Connect with us

ആത്മായനം

നിങ്ങൾക്ക് വയറു നിറഞ്ഞെന്നോ?

ചെയ്തത് മതിയെന്ന് പറഞ്ഞ് കൈ കഴുകുന്നതിനു മുന്പ് നമുക്ക് പലതും ആലോചിക്കാനുണ്ട്. ബാഹ്യാർഥത്തിൽ നന്മയെന്ന് പറയാവുന്ന ചില കർമങ്ങൾ നമ്മളൊക്കെ ചെയ്യാറുണ്ട്. മികച്ച പ്രവർത്തനമെന്ന് നാലു പേർ പറഞ്ഞ് കാണും, അപ്പോഴും അതിന്റെ ആന്തരിക സ്വഭാവം എന്ത് എന്നതിനെ കുറിച്ചുള്ള ആശങ്ക ബാക്കിയാണ്. നല്ല കാതലുള്ള പ്രവർത്തനങ്ങൾക്കാണ് മൂല്യമുള്ളത്. വീമ്പു പറയാനോ പ്രകടനപരതക്കോ വേണ്ടി ചെയ്യുന്ന കർമങ്ങളുടെ അകം പൊള്ളയായിരിക്കും. നന്മ ചെയ്യിപ്പിക്കാതിരിക്കുകയെന്നതു പോലെ ചെയ്യുന്ന നന്മകളെ ജീവഛവമാക്കുകയെന്നതും പിശാചിന്റെ പ്രവർത്തനമാണ്. അവൻ അത് സദാ സമയം നിർവഹിച്ചു കൊണ്ടിരിക്കും. അതിനിരയായവർ താൻ ചെയ്ത നന്മകൾ കെങ്കേമമാണെന്ന് പറഞ്ഞ് ഞ്ഞെളിയും. അതിന്റെ പ്രചാരണവും അവർ തന്നെ ഏറ്റെടുക്കും.

Published

|

Last Updated

“എനിക്കിതിന് സഹകരിക്കേണ്ട ആവശ്യമൊന്നുമില്ല, ഞാനത്യാവശ്യം റിലീഫൊക്കെ നടത്തുന്ന ആളാണ്’ രണ്ട് മൂന്ന് വർഷങ്ങൾക്കു മുന്നേ ഒരു റിലീഫ് ഫണ്ട് സ്വരൂപിക്കുന്നതിനായി സഹപ്രവർത്തകരുടെ കൂടെ പോകേണ്ടി വന്നു, വീടുകളും കടകളും കയറിയിറങ്ങുന്നതിനിടെ കേട്ട വിചിത്രമായൊരു ഡയലോഗാണിത്. ഞാൻ ചെയ്തതെത്രയോ കൂടുതലാണെന്നും സ്വർഗത്തിലെത്തിക്കാൻ അതു തന്നെ ധാരാളം മതിയെന്നും പറഞ്ഞ് ഏമ്പക്കം വിടുന്ന പലരിൽ ഒരാളാണയാൾ. അയാളോട് കൂടുതൽ സംസാരിക്കുന്നതിന്റെ അനൗചിത്യം മനസ്സിലാക്കിയ ഞങ്ങൾ യാത്ര തുടർന്നു.

