Connect with us

Health

നിങ്ങള്‍ ദിവസവും മള്‍ട്ടി വിറ്റാമിന്‍ കഴിക്കുന്നവരാണോ? എങ്കില്‍ സൂക്ഷിക്കണം

മള്‍ട്ടിവിറ്റാമിനുകള്‍ എടുക്കുന്നതിനുപകരം, ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുകയാണ് പ്രധാനം എന്ന് പഠനത്തില്‍ പറയുന്നു.

Published

|

Last Updated

ദിവസേനെ മള്‍ട്ടിവിറ്റാമിനുകള്‍ കഴിക്കുന്നത് ആളുകളെ കൂടുതല്‍ കാലം ജീവിക്കാന്‍ സഹായിക്കുന്നില്ലെന്നും നേരത്തെയുള്ള മരണ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും പുതിയ പഠനം. JAMA നെറ്റ്വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. മേരിലാന്‍ഡിലെ നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ എറിക്ക ലോഫ്റ്റ്ഫീല്‍ഡും മൂന്ന് സഹപ്രവര്‍ത്തകരും ആണ് പഠനത്തിന് പിന്നില്‍. ഇവര്‍ 20 വര്‍ഷത്തോളം 4,00,000 ആരോഗ്യമുള്ള മുതിര്‍ന്നവരില്‍ നടത്തിയ വിശകലനത്തിലൂടെയാണ് മള്‍ട്ടി വിറ്റാമിനുകള്‍ ദിവസേന ഉപയോഗിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന് കണ്ടെത്തിയത്.

ആയുസ്സ് കൂട്ടാന്‍ മള്‍ട്ടി വിറ്റാമിനുകള്‍ സഹായിക്കില്ലെന്ന് ഇവരുടെ പഠനത്തില്‍ പറയുന്നു.ദിവസേന മള്‍ട്ടി വിറ്റാമിന്‍ കഴിക്കുന്നവരില്‍ വിറ്റാമിന്‍ കഴിക്കാത്തവരെ അപേക്ഷിച്ച് മരണ സാധ്യത നാല് ശതമാനം കൂടുതലാണ്.

1990-കളില്‍ ആരംഭിച്ച പഠനത്തില്‍ ദിവസേന മള്‍ട്ടി വിറ്റാമിന്‍ കഴിക്കുന്നവരെയും അല്ലാത്തവരെയും ഉള്‍പ്പെടുത്തിയാണ് വിശകലനം നടത്തിയത്. പഠനത്തോടൊപ്പം പ്രസിദ്ധീകരിച്ച ചെറു കുറിപ്പില്‍ പ്രത്യേക സാഹചര്യങ്ങളില്‍ വിറ്റാമിനുകള്‍ ഉപയോഗപ്രദമാണെന്ന് ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ മെഡിസിന്‍ പ്രൊഫസര്‍ ഡോ നീല്‍ ബര്‍ണാര്‍ഡ് വിശദീകരിക്കുന്നു. വിറ്റാമിന്‍ സി സ്‌കര്‍വിയില്‍ നിന്ന് നാവികരെ രക്ഷിച്ചതായി പഠനത്തില്‍ പറയുമ്പോള്‍ ബീറ്റാ കരോട്ടിന്‍, സി, ഇ വിറ്റാമിനുകള്‍ പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍ മന്ദഗതിയിലാക്കുന്നതായും ഇത് കാഴ്ചശക്തി നഷ്ടപ്പെടുന്നതിലേക്കും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മരണം ഒഴിവാക്കാന്‍ മള്‍ട്ടിവിറ്റാമിനുകള്‍ സഹായിക്കുന്നില്ല എന്നതാണ് പ്രധാന കാര്യം. ശാസ്ത്രം അവിടെയില്ല- ഡോ. നീല്‍ പറഞ്ഞു. മള്‍ട്ടിവിറ്റാമിനുകള്‍ എടുക്കുന്നതിനുപകരം, ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുകയാണ് പ്രധാനം എന്ന് പഠനത്തില്‍ പറയുന്നു. മൈക്രോ ന്യൂട്രിയന്റുകള്‍, മാക്രോ ന്യൂട്രിയന്റുകള്‍, നാരുകള്‍ എന്നിവ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതാണ് ആരോഗ്യത്തിന് നല്ലത്. മള്‍ട്ടി വിറ്റാമിനുകള്‍ താരതമ്യേന വിലക്കുറവുള്ളതാണെങ്കിലും ആരോഗ്യ സംരക്ഷണത്തിനായി മള്‍ട്ടി വിറ്റാമിന് പണം ചെലവിടുന്നത് ഒഴിവാക്കാവുന്നതാണെന്ന് പഠനത്തില്‍ പറയുന്നു.

 

Latest