prathivaram health
അകാരണമായ ക്ഷീണവും തലചുറ്റലും അലട്ടുന്നുണ്ടോ?
പോഷകങ്ങളുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കാം. അതിനാൽ പ്രൊഫഷനൽ മാർഗനിർദേശം തേടുക പ്രധാനമാണ്.

ദൈനംദിന ജീവിതത്തിൽ നന്നായി ഭക്ഷണം കഴിക്കുന്ന നിങ്ങളെ ക്ഷീണവും തല ചുറ്റലും പലപ്പോഴും അലട്ടുന്നുണ്ടോ? ഈ പ്രശ്നങ്ങൾക്ക് പിന്നിൽ, നമ്മുടെ ഭക്ഷണശീലങ്ങളും പോഷകക്കുറവും പ്രധാനമായ കാരണങ്ങളാകാം.ശരീരത്തിന് ആവശ്യമുള്ള മിക്ക പോഷകങ്ങളോടൊപ്പം സൂക്ഷ്മപോഷകങ്ങളായ വിറ്റാമിനുകളും മിനറലുകളും ശരിയായ അളവിൽ ലഭ്യമാകാതെ പോവുന്ന അവസ്ഥ പല ആരോഗ്യപ്രശ്നങ്ങൾക്കും വഴിയൊരുക്കുന്നു, പ്രത്യേകിച്ച് വിറ്റാമിൻ B12-യുടെ കുറവ്, ക്ഷീണവും നാഡീപ്രശ്നങ്ങളും ഉണ്ടാക്കാം.
ഈ പ്രശ്നങ്ങൾ അനുഭവപ്പെടുന്നവരുടെ ഭക്ഷണക്രമത്തിൽ ഇത്തരം പോഷകങ്ങളുടെ അഭാവം കാണപ്പെടാറുണ്ട്. അതിനാൽ, പോഷക സമ്പുഷ്ടമായ ഭക്ഷണം ഉൾപ്പെടുത്തി, അവശ്യ മൈക്രോ ന്യൂട്രിയന്റുകൾ സമതുലിതമായി ലഭ്യമാക്കുക അത്യാവശ്യമാണ്.വിറ്റാമിൻ B12 (കോബലാമിൻ) ആരോഗ്യത്തിനും ശാരീരിക പ്രവർത്തനത്തിനും അനിവാര്യമാണ്. ചുവന്ന രക്താണുക്കളുടെ ഉത്പാദനം, DNA സിന്തസിസ്, നാഡി പ്രവർത്തനം എന്നിവക്ക് ഇത് ആവശ്യമാണ്. ശരീരം ഇത് സംഭരിക്കാത്തതിനാൽ, ഭക്ഷണം അല്ലെങ്കിൽ സപ്ലിമെന്റുകൾ വഴി വിറ്റാമിൻ B12 ലഭ്യമാക്കുക ആവശ്യമാണ്. B12 ന്റെ കുറവ് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം.
വിറ്റാമിൻ B12: പ്രാധാന്യവും പ്രവർത്തനങ്ങളും
നാഡി വ്യവസ്ഥ: വിറ്റാമിൻ B12 നാഡീകോശങ്ങളുടെ പുനർനിർമ്മാണം, പ്രവർത്തനക്ഷമത, ഗതി, മെയ്ലിൻ (myelin) ഉത്പാദനം എന്നിവക്കും നാഡീ പ്രവർത്തനത്തിനും അനിവാര്യമാണ്.
ചുവന്ന രക്താണുക്കളുടെ ഉത്പാദനം: ഓക്സിജൻ വിതരണം ചെയ്യുന്നതിനാവശ്യമായ ചുവന്ന രക്താണുക്കളുടെ (റെഡ് ബ്ലഡ് സെൽ) ഉത്പാദനത്തിന് അനിവാര്യമാണ്. അതിന്റെ കുറവ് മെഗലോബ്ലാസ്റ്റിക് അനീമിയ പോലുള്ള അവസ്ഥകൾക്ക് കാരണമാകാം.
ഊർജ ഉത്പാദനം: വിറ്റാമിൻ B12 ഭക്ഷണത്തിൽനിന്നുള്ള പോഷകങ്ങളെ ശരീരത്തിന് ആവശ്യമായ ഊർജമായി പരിവർത്തിതമാക്കാൻ സഹായിക്കുന്നു. കൂടാതെ, കോശങ്ങളുടെ വളർച്ചയും പുനർനിർമാണവും ശരിയായ രീതിയിൽ നടപ്പിലാക്കാൻ ഇത് സഹായകമാണ്.
ഡി എൻ എ നിർമാണം ( D N A synthesis): കോശവിഭജനത്തിനും ശരിയായ വളർച്ചക്കും ആവശ്യമായ ഡി എൻ എ സിന്തസിസിൽ വിറ്റാമിൻ B12 അനിവാര്യമാണ്.
വിറ്റാമിൻ B12 എവിടെ നിന്ന് ലഭിക്കും?
വിറ്റാമിൻ B12 പ്രധാനമായും മാംസം, കോഴി, മത്സ്യം, മുട്ട, പാലുത്പന്നങ്ങളിൽ ലഭ്യമാണ്.