കൂട്ടരേ, ചെയ്തത് മതിയെന്ന് പറഞ്ഞ് കൈ കഴുകുന്നതിനു മുന്പ് നമുക്ക് പലതും ആലോചിക്കാനുണ്ട്. ബാഹ്യാർഥത്തിൽ നന്മയെന്ന് പറയാവുന്ന ചില കർമങ്ങൾ നമ്മളൊക്കെ ചെയ്യാറുണ്ട്. മികച്ച പ്രവർത്തനമെന്ന് നാലു പേർ പറഞ്ഞ് കാണും, അപ്പോഴും അതിന്റെ ആന്തരിക സ്വഭാവം എന്ത് എന്നതിനെ കുറിച്ചുള്ള ആശങ്ക ബാക്കിയാണ്. നല്ല കാതലുള്ള പ്രവർത്തനങ്ങൾക്കാണ് മൂല്യമുള്ളത്. വീമ്പു പറയാനോ പ്രകടനപരതക്കോ വേണ്ടി ചെയ്യുന്ന കർമങ്ങളുടെ അകം പൊള്ളയായിരിക്കും. നന്മ ചെയ്യിപ്പിക്കാതിരിക്കുകയെന്നതു പോലെ ചെയ്യുന്ന നന്മകളെ ജീവഛവമാക്കുകയെന്നതും പിശാചിന്റെ പ്രവർത്തനമാണ്. അവൻ അത് സദാ സമയം നിർവഹിച്ചു കൊണ്ടിരിക്കും. അതിനിരയായവർ താൻ ചെയ്ത നന്മകൾ കെങ്കേമമാണെന്ന് പറഞ്ഞ് ഞ്ഞെളിയും. അതിന്റെ പ്രചാരണവും അവർ തന്നെ ഏറ്റെടുക്കും.

ഇനിയെനിക്ക് സുഖിച്ചങ്ങ് സ്വർഗത്തിലെത്താമെന്ന് സ്വയം നിർമിത സർട്ടിഫിക്കറ്റും അയാൾ തരപ്പെടുത്തിയിരിക്കും.ഇതൊന്നും വിശ്വാസിയുടെ സ്വഭാവമല്ല. ചെയ്ത നന്മകളെ കുറിച്ച് ഇതെല്ലാം സ്വീകരിക്കപ്പെട്ടിട്ടുണ്ടാവുമോ എന്ന ആധിയാണവനുണ്ടാവുക. വല്ല സന്തോഷങ്ങളും കയറി വരുമ്പോൾ എനിക്ക് യഥാർഥ ജീവിതത്തിലേക്ക് സുഖങ്ങൾ ബാക്കിയുണ്ടാവില്ലേ എന്ന വേദനയാണവന്. അല്ലാഹു തരുന്ന അനുഗ്രഹങ്ങളോട് തുലനം ചെയ്യുമ്പോൾ ഞാൻ ചെയ്യുന്ന കർമങ്ങളെല്ലാം നിസ്സാരമാണെന്ന വിചാരമാണവന്. നോക്കൂ.

ഏറ്റവും ബൃഹത്തായ കർമമായ കഅബയുടെ പുനർനിർമാണ വേളയിൽ ഇബ്റാഹിം നബി(അ)യും ഇസ്മാഈൽ നബി (അ) യും ചെയ്യുന്ന പ്രാർഥനയിലുണ്ട് നന്മ ചെയ്ത വിശ്വാസിയെടുക്കേണ്ട നിലപാട്. “ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽ നിന്നീ കർമം സ്വീകരിക്കണേ… നീ ശബ്ദങ്ങളെല്ലാം കേൾക്കുന്നവനും കർമങ്ങളെല്ലാം അറിയുന്നവനുമത്രേ’ (സൂറ ബഖറ: 127) എന്നായിരുന്നു അത്. ചെയ്ത കർമത്തെ സ്വീകരിക്കണമേ എന്ന വിനീതമായ തേട്ടം നല്ല മനുഷ്യന്റെ ലക്ഷണമാണ്. സൃഷ്ടികളെ ബോധ്യപ്പെടുത്താനല്ല സ്രഷ്ടാവിന്റെ തൃപ്തി ലഭിക്കാനാണിതെല്ലാം എന്ന ധ്വനി അതിലുണ്ട്. അടിമയുടെ വിനയ ഭാവം ആ പ്രാർഥനയിലുണ്ട്.

