Connect with us

Ongoing News

മനുഷ്യക്കടലായി അറഫ; പ്രാർഥനാവചസ്സുകളാൽ കണ്ണ് നിറച്ച് ഹാജിമാർ

ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്ന് ഒഴുകിയെത്തിയ ദശലക്ഷക്കണക്കിന് ഹാജിമാർ കത്തിയെരിയുന്ന സൂര്യന് ചുവട്ടിൽ, അറഫാ മൈതാനിയിൽ തോളോടുതോൾ ചേർന്ന് ഒത്തുചേർന്നപ്പോൾ അത് ലോകത്തിന്റെ പരിച്ഛേദമായി മാറി.

Published

|

Last Updated

മക്ക | ലോകത്തിലെ ഏറ്റവും വലിയ ജനസഞ്ചയത്തിന് ഒരിക്കൽ കൂടി സാക്ഷ്യം വഹിച്ച് അറഫാ മൈതാനം. ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്ന് ഒഴുകിയെത്തിയ ദശലക്ഷക്കണക്കിന് ഹാജിമാർ കത്തിയെരിയുന്ന സൂര്യന് ചുവട്ടിൽ, അറഫാ മൈതാനിയിൽ തോളോടുതോൾ ചേർന്ന് ഒത്തുചേർന്നപ്പോൾ അത് ലോകത്തിന്റെ പരിച്ഛേദമായി മാറി. ഹൃദയത്തിൽ ആത്മീയോത്കർഷവുമായി, അധരങ്ങളിൽ തൽബിയ്യത്തിന്റെ മന്ത്രധ്വനികളേറ്റുചൊല്ലി അവർ അറഫയെ പ്രാർഥനാപൂരിതമാക്കുകയാണ്.

തീർഥാടനത്തിന്റെ ഭാഗമായി ലോകത്ത് ഏറ്റവും കൂടുതൽ പേർ ഒരേസമയം സംഗമിക്കുന്ന അപൂർവ സ്ഥലം കൂടിയാണ് അറഫ. ശരീരത്തെ പൊതിഞ്ഞ വസ്ത്രത്തിന്റെ ശുഭ്രതയിലേക്ക് മനസ്സുകളെ പരിവർത്തിപ്പിച്ച് ഇത്തവണ 24 ദശലക്ഷം ഹാജിമാരാണ് അറഫയിൽ ഒരുമിച്ചുകൂടിയത്. ദേശഭാഷകളുടെ അതിർത്തികൾ മായ്ച്ചുകളയുന്ന മഹാസംഗമത്തിൽ വിങ്ങുന്ന ഹൃദയവുമായി അവർ നാഥനിലേക്ക് കൈകളുയർത്തി. ലോകത്തെ പീഡിത സമൂഹങ്ങൾക്ക് വേണ്ടിയുള്ള പ്രാർഥനാനേരം കൂടിയായി അറഫാ സംഗമം മാറി. ഗസ്സയിൽ പതിനായിരക്കണക്കിന് മനുഷ്യജീവനുകൾ അപഹരിച്ച് ഇസ്റാഈൽ സംഹാരതാണ്ഡവമാടുന്ന സമയത്താണ് ഇത്തവണ ഹജ്ജ് കർമം നടക്കുന്നത്. വിശ്വാസികളുടെ കണ്ഠമിടറിയുള്ള പ്രാർഥനയിൽ ഗസ്സയിലെ നിസ്സഹായരായ മനുഷ്യർക്ക് വേണ്ടിയുള്ള തേട്ടവുമായിരുന്നു.

