Uae
അറബിക് ചരിത്ര നിഘണ്ടു ചാറ്റ് ജിപിടി മാതൃകയില്‍ പുറത്തിറക്കും
127 വാല്യങ്ങളിലായി 20 ദശലക്ഷത്തിലധികം അറബി പദങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് നിഘണ്ടു.
ഷാര്‍ജ| ചാറ്റ് ജിപിടി മാതൃകയിലുള്ള അറബിക് ചരിത്ര നിഘണ്ടു സമാരംഭിക്കാന്‍ ഒരുങ്ങുകയാണ് ഷാര്‍ജ അറബിക് ലാംഗ്വേജ് അക്കാദമി. സെപ്തംബറില്‍ പുറത്തിറക്കിയ ഹിസ്റ്റോറിക്കല്‍ അറബിക് നിഘണ്ടു ജിപിടി ആയി പരിണമിക്കും. ഒക്ടോബറില്‍ പ്രഖ്യാപിച്ച ഈ നൂതന പ്ലാറ്റ്ഫോം 2025-ല്‍ സമാരംഭിക്കാനാണ് പദ്ധതിയിടുന്നത്. 127 വാല്യങ്ങളിലായി 20 ദശലക്ഷത്തിലധികം അറബി പദങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് നിഘണ്ടു.
ചാറ്റ് ജിപിടി ആവുന്നതോടെ ഉപയോക്താക്കള്‍ക്ക് ചലനാത്മകവും ആകര്‍ഷകവുമായ രീതിയില്‍ നിഘണ്ടു ഉപയോഗിക്കാനാവും. അറബി ഭാഷാ വിഭവങ്ങള്‍ എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്നതിലെ സുപ്രധാന പ്രവര്‍ത്തനമാവും ഇതെന്ന് അറബിക് ലാംഗ്വേജ് അക്കാദമി ട്രസ്റ്റി ബോര്‍ഡ് അംഗം മുഹമ്മദ് ഹസന്‍ ഖലഫ് പറഞ്ഞു. അറബി സംസ്‌കാരത്തെയും ഭാഷയെയും സമ്പന്നമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കൂട്ടായ ഒരു അറബ് സംരംഭമാണ് ഈ പദ്ധതി. അറബ് സംസ്‌കാരത്തിന്റെ സമ്പന്നത അറബ് ഇതര സമൂഹത്തിലേക്ക് എത്തിക്കാനും ഭാഷയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനും സാംസ്‌കാരിക വിനിമയത്തിനുള്ള പാലം തുറക്കാനും ഇത് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.