“പുണ്യ കർമങ്ങളാൽ വയറു നിറഞ്ഞെന്ന് ഒരിക്കലും വിശ്വാസികൾക്ക് തോന്നില്ല’ (തിർമുദി 2687) എന്ന തിരുദൂതരുടെ സന്ദേശം കൂടി വായിക്കണം. ഏതെങ്കിലും നേരത്ത് ഏതോ പ്രേരണയുടെ പുറത്ത് എന്തോ ചെയ്ത് വിരമിക്കുന്നവനല്ല വിശ്വാസി. അവൻ ആത്മാർഥതയോടെ നന്മകളിൽ നിരതനായിരിക്കും. ഇതുകൊണ്ട് മതിയാക്കാമെന്ന് അവൻ ആലോചിക്കുകയില്ല. ചെയ്യുന്നതിനെ കളങ്കരഹിതമാക്കാൻ അവൻ ബദ്ധശ്രദ്ധനായിരിക്കും. അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള കർമമേതെന്ന ചോദ്യത്തിന് എത്ര ചെറുതെങ്കിലും സ്ഥിരതയുള്ളതിനേയാണ് എന്നായിരുന്നു തിരുനബി(സ)യുടെ മറുപടി. സമ്പത്തും ആരോഗ്യവും ധിഷണാ ബോധവുമൊക്കെ അല്ലാഹു തരുന്ന അനുഗ്രഹങ്ങളാണ്.

സഹജീവികളെ പരിഗണിക്കുന്നതടക്കമുള്ള നന്മകൾക്കായി അവയെല്ലാം നിരന്തരം ഉപയോഗപ്പെടുത്തുകയും വേണം. അത്തരം നന്മകൾ ചെയ്യാനുള്ള ശേഷിയും സാഹചര്യവും സൗകര്യവും ഒരുക്കി തരുന്നതും അല്ലാഹുവിന്റെ അനുഗ്രഹം തന്നെയാണ്. ചെയ്യാൻ അവസരം തന്നതിന് അല്ലാഹുവോട് നന്ദി പ്രകാശിപ്പിക്കുന്നതിന് പകരം വീമ്പു പറയുന്നത് അപക്വതയാണ്. അഞ്ഞൂറ് വർഷം സമുദ്രത്താൽ ചുറ്റപ്പെട്ട ഗിരിശൃംഖത്തിൽ ആരാധനയിൽ മാത്രം കഴിഞ്ഞ ഒരു മനുഷ്യന്റെ അനുഭവം ജിബ്്രീൽ(അ) നബി(സ)യോട് അവതരിപ്പിക്കുന്നതിന്റെ വിവരണം ഇമാം ബൈഹഖി എഴുതിയത് കാണാം. കടലിന്റെ ലവണങ്ങളൊന്നും ബാധിക്കാത്ത ഒരു തണ്ണീരരുവിയിൽ നിന്നാണ് അദ്ദേഹം ദാഹം തീർത്തത്.

അയാൾക്കരികെയുണ്ടായിരുന്ന റുമ്മാൻ വൃക്ഷം അദ്ദേഹത്തിന്റെ വിശപ്പുമകറ്റി. ആരാധനക്കിടെ സുജൂദിൽ അന്ത്യശ്വാസം വലിക്കണമെന്ന അയാളുടെ ആഗ്രഹം സഫലമായി. എന്റെ കാരുണ്യത്താൽ എന്റെ അടിമക്ക് സ്വർഗ പ്രവേശമേകൂ എന്ന ദൈവിക കൽപ്പന കേൾക്കേ ” അല്ല , എന്റെ കർമങ്ങളാൽ’ എന്ന് അയാൾ തിരുത്തി. രണ്ടാമതും എന്റെ കാരുണ്യത്താൽ എന്ന് ദൈവിക കൽപ്പന ഉണ്ടായപ്പോഴും അയാൾ തിരുത്തി. പിന്നീട് മാലാഖമാരോട് ഇയാൾക്ക് നാം നൽകിയ കാഴ്ചശക്തിയെയും ഇയാൾ കാലാകാലം ചെയ്ത ആരാധനകളെഴും തുലനം ചെയ്യാനായി നിർദേശിക്കപ്പെട്ടു. അങ്ങനെ ചെയ്തപ്പോൾ കാഴ്ചശക്തി കനം വെച്ച് തൂങ്ങി. അഞ്ഞൂറ് വർഷത്തെ കർമങ്ങൾ അതിനു മുന്നിൽ നിസ്സാരമായിരുന്നു. അയാളുടെ അഹന്ത അയാളെ നരകത്തിലേക്ക് വലിച്ചിഴച്ചു. രക്ഷിതാവേ.. അങ്ങയുടെ കാരുണ്യം കൊണ്ട് തന്നെ എന്ന് അയാൾ അപ്പോഴും വിളിച്ചാർക്കുന്നുണ്ടായിരുന്നു (ശുഅബുൽ ഈമാൻ) അല്ലാഹു തന്ന ലളിതമായൊരു അനുഗ്രഹത്തിന് പോലും പകരം നൽകുകയെന്നത് ആയുഷ്കാലം മുഴുവൻ വിയർത്താലും, എല്ല് നുറുങ്ങിയാലും അസാധ്യമാണ്.

