ് അവശിഷ്ടങ്ങൾ ഗസ്സയുടെ മെഡിറ്ററേനിയൻ തീരത്ത് നിലം നികത്താനായി ഉപയോഗിക്കും. പുനർനിർമാണ സമയത്ത് ഗസ്സക്കാർക്ക് താമസിക്കാനായി ലക്ഷക്കണക്കിന് മൊബൈൽ ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കും. കൃഷിഭൂമികൾ നവീകരിക്കുകയും വ്യാവസായിക മേഖലകളും വിവിധോദ്ദേശ പാർക്കുകളും നിർമിക്കും. വിമാനത്താവളം, മത്സ്യബന്ധന തുറമുഖം, വ്യാവസായിക തുറമുഖം എന്നിവയും പുനർനിർമാണ പദ്ധതിയിലുണ്ട്. 1990ലെ ഓസ്‌ലോ ഉടമ്പടിപ്രകാരം ഗസ്സയിൽ വിമാനത്താവളവും തുറമുഖവും നിർമിക്കാൻ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ സമാധാന പ്രക്രിയ തകർന്നതോടെ അത് സ്വപ്‌നമായി അവശേഷിക്കുകയായിരുന്നു.
ഫലസ്തീനികളെ ഗസ്സയിൽ നിന്ന് മാറ്റാനുള്ള നടപടിക്കെതിരെ വേഗത്തിൽ മുന്നോട്ടുവന്ന മുഴുവൻ അറബ്, യൂറോപ്യൻ രാജ്യങ്ങൾക്കും നന്ദി അറിയിക്കുന്നതായി ഫലസ്തീൻ പ്രസിഡന്റ് മഹ്്മൂദ് അബ്ബാസ് പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തെയും ഫലസ്തീൻ ലക്ഷ്യങ്ങളെയും ദുർബലപ്പെടുത്താൻ വെസ്റ്റ്ബാങ്കിലും ജറൂസലമിലും ഇസ്‌റാഈൽ ആക്രമണം അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീനികളെ നാടുകടത്തുന്നത് ഒഴിവാക്കുക, ഫലസ്തീൻ അതോറിറ്റിയുടെ ഭരണം ഗസ്സയുമായി ബന്ധിപ്പിക്കുക, വെസ്റ്റ്ബാങ്കിലെ സംഘർഷം അവസാനിപ്പിക്കുക, പരമാധികാരവും സ്വതന്ത്രവുമായ ഫലസ്തീൻ രാഷ്ട്രം നിലവിൽ വരാൻ ശാശ്വതമായ ഏകമാർഗം ദ്വിരാഷ്ട്ര പരിഹാരമാണെന്നുമുള്ള നാല് കാര്യങ്ങളാണ് ജോർദാൻ മുന്നോട്ടുവെച്ചത്.
ഗസ്സയിൽ നിയമവിരുദ്ധമായി കുടിയേറ്റകേന്ദ്രങ്ങൾ നിർമിക്കാനുള്ള ഇസ്‌റാഈൽ പദ്ധതിയും ഫലസ്തീനികളെ ഗസ്സയിൽ നിന്ന് പുറത്താക്കാനുള്ള നീക്കവും തടയുമെന്ന് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ പറഞ്ഞു. ഐക്യരാഷ്ട്രസഭാ മേധാവി അന്റോണിയോ ഗുട്ടെറസ്, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, ഖത്വർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി, സിറിയൻ ഇടക്കാല പ്രസിഡന്റ് അഹ്്മദ് അൽ ഷറ തുടങ്ങി നിരവധി രാഷ്ട്രത്തലവന്മാർ ഉച്ചകോടിയിൽ പങ്കെടുത്തു.