Business
ക്രെഡിറ്റ് കാർഡ് എടുക്കാൻ പോകുകയാണോ? ഇക്കാര്യങ്ങൾ സൂക്ഷിക്കണേ!
ക്രെഡിറ്റ് കാർഡ് സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ തലവേദന ആകും എന്ന് ഉറപ്പ്.
ഇന്നത്തെ കാലത്ത് ക്രെഡിറ്റ് കാർഡ് ഇല്ലാത്തവർ വളരെ ചുരുക്കം ആയിരിക്കും. പ്രത്യേകിച്ച് മാസശമ്പളം കൈപ്പറ്റുന്നവർ. മാസത്തിന്റെ പകുതിയാവുമ്പോഴേക്കും ശമ്പളം തീർന്നാൽ പലരും പിന്നീട് ആശ്രയിക്കുന്നത് ക്രെഡിറ്റ് കാർഡിനെയാണ്. എന്നാൽ ക്രെഡിറ്റ് കാർഡ് ഒരു ഭീഷണി കൂടിയാണ്. സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ തലവേദന ആകും എന്ന് ഉറപ്പ്.
ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുന്നത് മുതൽ അത് ഉപയോഗിക്കുന്നതുവരെ എല്ലാം സൂക്ഷിച്ചുവേണം. ക്രെഡിറ്റ് കാര്‍ഡ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിരവധിയാണ്. അതായത് ഒരാളുടെ ജീവിത രീതിക്ക് അനുയോജ്യമായ ക്രെഡിറ്റ് കാര്‍ഡ് വേണം തിരഞ്ഞെടുക്കാൻ. കാര്‍ഡ് നല്‍കുന്ന നേട്ടങ്ങള്‍, ഉപഭോക്താവിന്റെ ചെലവഴിക്കല്‍ ശീലങ്ങള്‍, സാമ്പത്തിക ലക്ഷ്യങ്ങള്‍, കാര്‍ഡ് എവിടെയൊക്കെ ചെലവഴിക്കാം എന്നിവയൊക്കെ ഇതിനായി പരിഗണിക്കണം.
ക്രെഡിറ്റ് കാർഡ് തെരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.
ചെലവഴിക്കല്‍ സ്വഭാവം
ദിവസേനയുള്ള ചെലവഴിക്കല്‍ രീതി കൃത്യമായി വിലയിരുത്തണം. അത് ഭക്ഷണം, യാത്ര, വീട്ടു സാധനങ്ങള്‍, വസ്ത്രം എന്നിവയ്‌ക്കെല്ലാമുള്ള ചെലവഴിക്കല്‍ അടിസ്ഥാനമാക്കി വേണം കണ്ടെത്താന്‍. ഓരോ ക്രെഡിറ്റ് കാര്‍ഡും ഓരോ ചെലവഴിക്കലിന് വ്യത്യസ്ത റിവാര്‍ഡുകളും നേട്ടങ്ങളുമാണ് നല്‍കുന്നത്. ഉപഭോക്താവിന്റെ ചെലവഴിക്കല്‍ ശീലം കണ്ടെത്തിയാല്‍ അനുയോജ്യമായ കാര്‍ഡും കണ്ടെത്താം.
റിവാര്‍ഡ് പ്രോഗ്രാമുകള്‍
ഓരോ ക്രെഡിറ്റ് കാര്‍ഡിന്റെയും റിവാര്‍ഡ് പോയിന്റുകള്‍ വ്യത്യസ്തമാകും. കാര്‍ഡ് എടുക്കും മുമ്പ് അതിന്റെ റിവാര്‍ഡ് പ്രോഗ്രാം മനസിലാക്കേണ്ടതുണ്ട്. ചില കാര്‍ഡുകള്‍ കാഷ് ബാക്ക് ഓഫറുകള്‍ നല്‍കും, ചിലത് ട്രാവല്‍ പോയിന്റുകള്‍, മൈല്‍സ് എന്നിവയാണ് നല്‍കുന്നത്. നിങ്ങളുടെ ചെലവഴിക്കല്‍ രീതിക്കനുയോജ്യമായ റിവാര്‍ഡ് പോയിന്റ് നല്‍കുന്ന കാര്‍ഡ് തെരഞ്ഞെടുക്കാം.
വാര്‍ഷിക ഫീസ്
ക്രെഡിറ്റ് കാര്‍ഡിന് വാര്‍ഷിക ഫീസ് ഉണ്ടോ എന്ന് നോക്കണം. ചില കാര്‍ഡുകള്‍ വിലയേറിയ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുമെങ്കിലും, വാര്‍ഷിക ഫീസ് ഉയര്‍ന്നതാകും. അതുകൊണ്ട് വാര്‍ഷിക ഫീസ് എത്രയാണെന്ന് പരിശോധിക്കേണ്ടതുണ്ട്.
പലിശ
ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട പലിശനിരക്ക് നിർബന്ധമായും അറിഞ്ഞിരിക്കണം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒരുമാസം തിരിച്ചടയ്ക്കാനുള്ള തുകയുടെ ബാലന്‍സ് അവശേഷിച്ചാല്‍ അതിന് ഒരു പലിശ ഈടാക്കും. അതിനാൽ കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന കാര്‍ഡ് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാം.
പുതിയ കാര്‍ഡിന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍
ചില കാര്‍ഡുകള്‍ പുതിയതായി എടുക്കുമ്പോള്‍ നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യാറുണ്ട്. ആദ്യത്തെ കുറച്ചു മാസങ്ങളില്‍ ആന്വല്‍ പെര്‍സന്റേജ് റേറ്റ് സൗജന്യമായിരിക്കും. അല്ലെങ്കില്‍ ബോണസ് റിവാര്‍ഡുകള്‍ ലഭിക്കും. ഇവയെല്ലാം എങ്ങനെ നിങ്ങളുടെ സാമ്പത്തിക ആസൂത്രണവുമായി യോജിച്ചു പോകുന്നുവെന്ന് ഉറപ്പാക്കാം.
വായ്പാ പരിധി
വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് പരിധി നിങ്ങളുടെ ആവശ്യകതകള്‍ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുക. ഗണ്യമായ പ്രതിമാസ ചെലവുകളുള്ളവര്‍ക്ക് ഉയര്‍ന്ന ക്രെഡിറ്റ് പരിധി ഗുണം ചെയ്യും.
അധിക നേട്ടങ്ങള്‍
ട്രാവല്‍ ഇന്‍ഷുറന്‍സ്, പര്‍ച്ചേസ് പരിരക്ഷ അല്ലെങ്കില്‍ എയര്‍പോര്‍ട്ട് ലോഞ്ചുകളിലേക്കുള്ള പ്രവേശനം തുടങ്ങിയ അധിക ആനുകൂല്യങ്ങള്‍ ഉണ്ടോയെന്ന് നോക്കാം. നിങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരു കാര്‍ഡ് തിരഞ്ഞെടുക്കുക.
ക്രെഡിറ്റ് കാര്‍ഡ് ഗുണമേന്മ
നമുക്ക് ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്ന സ്ഥാപനത്തിന്റെ സേവനം പരിശോധിക്കുക. വിശ്വസനീയമായ ഉപഭോക്തൃ സേവനവും സുരക്ഷയും ഉറപ്പാക്കുന്നതിന് നന്നായി പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള കാര്‍ഡുകള്‍ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.