Connect with us

inspiration

നിശ്ചയദാർഢ്യത്തിന്റെ അറേബ്യൻ നാമം

അസാധാരണവും പ്രചോദനാത്മകവുമായാണ് വലിയ വ്യക്തിത്വമായി ഗാനിം അൽ മുഫ്ത ഉയർന്നുവന്നത്. വൈകല്യങ്ങളുണ്ടായിട്ടും സ്‌കൂബ ഡൈവിംഗ്, സ്‌കേറ്റ് ബോർഡിംഗ്, റോക്ക് ക്ലൈംബിംഗ്, ഫുട്‌ബോൾ, ഹൈക്കിംഗ് തുടങ്ങിയ അത്യാധുനിക കായിക വിനോദങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. നീന്തലിലും മികവ് തെളിയിച്ചു. ഗൾഫ് മേഖലയിലെ ഏറ്റവും ഉയരം കൂടിയ പർവതശിഖരമായ ജബൽ ശംസിൽ കയറിയ അദ്ദേഹം എവറസ്റ്റ് കൊടുമുടി കീഴടക്കാനും തയ്യാറെടുക്കുകയാണ്. എന്നാൽ ഇതിനപ്പുറം ഖത്വറിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനുമാണ് ഗാനിം.

Published

|

Last Updated

ഫിഫ ലോകകപ്പ് ഖത്വർ 2022ന്റെ ഉദ്ഘാടന ചടങ്ങിൽ കഴിഞ്ഞ ഞായറാഴ്ച ഹോളിവുഡ് താരം മോർഗൻ ഫ്രീമാനോടൊപ്പം വേദി പങ്കിട്ട ഗാനിം അൽ മുഫ്ത ലോകശ്രദ്ധ നേടിയിരിക്കുകയാണ്. പേരുപോലെ വിജയത്തിന്റെയും പ്രത്യാശയുടെയും താക്കോലായി ഈ ഇരുപതുകാരൻ മാറിക്കഴിഞ്ഞു.

ഫിഫ ലോകകപ്പിന്റെ അംബാസഡറാണ് മുഫ്ത. വൈവിധ്യത്തിന്റെയും സ്വീകാര്യതയുടെയും സന്ദേശം പങ്കുവെച്ച് ലോകകപ്പ് ഉദ്ഘാടന വേദിയിൽ വിശുദ്ധ ഖുർആൻ വചനങ്ങൾ പാരായണം ചെയ്ത ഈ യുവാവ് ഇപ്പോൾ ലോകത്തുടനീളമുള്ള യുവാക്കളുടെയും സാമൂഹിക മാധ്യമ ഉപയോക്താക്കളുടെയും പ്രചോദനശക്തിയും ആവേശത്തിന്റെ പുതിയ പ്രതീകവുമായി മാറിയിരിക്കുകയാണ്.

നട്ടെല്ലിന്റെ വളർച്ച ഇല്ലാതാക്കുന്ന അപൂർവ രോഗമായ കൗഡൽ റിഗ്രഷൻ സിൻഡ്രോം ബാധിച്ച ഇരട്ട സഹോദരന്മാരിലൊരാളായാണ് ഗാനിം അൽ മുഫ്ത 2002 മെയ് അഞ്ചിന് ജനിക്കുന്നത്. അരക്കു കീഴ്ഭാഗമില്ലാതെയുള്ള അപൂർവ രോഗാവസ്ഥയോടെ ജനിച്ച ഗാനിമിന്റെ ഇരട്ട സഹോദരൻ അഹ്്മദ് പക്ഷേ സാധാരണ കുട്ടിയായിരുന്നു. ഗാനിമിനെ ഗർഭം ധരിച്ച സമയത്ത് തന്നെ പലരും ഗർഭച്ഛിദ്രം ചെയ്യണമെന്ന് മാതാവിനോട് പറഞ്ഞിരുന്നു. പക്ഷേ ധീരതയോടെ മാതാപിതാക്കൾ മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു. “ഞാൻ അവന്റെ ഇടത് കാലും നീ അവന്റെ വലത് കാലും ആയിരിക്കും’ ഗാനിമിന്റെ മാതാപിതാക്കൾ ഇമാൻ അഹമ്മദും മുഹമ്മദ് അൽ മുഫ്തയും ഇങ്ങനെയാണ് തീരുമാനത്തിലെത്തിയത്. തുടർന്നും അതിജീവിക്കാനുള്ള വളരെ കുറച്ച് സാധ്യതകളാണ് ഡോക്ടർമാർ പ്രവചിച്ചത്. പതിനഞ്ച് വർഷത്തിനപ്പുറം ജീവിക്കാൻ കഴിയില്ലെന്ന് പറഞ്ഞവർ ഏറെ. പല സ്‌കൂളുകളും അവനെ പ്രവേശിപ്പിക്കാൻ തയ്യാറായിരുന്നില്ല. അവസാനം ഒരു സ്‌കൂളിൽ അഡ്മിഷൻ നേടിയ ഗാനിം കൈകളിൽ ഷൂസ് ധരിച്ച് സഹപാഠികൾക്കൊപ്പം ഫുട്‌ബോൾ കളത്തിലിറങ്ങി. തന്നേക്കാൾ മുതിർന്ന സുഹൃത്തുക്കളുമായി പന്തിന് പിന്നാലെ ഓടിയെത്താൻ ഗാനിം നന്നേ പാടുപെട്ടു. എന്നാൽ എല്ലാ വെല്ലുവിളികളും അതിജീവിച്ച് തന്റെ ജീവിതം മുന്നോട്ട് നയിക്കാനാണ് ഗാനിം ശ്രദ്ധിച്ചത്. നിറഞ്ഞ പുഞ്ചിരിയും ആത്മവിശ്വാസവും പോസിറ്റീവിറ്റിയും നേതൃപാടവ ശേഷിയുമുപയോഗിച്ച് പ്രതിബന്ധങ്ങളെ മറികടന്ന് ഗാനിം മുന്നോട്ടു കുതിച്ചു.