ഇന്നലെ മിനായിൽ സംഗമിച്ച വിശ്വാസി ലക്ഷങ്ങൾ ഇന്ന് സുബ്ഹി നിസ്കാര ശേഷമാണ് മിനായിൽ നിന്ന് പതിനാല് കിലോമീറ്റർ അകലെയുള്ള അറഫയിലേക്ക് നീങ്ങിത്തുടങ്ങിയത്. ളുഹ്ർ നിസ്കാരത്തിന് മുഴുവൻ ഹാജിമാരും അറഫയിൽ ഒത്തുകൂടി. മസ്ജിദുൽ ഹറം ഇമാം ഡോ. ശൈഖ് മാഹിർ അൽ മുഅയ്ഖ്‌ലിയാണ് അറഫ ഖുതുബ നിർവഹിച്ചത്. മസ്ജിദുന്നമിറയിൽ ളുഹ്ർ, അസ്ർ നിസ്‌കാരങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകും.

ഹാജിമാരെ കൂടാതെ ലക്ഷക്കണക്കിന് പേരാണ് ഓരോ വർഷവും അറഫാ ഖുതുബ ശ്രവിക്കുന്നത്. മുഹമ്മദ് നബിയുടെ ചരിത്ര പ്രധാനമായ “ഖുത്ബതുൽ വിദാഇ’നെ അനുസ്മരിച്ചാണ് എല്ലാ വർഷവും മസ്ജിദുന്നമിറയിൽ അറഫാ ഖുതുബ നടക്കുന്നത്.
കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഹജ്ജ് കർമങ്ങൾക്കാണ് പുണ്യനഗരികൾ ഈ വർഷം സാക്ഷ്യം വഹിക്കുന്നത്. 160ലധികം രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഈ വർഷത്തെ അറഫാ സംഗമത്തിൽ പങ്കെടുക്കുക.

കനത്ത തിരക്ക് ഒഴിവാക്കാൻ ഇന്നലെ അർധരാത്രി മുതൽ തന്നെ ഹാജിമാർ അറഫയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. രോഗികളായി മദീനയിലെയും ജിദ്ദയിലെയും ആശുപത്രികളിൽ കഴിയുന്നവരെ നേരത്തേ തന്നെ ആംബുലൻസുകളിലും എയർ ആംബുലൻസുകളിലുമായി മക്കയിലെത്തിച്ചു. ഇവരെ പിന്നീട് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അറഫയിലെത്തിച്ചു.

ഹജ്ജിലെ ഏറ്റവും സുപ്രധാന കർമമാണ് അറഫാ സംഗമം. അറഫ ലഭിക്കാത്തവർക്ക് ഹജ്ജില്ലെന്നാണ് തിരുനബി വചനം. 18 കിലോമീറ്റർ വിസ്്തൃതിയിൽ സ്ഥിതി ചെയ്യുന്ന അറഫയിലാണ് കാരുണ്യത്തിന്റെ മല എന്നറിയപ്പെടുന്ന “ജബലുർറഹ്്മ’യും സ്ഥിതി ചെയ്യുന്നത്.

അറഫയിലെ നമിറ പള്ളിയിലേക്ക് ളുഹ്‍ർ നിസ്കാരത്തിനായി നീങ്ങുന്ന ഹാജിമാർ

അറഫാ സംഗമത്തിന് ശേഷം ഇന്ന് വൈകിട്ടോടെ വിശ്വാസികൾ മുസ്ദലിഫയിലേക്ക് നീങ്ങും. അവിടെ രാപ്പാർത്തതിന് ശേഷം ജംറകളിൽ പിശാചിന്റെ സ്തൂപത്തിൽ കല്ലെറിയും. തുടർന്ന് മസ്ജിദുൽ ഹറമിലെത്തി കഅ്ബയെ ത്വവാഫ് ചെയ്യും. സഫ- മർവ കുന്നുകൾക്കിടയിലെ പ്രയാണത്തിന് ശേഷം ബലി കർമം. തുടർന്ന് മുടി മുറിച്ച് തീർഥാടകർ ഹജ്ജിൽ നിന്ന് വിരമിക്കും. പിന്നീട് മൂന്ന് ദിവസം കൂടി മിനായിലെ തമ്പുകളിൽ രാപ്പാർത്ത് മൂന്ന് ജംറകളിൽ കല്ലെറിയും. ഇതോടെ ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ സമ്പൂർണമായി അവസാനിക്കും.

 

 

Latest