എന്നാൽ, വിറ്റാമിൻ B12 ന്റെ സസ്യാധിഷ്ഠിത ഉറവിടങ്ങൾ വളരെ പരിമിതമാണ്. ചില സസ്യാഹാരങ്ങളിൽ, ഉദാഹരണത്തിന് പ്രഭാതഭക്ഷണ ധാന്യങ്ങൾ, പോഷക യീസ്റ്റ്, സസ്യാധിഷ്ഠിത പാൽ (eg:-soymilk) തുടങ്ങിയവയിൽ ചെറിയ അളവിൽ വിറ്റാമിൻ B12 കാണപ്പെടാം. എന്നാൽ വെജിറ്റേറിയൻ ഭക്ഷണരീതി അനുവർത്തിക്കുന്നവർക്ക് ഇത് ആവശ്യമായ വിറ്റാമിൻ B12 നൽകുന്നില്ല. B12 സപ്ലിമെന്റുകൾ (ടാബ്ലെറ്റുകൾ, കാപ്‌സ്യൂളുകൾ, ലിക്വിഡ് ഡ്രോപ്പുകൾ) ലഭ്യമാണ്, എന്നാൽ അമിതമായ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാമെന്നതിനാൽ, പുതിയ സപ്ലിമെന്റുകൾ ആരംഭിക്കുന്നതിന് മുന്പ് ഒരു ഡോക്ടറുടെ നിർദേശം സ്വീകരിക്കൽ അനിവാര്യമാണ്.
ശരീരത്തിൽ B12 എങ്ങനെ കുറയുന്നു?
- ഭക്ഷണത്തിലെ അപര്യാപ്തത: സസ്യാഹാരം മാത്രം കഴിക്കുന്നവരിൽ B12 ന്റെ അപര്യാപ്തത കാണാറുണ്ട്.
- ആഗിരണ ക്ഷാമം (malabsorption): ദഹനവ്യവസ്ഥകൾ (ക്രോൺസ് രോഗം, സീലിയക് രോഗം) B12 ശരീരത്തിൽ ആഗിരണം ചെയ്യുന്നത് തടസ്സപ്പെടുത്തുന്നു.
- സ്വയം രോഗപ്രതിരോധ അവസ്ഥകൾ: പെർണിഷ്യസ് അനീമിയ പോലുള്ള അവസ്ഥകൾ, B12 ആഗിരണം തടസ്സപ്പെടുത്തി കുറവിന് കാരണമാകുന്നു.
- ടോക്സിൻ എക്സ്പോഷർ: നൈട്രസ് ഓക്സൈഡ് പോലുള്ള വിഷപദാർഥങ്ങളുമായുള്ള സമ്പർക്കം B12 കുറവിന് കാരണമാകും.
പ്രധാന ലക്ഷണങ്ങൾ
- ക്ഷീണം (അനീമിയ): B12 കുറവിന്റെ പ്രധാന ലക്ഷണം.
- ചർമത്തിലെ നിറമാറ്റം: ഓക്സിജൻ കുറവിന്റെ ഫലമായി ചർമം മഞ്ഞയും വിളറിയതുമായി മാറാം.
- പേശി വേദന: കൈകാലുകളിൽ വേദന, നാഡീവ്യവസ്ഥാപ്രശ്നങ്ങളുണ്ടാകാം.
- മാനസികാരോഗ്യ പ്രശ്നങ്ങൾ: ഉത്കണ്ഠ, വിഷാദം, മനോവിഷമങ്ങൾ
എന്നിവയിൽ വർധനവ്. - പോഷക കുറവിന്റെ കാരണങ്ങൾ:
- പ്രായം: പ്രായമായവരിൽ B12 ആഗിരണം ചെയ്യുന്നത്
കുറവായിരിക്കും. - ആരോഗ്യപ്രശ്നങ്ങൾ: അനീമിയ, ദഹന സംബന്ധമായ പ്രശ്നങ്ങൾ.
- ഭക്ഷണ ശീലങ്ങൾ: സസ്യാഹാര ശീലങ്ങൾ പിന്തുടരുന്നവർക്ക് B12 ലഭ്യമാക്കുന്നത് കുറവായിരിക്കും.
ഭക്ഷണ ക്രമത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- സന്തുലിതാഹാരം: മാംസം, മത്സ്യം, മുട്ട, പാലുത്പന്നങ്ങൾ, ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ അടങ്ങിയ balanced diet പിന്തുടരുക.
- ഭക്ഷണ ശീലങ്ങളിൽ മാറ്റങ്ങൾ വരുത്തുക: വെജിറ്റേറിയൻ ഭക്ഷണക്രമം പാലിക്കുന്നവർ, ശരീരത്തിന് ആവശ്യമായ B12 ലഭിക്കാൻ ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ (ചീസ്, സോയ പാൽ) ഉൾപ്പെടുത്തുക.
- ആരോഗ്യപ്രവർത്തകരുടെ ഉപദേശം: B12 കുറവിന്റെ ലക്ഷണങ്ങൾ കാണുന്നവർ, ഫിസിഷ്യൻ അല്ലെങ്കിൽ ആരോഗ്യപ്രവർത്തകരുടെ മാർഗനിർദേശം സ്വീകരിക്കുക.
- സപ്ലിമെന്റുകൾ: B12 ന്റെ കുറവ് ഉള്ളവർ, ആരോഗ്യപ്രവർത്തകന്റെ നിർദേശപ്രകാരം സപ്ലിമെന്റുകൾ എടുക്കുക. ശരിയായ ഡയറ്റ്, പോഷകങ്ങളുടെ സമതുലിതമായ ഉൾപ്പെടുത്തലും, സപ്ലിമെന്റുകളുടെ സഹായവും ആരോഗ്യസംരക്ഷണത്തിന് അനിവാര്യമാണ്.
പോഷകങ്ങളുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കാം. അതിനാൽ പ്രൊഫഷനൽ മാർഗനിർദേശം തേടുക പ്രധാനമാണ്. പോഷകങ്ങളുടെ ശരിയായ ഉപയോഗം, നമ്മുടെ ദൈനംദിന ജീവിതം കൂടുതൽ സുഖകരവും ആരോഗ്യമുള്ളതുമാക്കുന്നു.