Connect with us

articles

അത്ര ദുര്‍ബലമാണോ പ്രതിരോധ സംവിധാനങ്ങള്‍?

സമ്പന്നരായ ബിസിനസ്സുകാര്‍ക്ക് ഒരു കുടുംബ പരിപാടിയില്‍ പങ്കെടുക്കാന്‍ ഒരു രാജ്യത്തിന്റെ ഭരണ പ്രതിരോധ സംവിധാനങ്ങള്‍ മാറ്റി ക്രമീകരിക്കുന്നതില്‍ ആര്‍ക്കും പ്രശ്നങ്ങളൊന്നുമില്ലേ? ദിനേനയുള്ള ആറ് ചാര്‍ട്ടര്‍ വിമാനങ്ങളും ചില വാണിജ്യ വിമാനങ്ങളുമൊഴിച്ചാല്‍ മറ്റൊന്നും ജാംനഗര്‍ വിമാനത്താവളത്തില്‍ അനുവദനീയമല്ല. എന്നാല്‍ ഒരു കല്യാണം വന്നതോടെ അതിഥികള്‍ക്കായി പ്രതിരോധവും സുരക്ഷയും എല്ലാം മുട്ടിലിഴഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യം കണ്ടത്.

Published

|

Last Updated

അംബാനിയുടെ ഇളയ മകന്റെ വിവാഹത്തോടെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ കേന്ദ്രമായ ജാംനഗര്‍ ഗുജറാത്തിലെ അഞ്ചാമത്തെ വലിയ നഗരമാണ്. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന വളരെയധികം സുരക്ഷാ പ്രാധാന്യമുള്ള നഗരങ്ങളില്‍ ഒന്ന്. അതുകൊണ്ട് തന്നെ ഇവിടെയുള്ള ആഭ്യന്തര വിമാനത്താവളം ഇന്ത്യന്‍ വ്യോമയാന സേനയുടെ പ്രധാന കേന്ദ്രവുമാണ്. ചെറിയൊരു ആഭ്യന്തര വിമാനത്താവളം ആയതിനാലും സുരക്ഷാ കാരണങ്ങളാലും വളരെയധികം നിയന്ത്രണങ്ങളോടെ മാത്രമേ ഇവിടെ ഗതാഗതം നടക്കാറുള്ളൂ. ദിനേനയുള്ള ആറ് ചാര്‍ട്ടര്‍ വിമാനങ്ങളും ചില വാണിജ്യ വിമാനങ്ങളുമൊഴിച്ചാല്‍ മറ്റൊന്നും ജാംനഗര്‍ വിമാനത്താവളത്തില്‍ അനുവദനീയമല്ല. എന്നാല്‍ ഒരു കല്യാണം വന്നതോടെ അതിഥികള്‍ക്കായി പ്രതിരോധവും സുരക്ഷയും എല്ലാം മുട്ടിലിഴഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യം കണ്ടത്.
വ്യവസായ ഭീമന്മാരുടെ താര വിവാഹമായിരുന്നു വാണിജ്യ വിനോദ മേഖലയിലെല്ലാം നിറഞ്ഞു നിന്നിരുന്ന ചര്‍ച്ച. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയും വ്യവസായി വീരേന്‍ മര്‍ച്ചന്റെ മകള്‍ രാധികാ മര്‍ചന്റും തമ്മിലുള്ള പൂര്‍വ വിവാഹ സത്കാരം നടന്നത് ജാംനഗറിലാണ്. റിലയന്‍സിന്റെ എണ്ണശുദ്ധീകരണശാലയും അംബാനിയുടെ ‘വന്‍താര’ എന്ന വന്‍ വന്യമൃഗ സംരക്ഷണ ഫാമും നിലവിലുള്ള സ്ഥലമാണ് ജാംനഗര്‍. ലോക പ്രശസ്ത പോപ്പ് താരം റിഹാനയുടെ ഇന്ത്യയിലെ ആദ്യ പ്രകടനമടക്കം സുക്കര്‍ബര്‍ഗും ബില്‍ ഗേറ്റ്സും അടക്കമുള്ള വാണിജ്യ ഭീമന്മാരും സിനിമാ താരങ്ങളും പങ്കെടുത്ത മൂന്ന് ദിവസം നീണ്ടു