Connect with us

Kozhikode

ഗണിതശാസ്ത്രത്തില്‍ അറേബ്യക്കും കേരളത്തിനുമുള്ളത് മഹത്തായ പാരമ്പര്യം: ഡോ. എ കെ വിജയരാജന്‍

കേവലം പാരമ്പര്യത്തില്‍ അഭിമാനിക്കാതെ അതിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് വിദ്യാര്‍ഥികളില്‍ നിന്നുണ്ടാകേണ്ടത്. സി വി രാമനെപ്പോലുള്ള പ്രതിഭകളെ നാം മാതൃകയാക്കേണ്ടതുണ്ട്.

Published

|

Last Updated

കോഴിക്കോട് | ഗണിതശാസ്ത്രത്തില്‍ അറേബ്യക്കും കേരളത്തിനുമുള്ളത് മഹത്തായ പാരമ്പര്യമാണെന്ന് കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് ഡയറക്ടര്‍ എ കെ വിജയരാജന്‍ പറഞ്ഞു. കേവലം പാരമ്പര്യത്തില്‍ അഭിമാനിക്കാതെ അതിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് വിദ്യാര്‍ഥികളില്‍ നിന്നുണ്ടാകേണ്ടതെന്നും സി വി രാമനെപ്പോലുള്ള പ്രതിഭകളെ നാം മാതൃകയാക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്തെ ആധുനിക പുരോഗതികള്‍ എന്ന പ്രമേയത്തില്‍ ജാമിഅ മദീനതുന്നൂര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റും സയന്‍സ് ഓര്‍ബിറ്റും സംയുക്തമായി സംഘടിപ്പിച്ച അക്കാദമിക് കോണ്‍ഫറന്‍സ്’23 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജാമിഅ മദീനതുന്നൂര്‍ റെക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ അധ്യക്ഷതയില്‍ നടന്ന കോണ്‍ഫറന്‍സ് ഐക്യരാഷ്ട്ര സംഘടനയുടെ പതിനേഴോളം വരുന്ന സുസ്ഥിതി വികസന ലക്ഷ്യങ്ങള്‍ ചര്‍ച്ച ചെയ്തു. കാലിക്കറ്റ് എന്‍ ഐ ടി സീനിയര്‍ പ്രൊഫസര്‍ ഡോ സുജിത്, മീഞ്ചന്ത ഗവണ്മെന്റ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മുജീബ് റഹ്മാന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മദീനതുന്നൂര്‍ പ്രോ റെക്ടര്‍ ആസഫ് നൂറാനി, സയന്‍സ് ഓര്‍ബിറ്റ് ഇന്‍ചാര്‍ജ് മുജ്തബ നൂറാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഐ ഐ ടി ഹൈദരാബാദ്, എന്‍ ഐ ടി കാലിക്കറ്റ്, അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, യെനപ്പൊയ യൂണിവേഴ്‌സിറ്റി, ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി തുടങ്ങി ഇരുപതോളം സര്‍വകലാശാലകളില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ഥികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്ന ‘കോണ്‍സന്‍ഷ്യ’ വര്‍ക്ക് ഷോപ്പില്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഇക്കോ എസ് ടി പി പ്രൈവറ്റ് ലിമിറ്റഡി’ന്റെ സി ഇ ഒ. തരുണ്‍ കുമാര്‍ ബെംഗളൂരു പ്രകൃതിയെ എങ്ങനെ ടെക്‌നോളജിയുമായി ബന്ധപ്പെടുത്താമെന്നും മാലിന്യ സംസ്‌കരണത്തിന് പ്രകൃതിയുടെ മാര്‍ഗങ്ങളെ നാം മാതൃകയാക്കേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ചും തീം ടോക്കില്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതനാശയങ്ങളെയും കണ്ടെത്തലുകളുടെയും പരിചയപ്പെടുത്തുന്ന വര്‍ക്ക്‌ഷോപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോട്ടിക്‌സ് എന്ന പ്രമേയത്തില്‍ ഇവോള്‍വ് റോബോട്ടിക്‌സ് എ ഐ കണ്‍സള്‍ട്ടന്റ് സജീഷ് കൃഷ്ണ സ്റ്റീം ടോക്ക് നടത്തി. ഉസ്താദ് അലി ബാഖവി ആറ്റുപുറം തന്‍ളീം സെഷന് നേതൃത്വം നല്‍കി.

പരിപാടിയുടെ ഭാഗമായി ‘സുസ്ഥിര ലോകത്തിനായുള്ള ശാസ്ത്ര സാങ്കേതിക മേഖലയിലെ പുതിയ മുന്നേറ്റങ്ങള്‍’ എന്ന പ്രമേയത്തില്‍ നടന്ന അക്കാദമിക് സെമിനാറില്‍ ജാമിഅ മദീനതുന്നൂറിന്റെ വിവിധ സയന്‍സ് കാമ്പസുകളിലെ ഫൗണ്ടേഷന്‍ കോഴ്‌സ് വിദ്യാര്‍ഥികള്‍ സെമിനാര്‍ അവതരിപ്പിച്ചു. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അസിസ്റ്റന്റ് സുവോളജിസ്റ്റ് ശ്രീജിത്ത് കുമാര്‍ സെമിനാര്‍ നിയന്ത്രിച്ചു. വേസ്റ്റ് വാട്ടര്‍ ശുദ്ധീകരണത്തിനുള്ള പുതിയ ടെക്‌നോളജികള്‍, എന്‍ജിനീയറിങ് നിര്‍മാണ മേഖലയിലെ നൂതന ഉത്പന്നമായ ‘ജിയോസിന്തറ്റിക്‌സ്’, റോക്കറ്റ് വിക്ഷേപണത്തിനുള്ള പുതിയ മാര്‍ഗമായ ‘സ്പിന്‍ലോഞ്ച്’ തുടങ്ങിയ സുസ്ഥിര സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്നതായിരുന്നു സെമിനാര്‍.

കരിയര്‍ സെഷന് സാജിദ് അലി (ഐ ഐ ടി ഹൈദരാബാദ്), മുഹമ്മദ് മുഅവ്വിദ് (തൃശൂര്‍ മെഡിക്കല്‍ കോളജ്), ഷബീര്‍ ഹസൈനാര്‍ (എന്‍ ഐ ടി കാലിക്കറ്റ്), മുഹമ്മദ് ആഷിഖ് (അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി), സഹല്‍ വെണ്ണക്കോട് (മര്‍കസ് യുനാനി മെഡിക്കല്‍ കോളജ്) തുടങ്ങിയ പ്രീമിയം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഉപരിപഠനം നടത്തുന്ന മദീനതുന്നൂറിന്റെ സയന്‍സ് വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കി.

സയന്‍സ് ഒളിമ്പ്യാഡ്, കരിയര്‍ ഡെവലപ്‌മെന്റ്, സയന്‍സ് ലിറ്ററേച്ചര്‍ ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. വിപുലമായ സയന്‍സ് എക്‌സ്‌പോയും നഗരിയില്‍ ഒരുക്കി. വിവിധ സെഷനുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് പ്രൈസും അവാര്‍ഡും നല്‍കി. ഹാരിസ് നൂറാനി, യാസീന്‍ നൂറാനി ഹാഷിര്‍ നൂറാനി, ശമീര്‍ നൂറാനി സംബന്ധിച്ചു.

 

Latest