പറുദീസയുടെ ഉദ്ഘാടനം നിർവഹിക്കേണ്ട തിരുനബി(സ) അർധരാത്രിയിലും ദൈർഘ്യമേറിയ നിസ്കാരങ്ങളിൽ മുഴുകിയത്, കാലിൽ നീര് വന്ന് തടിച്ചത്, രോഗക്കിടക്കയിൽ നിന്നും താങ്ങിപ്പിടിച്ച് പള്ളിയിലെത്തിയത് എല്ലാം സ്രഷ്ടാവിനോടുള്ള നന്ദിയെ സാധ്യമാകും വിധം ജ്വലിപ്പിച്ചു നിർത്താനായിരുന്നു. കൈയിലെത്തിയ സമ്പത്ത് ദാനം ചെയ്യും വരെ തിരുനബി(സ)ക്ക് ഉള്ളിൽ കനലെരിഞ്ഞു. അപരന്റെ വേദന തീരുവോളം അവിടുത്തെ ഹൃദയം നൊന്തു. ഞാൻ ചെയ്തതൊക്കെ മേത്തരം, എന്റെ കൈയിലല്ലേ സ്വർഗത്തിന്റെ താക്കോൽ, എനിക്കല്ലേ പദവികളെല്ലാം എന്ന ആലോചന അശേഷം നബി (സ)യെ തീണ്ടിയില്ല. ഈ വെളിച്ചക്കോലാണ് തിരുനബി (സ) യിൽ നിന്ന് തലമുറകളിലേക്ക് വെട്ടമായി പടർന്നത്. എപ്പോഴാണ് മരണമെന്ന് നിശ്ചയമില്ലാത്തതിനാൽ അനു നിമിഷം ഇടമുറിയാതെ നന്മകളിൽ വ്യാപൃതരാവുകയായിരുന്നു മഹത്തുക്കൾ.

അവർക്കൊന്നും നന്മകളെ പറ്റി വയറു നിറഞ്ഞതായി തോന്നിയില്ല. വീണ്ടും വീണ്ടും നന്മ ചെയ്യാനവർക്കു വിശന്നു. സ്വഹാബികളുടെ സുന്നത്ത് നിസ്കാരങ്ങളുടെ ഏറ്റവും കുറഞ്ഞ എണ്ണം നൂറ് റക്അത്തായിരുന്നു (ഇഹ്‌യാ 1/359) നോമ്പും സ്വദഖയും ഇഅ്തികാഫും അറിവന്വേഷണവും പ്രബോധനവും ഖുർആൻ പാരായണവും സാന്ത്വന പ്രവർത്തനങ്ങളും തുടങ്ങി വൈയക്തിക സാമൂഹിക നന്മകളിൽ അവർ സദാ വ്യാപൃതരായി. അപ്പോഴൊക്കെയും സ്രഷ്ടാവിതൊന്ന് സ്വീകരിച്ചു കാണുമോ എന്ന ആശങ്ക അകമേ മദിച്ചു. ചെയ്തതിനെ പ്രതി നെഞ്ചു നിവർത്താതെ വിനയാന്വിതരായി, ഒന്ന് കഴിഞ്ഞ് മറ്റൊന്നിലേക്കവർ നടന്നു. ഒരു നന്മയിൽ നിന്ന് വിരമിച്ചാൽ മറ്റൊന്നിൽ വ്യാപൃതമാകണമെന്നല്ലോ സൂറ: ശർഹിന്റെ പാഠം.

Latest