നിന്ന ആഘോഷങ്ങളിലേക്ക് അതിഥികള്‍ക്കും കുടുംബങ്ങള്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാനും പോകാനും വേണ്ടിയാണ് ഒരു പ്രതിരോധ വിമാനത്താവളത്തെ ഉപയോഗപ്പെടുത്തിയത്. അതിനായി പത്ത് ദിവസത്തേക്ക് ജാംനഗര്‍ വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമാക്കി പ്രഖ്യാപിക്കുക പോലും ചെയ്തു സര്‍ക്കാര്‍.
ആഡംബരത്തിന്റെ അവസാന വാക്കായി മാറിയ ജാംനഗറിലെ റിലയന്‍സ് ടൗണ്‍ഷിപ്പില്‍ നടന്ന ആഘോഷങ്ങള്‍ക്കായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാണിച്ച ശ്രദ്ധയും വിട്ടുവീഴ്ചയും പലരും ചൂണ്ടിക്കാണിച്ചെങ്കിലും പണത്തിന്റെ തിളക്കത്തിനു മുമ്പില്‍ അതൊന്നും ആരും ശ്രദ്ധിച്ചു കണ്ടില്ല എന്നതാണ് വാസ്തവം. വന്‍ താരങ്ങളും ഭീമന്മാരും ഉണ്ണുന്നതും ഉറങ്ങുന്നതും ആടിത്തിമിര്‍ക്കുന്നതും മത്സരിച്ച് റിപോര്‍ട്ട് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു മാധ്യമങ്ങളും. ജാംനഗര്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് പതിവിലും അഞ്ചിരട്ടി ട്രാഫിക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൈകാര്യം ചെയ്യേണ്ടി വന്നത്. വിമാനങ്ങളെ കൊണ്ട് തിങ്ങി നിറഞ്ഞ ദിവസങ്ങള്‍. പരിമിതമായിരുന്ന വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ വിവിധ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ചേര്‍ന്ന് വിപുലപ്പെടുത്തി. കസ്റ്റംസ്, ഇമിഗ്രേഷന്‍, ക്വാറന്റൈന്‍ (സി ഐ ക്യു) സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നതിന് കേന്ദ്ര ആരോഗ്യ, ധനം, ആഭ്യന്തരകാര്യ മന്ത്രാലയങ്ങള്‍ നേരിട്ട് ഇടപെട്ട് ദ്രുതഗതിയില്‍ വേണ്ട തയ്യാറെടുപ്പുകള്‍ ചെയ്തു നല്‍കി. 10 ദിവസത്തിനുള്ളില്‍ നാനൂറിലധികം ചാര്‍ട്ടര്‍ വിമാനങ്ങളാണ് ജാംനഗറില്‍ വന്നിറങ്ങിയത്. ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗിനും സുരക്ഷാ കാര്യങ്ങള്‍ക്കും വേണ്ടി ഒട്ടനവധി ജീവനക്കാരെ അധികമായി കൊണ്ടുവന്നു. വിമാനത്താവളത്തില്‍ പാര്‍ക്കിംഗിന് സ്ഥലമില്ലാതായതോടെ ചാര്‍ട്ടര്‍ വിമാനങ്ങള്‍ യാത്രക്കാരെ ഇറക്കുകയും രാജ്‌കോട്ട്, പോര്‍ബന്തര്‍, അഹമ്മദാബാദ്, മുംബൈ തുടങ്ങിയ വിമാനത്താവളങ്ങളില്‍ പോയി പാര്‍ക്ക് ചെയ്യുകയും ചെയ്തെന്ന് ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ് റിപോര്‍ട്ട് ചെയ്തു.