അസാധാരണവും പ്രചോദനാത്മകവുമായ വലിയ വ്യക്തിത്വമായാണ് ഗാനിം അൽ മുഫ്ത ഉയർന്നുവന്നത്. വൈകല്യങ്ങളുണ്ടായിട്ടും സ്‌കൂബ ഡൈവിംഗ്, സ്‌കേറ്റ് ബോർഡിംഗ്, റോക്ക് ക്ലൈംബിംഗ്, ഫുട്‌ബോൾ, ഹൈക്കിംഗ് തുടങ്ങിയ അത്യാധുനിക കായിക വിനോദങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. നീന്തലിലും മികവ് തെളിയിച്ചു. ഗൾഫ് മേഖലയിലെ ഏറ്റവും ഉയരം കൂടിയ പർവതശിഖരമായ ജബൽ ശംസിൽ കയറിയ അദ്ദേഹം എവറസ്റ്റ് കൊടുമുടി കീഴടക്കാനും തയ്യാറെടുക്കുകയാണ്. എന്നാൽ ഇതിനപ്പുറം ഖത്വറിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനുമാണ് ഗാനിം. 60 ജീവനക്കാരുമായി ആറ് ബ്രാഞ്ചുകളുള്ള ഗരിസ്സ ഐസ്‌ക്രീം കമ്പനിയുടെ ഉടമ. ഗൾഫ് മേഖലയിലുടനീളം ബിസിനസ് വിപുലീകരിക്കുകയും വിവിധ രാജ്യങ്ങളിൽ ഫ്രാഞ്ചൈസികൾ തുറക്കാനുമാണ് പദ്ധതി. അതോടൊപ്പം നയതന്ത്രജ്ഞനാകുകയെന്ന ലക്ഷ്യത്തോടെ ഇപ്പോൾ പൊളിറ്റിക്കൽ സയൻസിൽ ബിരുദ പഠനത്തിലുമാണ് ഈ അത്യുത്സാഹി.

എല്ലാ വർഷവും യൂറോപ്പിൽ നിന്നും വിദഗ്ധ ശസ്ത്രക്രിയാ ചികിത്സ തേടുന്ന ഗാനിം, ശാരീരിക വെല്ലുവിളികളുടെ ലോകത്ത് അവയെ ചെറുത്തുതോൽപ്പിച്ചു ലോകമെമ്പാടുമുള്ള യുവാക്കൾക്കും ഭിന്നശേഷിക്കാർക്കും പ്രമുഖവും അസാധാരണവുമായ മാതൃകയായ അദ്ദേഹത്തിന്റെ കഥ ആളുകളെ വിസ്മയിപ്പിക്കുകയും പ്രചോദിപ്പിക്കുകയുമാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 30 ലക്ഷത്തിലധികം ഫോളോവർമാരുണ്ട്. യൂട്യൂബിൽ എട്ട് ലക്ഷവും. പ്രചോദനാത്മകമായ പ്രസംഗങ്ങളുമായി സോഷ്യൽ മീഡിയയിലും സജീവമായ ഗാനിം, 2018ൽ പതിനാറാം വയസ്സിൽ ടെഡ് എക്‌സ് ഖത്വർ യൂനിവേഴ്‌സിറ്റിയിൽ കോഡൽ റിഗ്രഷൻ സിൻഡ്രോമിനെക്കുറിച്ച് ചർച്ച നയിച്ചത് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഖത്വർ ലോകകപ്പ് വേദിയിൽ പ്രത്യക്ഷപ്പെട്ട ശേഷം ലോകം ഏറെ തിരയുന്ന ഗാനിം 1.5 മില്യൺ ഡോളർ ആസ്തിയുള്ള പണക്കാരൻ കൂടിയാണെന്നത് ചെറിയ വീഴ്ചകളിൽ തളർന്നുപോകുന്ന പലർക്കും മാതൃകയാണ്. ഗാനിം അവന്റെ വെബ്‌സൈറ്റിൽ കുറിച്ചപോലെ “അസാധ്യമായി ഒന്നുമില്ല’.

Latest