Connect with us

Ongoing News

അറഫാ സംഗമം നാളെ; ജനലക്ഷങ്ങള്‍ ഒത്തുചേരും

ഒരു പകലും രാത്രിയും പ്രാര്‍ഥനയില്‍ കഴിയുന്ന ഹാജിമാര്‍ തങ്ങളുടെ മനസ്സും ശരീരവും പാകപ്പെടുത്തിയാണ് മിനായില്‍ നിന്നും ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ലബ്ബൈക്കയുടെ മന്ത്രങ്ങള്‍ ഉരുവിട്ട് അറഫാ ലക്ഷ്യമാക്കി നീങ്ങുക.

Published

|

Last Updated

അറഫ | വിശ്വസാഹോദര്യം വിളിച്ചോതി ശുഭ്രവസ്തങ്ങളണിഞ്ഞ് ജനലക്ഷങ്ങള്‍ മിനായില്‍ നിന്നും പതിനാറു കിലോമീറ്റര്‍ അകലെയുള്ള അറഫയില്‍ സംഗമിക്കുന്നതോടെ അറഫാ മൈതാനം പാല്‍ക്കടലായി മാറും. തീര്‍ഥാടനത്തിനായി ലോകത്ത് ഏറ്റവും പേര്‍ ഒരേസമയം സംഗമിക്കുന്ന അപൂര്‍വ സ്ഥലം കൂടിയാണ് അറഫ.

ഒരു പകലും രാത്രിയും പ്രാര്‍ഥനയില്‍ കഴിയുന്ന ഹാജിമാര്‍ തങ്ങളുടെ മനസ്സും ശരീരവും പാകപ്പെടുത്തിയാണ് മിനായില്‍ നിന്നും ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ലബ്ബൈക്കയുടെ മന്ത്രങ്ങള്‍ ഉരുവിട്ട് അറഫാ ലക്ഷ്യമാക്കി നീങ്ങുക. കൊവിഡ് മഹാമാരിക്കു ശേഷമുള്ള ഏറ്റവും വലിയ ഹജ്ജ് കര്‍മ്മങ്ങള്‍ക്കാണ് പുണ്യഭൂമി ഈ വര്‍ഷം സാക്ഷ്യം വഹിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ വര്‍ഷത്തെ ഹജ്ജിന്. 160 തില്‍ പരം രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇത്തവണ അറഫാ സംഗമത്തില്‍ പങ്കെടുക്കാനെത്തുന്നത്.

ഈ വര്‍ഷം തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചതോടെ കനത്ത തിരക്ക് ഒഴിവാക്കാന്‍ വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ തന്നെ ഹാജിമാര്‍ അറഫയിലേക്ക് നീങ്ങി തുടങ്ങും. രോഗികളായി മദീനയിലെയും, ജിദ്ധയിലെയും ആശുപത്രികളില്‍ കഴിയുന്നവരെ നേരത്തെ ആംബുലന്‍സുകളിലും എയര്‍ ആംബുലന്‍സുകളിലുമായി മക്കയിലെത്തിച്ചിരുന്നു. ഇവരെ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ അറഫാ സംഗമത്തിനായി എത്തിക്കും. അറഫ ലഭിക്കാത്തവര്‍ക്ക് ഹജ്ജില്ലെന്നാണ് തിരുനബി വചനം. 18 കിലോമീറ്റര്‍ വിസ്തൃതിയിലാണ് അറഫ നിലകൊള്ളുന്നത്. കാരുണ്യത്തിന്റെ മല എന്നറിയപ്പെടുന്ന ‘ജബലുര്‍റഹ്മ’യും അറഫയിലാണ് സ്ഥിതിചെയ്യുന്നത് ,

അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ) ഒരുലക്ഷത്തോളം വരുന്ന അനുചരന്മാരോടൊപ്പം മിനായില്‍ നിന്നും പുറപ്പെട്ട് ദുല്‍ഹജ്ജ് ഒമ്പതിന് നിസ്‌കാരം നിര്‍വഹിച്ച് ജബലുറഹ്മയിലെത്തി പ്രാര്‍ഥനയില്‍ മുഴുകുകയും ചെയ്തിരുന്നു.

അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ) തങ്ങളുടെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിച്ച് അറഫയിലെ മസ്ജിദുന്നമിറയില്‍ നടക്കുന്ന ഖുതുബക്കും നിസ്‌കാരത്തിനും സഊദിയിലെ മുതിര്‍ന്ന പണ്ഡിതനും മസ്ജിദുല്‍ ഹറമിലെ ഇമാമുമായ ശൈഖ് ഡോ: മാഹിര്‍ ബിന്‍ ഹമദ് അല്‍മുഹൈഖ്‌ലിയാണ് നേതൃത്വം നല്‍കുക.

അറഫാ സംഗമത്തിന് ശേഷം സൂര്യാസ്തമയത്തോടെ ഹാജിമാര്‍ മുസ്ദലിഫയില്‍ രാപ്പാര്‍ക്കുകയും മുസ്ദലിഫയിലെത്തിയ ശേഷം മഗ്‌രിബും ഇശാഉം ഒരുമിച്ച് നിസ്‌കരിക്കുകയും ചെയ്യും. ബലി പെരുന്നാള്‍ ദിനത്തില്‍ ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിച്ചാണ് ഹാജിമാര്‍ മിനായിലേക്ക് യാത്ര തിരിക്കുക.

 

സിറാജ് പ്രതിനിധി, ദമാം

Latest