രാജ്യത്തിന്റെ ഭരണം ശതകോടീശ്വരന്മാരായ വ്യവസായ പ്രമുഖര്‍ക്ക് വഴിപ്പെട്ടിട്ടുണ്ടെന്നത് മുമ്പും പല രൂപത്തില്‍ തെളിഞ്ഞതാണ്. അംബാനിയുടെ മകന്റെ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങള്‍ക്കായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രത്യേകം ഒരു പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടം തന്നെ നിര്‍മിച്ചു കൊടുക്കുന്നതില്‍ പിന്നെ അത്ഭുതപ്പെടാനെന്തിരിക്കുന്നു. അത് മാത്രമല്ല, പത്ത് ദിവസത്തേക്ക് ഇന്റര്‍നാഷനല്‍ എന്ന പേരുമിട്ട് രാജ്യത്തിന്റെ പ്രതിരോധ മേഖലയുടെ സെന്‍സിറ്റീവ് ‘സാങ്കേതിക’ മേഖല തന്നെ തുറന്നു കൊടുത്താണ് അംബാനി കുടുംബത്തിന് ആഘോഷിക്കാന്‍ സര്‍ക്കാര്‍ വഴിയൊരുക്കി കൊടുത്തത്. അതി വൈകാരിക അതിര്‍ത്തി മേഖലയായിട്ടും ഒരു കുടുംബത്തിന്റെ ആഘോഷത്തിന് വേണ്ടി നടത്തിയ പ്രത്യേക ക്രമീകരണങ്ങളായത് കൊണ്ടാണോ സര്‍ക്കാറിനും പ്രതിരോധ മേഖലക്കും ഇവിടെ സുരക്ഷാ ആശങ്കകള്‍ ഒന്നുമില്ലാത്തത്. സമ്പന്നരായ ബിസിനസ്സുകാര്‍ക്ക് ഒരു കുടുംബ പരിപാടിയില്‍ പങ്കെടുക്കാന്‍ ഒരു രാജ്യത്തിന്റെ ഭരണ പ്രതിരോധ സംവിധാനങ്ങള്‍ മാറ്റി ക്രമീകരിക്കുന്നതില്‍ ആര്‍ക്കും പ്രശ്നങ്ങളൊന്നുമില്ലേ? പണത്തിനും സ്വാധീനത്തിനും വിലക്കു വാങ്ങാന്‍ കിട്ടുന്നത്ര ദുര്‍ബലമാണോ ഒരു രാജ്യത്തിന്റെ പ്രതിരോധ നിയന്ത്രണ സംവിധാനങ്ങള്‍?
വെറുമൊരു വിവാഹ സത്കാരമല്ല ജാംനഗറില്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബറില്‍ നടന്ന മന്‍ കി ബാത്തിലൂടെ ഇന്ത്യയിലെ സമ്പന്നരായ ആളുകളോട് ഇന്ത്യയില്‍ വെച്ച് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ‘വെഡ് ഇന്‍ ഇന്ത്യ’ ആഹ്വാനത്തിന്റെ ഭാഗമായാണ് ജാംനഗറില്‍ ചടങ്ങുകള്‍ നടത്തുന്നതെന്ന് അനന്ത് അംബാനി അറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് ദിനപത്രമായ ദി ഇക്കണോമിക് ടൈംസ് ഫെബ്രുവരി 29ന് അനന്ത്-രാധിക വിവാഹത്തെ വിശേഷിപ്പിച്ചത് ‘ഇന്ത്യയിലെ വിവാഹം’ എന്ന തലക്കെട്ടോടെയാണ്. മന്‍ കി ബാത്തിലെ ആഹ്വാനവും ഇത്തരം വ്യാഖ്യാനങ്ങളും കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക താത്പര്യങ്ങള്‍ കൂടി അംബാനി കുടുംബത്തിന്റെ കല്യാണക്കാര്യത്തില്‍ തലയിട്ടിട്ടുണ്ട് എന്ന് വ്യക്തം. അപ്പോള്‍ പിന്നെ വിവാഹം കെങ്കേമമാക്കാന്‍ സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ക്രമീകരണമാണോ ഇടപെടലാണോ എന്നൊന്നും ചോദിക്കേണ്ട കാര്യമില്ലല്ലോ. ‘വെഡ്-ഇന്‍ ഇന്ത്യ’ വഴി സമ്പദ് വ്യവസ്ഥ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നവരോട് സര്‍ക്കാറും അകമഴിഞ്ഞ് സഹകരിക്കും എന്ന, എല്ലാവര്‍ക്കും വേണ്ടി സ്വീകരിച്ച പുതിയ നയമായിരിക്കണം ജാംനഗര്‍ വിമാനത്താവളം പൊടുന്നനെ മാറാന്‍ കാരണം. അല്ലെങ്കില്‍ പിന്നെ അംബാനി പറഞ്ഞപ്പോള്‍ മുന്‍ പിന്‍ നോക്കാതെ ഒറ്റയടിക്ക് മൂളിക്കൊടുത്തതായിരിക്കും.
സത്കാരത്തിന് ക്ഷണം കിട്ടാത്തത് കൊണ്ടാകണം, കോണ്‍ഗ്രസ്സ് വക്താക്കള്‍ അടക്കമുള്ള പലരും വ്യാപക വിമര്‍ശവുമായി രംഗത്തെത്തിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തത്, തന്റെ സമ്പന്നരായ വ്യവസായി സുഹൃത്തുക്കളെ സഹായിക്കാന്‍ പ്രധാനമന്ത്രി മോദി എന്തും ചെയ്യാന്‍ തയ്യാറാണ് എന്നാണ്. ‘കോടീശ്വരനായ മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിന് ജാംനഗര്‍ വിമാനത്താവളം 10 ദിവസത്തേക്ക് അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചു. നികുതിദായകരുടെ പണം ഉപയോഗിച്ച് പാസ്സഞ്ചര്‍ ടെര്‍മിനലിന്റെ വലിപ്പം ഇരട്ടിയാക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. ജാംനഗര്‍ വിമാനത്താവളം പാകിസ്താന്‍ അതിര്‍ത്തിയോട് അടുത്താണ്. പ്രതിരോധ ആശങ്കകളുള്ള സ്ഥലമാണ്. എന്നാല്‍ വിവാഹ അതിഥികള്‍ക്ക് തങ്ങളുടെ സ്വകാര്യ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ സാങ്കേതിക മേഖലയില്‍ ഉപയോഗിക്കാന്‍ പോലും അനുമതി നല്‍കിയിട്ടുണ്ട്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ്സ് ദേശീയ വക്താവ് ഡോ. ഷമ മുഹമ്മദും എക്സിലൂടെ നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് വിമര്‍ശിക്കുകയുണ്ടായി. ‘ജാംനഗര്‍ സൈനിക വിമാനത്താവളമാണ്. അനന്ത് അംബാനിയുടെ വിവാഹാഘോഷത്തിനു മാത്രമായി അതിന് അന്താരാഷ്ട്ര പദവി നല്‍കി. മൂന്ന് കേന്ദ്ര മന്ത്രിമാര്‍ക്ക് ചുമതല നല്‍കി. കെട്ടിടം വലുതാക്കി. ശൗചാലയങ്ങള്‍ നവീകരിച്ചു. 2018ല്‍ ആരംഭിച്ച കണ്ണൂര്‍ വിമാനത്താവളത്തിന് വിദേശ വിമാനങ്ങളിറങ്ങാനുള്ള പോയിന്റ് ഓഫ് കോള്‍ ലഭിച്ചിട്ടില്ല. ഇത് വിവേചനമല്ലേ’ എന്നും അവര്‍ ചോദിച്ചു.